പുള്ളിപ്പുലികളുടെ വിഹാരകേന്ദ്രമായ ബന്നാർഘട്ട ബയോളജിക്കൽ പാർക്കിൽ "പുള്ളിപ്പുലി സഫാരി' ആരംഭിക്കാനുള്ള നടപടികൾ അവസാനഘട്ടത്തിൽ. സിംഹം-കടുവ സഫാരി മാതൃകയിൽ പുള്ളിപ്പുലി സഫാരി ആരംഭിക്കുന്ന കാര്യം കർണാടക വനം പരിസ്ഥിതി മന്ത്രി ഈശ്വർ ഖണ്ഡ്രെയാണ് അറിയിച്ചത്. വന്യമൃഗങ്ങൾ പരിശീലിപ്പിക്കപ്പെടുന്നതിന്റെയും അവയുമായുള്ള ബന്ധത്തെയും ആശ്രയിച്ചിരിക്കുന്നുവെന്ന് ബയോളജിക്കൽ പാർക്ക് അധികൃതർ പറഞ്ഞു.
പ്രകൃതിസ്നേഹികൾ ഏറെക്കാലമായി കാത്തിരുന്ന സ്വപ്ന പദ്ധതിയാണിത്. 45 ദിവസത്തിനുള്ളിൽ പുള്ളിപ്പുലി സഫാരി യാഥാർഥ്യമാക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രമം. അതേസമയം മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാക്കിയാൽ പദ്ധതി മേയ് കഴിഞ്ഞതിനുശേഷമായിരിക്കാം ആരംഭിക്കുക. ഇരുപതു ഹെക്ടർ ഭൂമിയാണ് സഫാരിക്കായി വികസിപ്പിച്ചെടുത്തത്. മൃഗങ്ങൾക്കു രക്ഷപ്പെടാൻ പഴുതുനൽകാതെ ഉയരമുള്ള മരങ്ങൾ വേലിയിൽനിന്ന് അകറ്റിയാണ് ഉയർന്ന മെഷ് സ്ഥാപിച്ചത്. ഇരുപതു പുള്ളിപ്പുലികളെ പാർപ്പിക്കാൻ സ്ഥലമുണ്ട്, എന്നാൽ പന്ത്രണ്ട് പുള്ളിപ്പുലികളാണ് ഉള്ളത്.മൃഗങ്ങൾ വഴക്കില്ലാത്ത വിധം പരസ്പരം ഇണങ്ങിക്കഴിയാൻ ശീലിപ്പിക്കുകയാണിപ്പോൾ.
പ്രദർശനത്തിൽ സൂക്ഷിക്കുന്ന എല്ലാ പുള്ളിപ്പുലികളും ഒരു വയസ് പ്രായമുള്ളവയും മൃഗശാലയുടെ പരിചരണത്തിൽ വളർത്തുന്നവയുമാണ്. ബന്നാർഘട്ടിയിൽ 70 പുള്ളിപ്പുലികളും 19 കടുവകളും 19 സിംഹങ്ങളുമാണുള്ളത്.