ചുരക്ക നിസാരക്കാരനല്ല; അറിയാം ഔഷധഗുണങ്ങൾ

Update: 2023-12-05 10:18 GMT

ഔഷധ ഗുണമുള്ള ചുരക്ക മലയാളികൾ പൊതുവേ പാചകം ചെയ്തു കഴിക്കാറില്ല. സാവാളയും കടല പരിപ്പും പച്ചമുളകും അൽപ്പം മഞ്ഞൾപ്പൊടിയും ചുരക്കയും ഒരുമിച്ചു വറ്റിച്ചെടുക്കുന്ന ചുരക്ക കറി വടക്കേ ഇന്ത്യയിൽ പ്രിയമേറിയ ഡിഷ് ആണ്. കുക്കുർബിറ്റേസി കുലത്തിൽ പെട്ട ചുരക്കയെ ഇംഗ്ലീഷിൽ Bottle gourd എന്ന് പറയുന്നു.

വിവിധതരം ചുരക്കകളുണ്ട്

പാൽച്ചുരക്ക, കുംഭച്ചുരക്ക, കയ്പ്പച്ചുരക്ക എന്നിങ്ങനെ മൂന്നു വിധത്തിൽ ചുരക്കയുണ്ട്. ഇതിൽ പാൽച്ചുരക്കയും കുംഭച്ചുരക്കയുമാണ് (കുമ്മട്ടിക്കായ) കേരളത്തിലെ നാട്ടിൻപുറങ്ങളിൽ സാധാരണ കണ്ടുവരുന്നത്.

പ്രത്യേകതകൾ

ചുരക്കയിൽ തൊണ്ണൂറു ശതമാനത്തോളം ജലാംശം അടങ്ങിയിരിക്കുന്നു. ഇതിൽ ധാരാളം ഭക്ഷ്യയോഗ്യമായ നാരുകൾ അടങ്ങിയിട്ടുണ്ട്. കൂടാതെ ഊർജവും കൊഴുപ്പും ചുരക്കയിൽ കുറവാണ്. ശരീരഭാരം കുറയ്ക്കാൻ രാവിലെ പ്രാതലിനു മുമ്പായി ചുരക്കനീർ കുടിക്കുന്നത് ഫലപ്രദമാണ്. കൃഷിചെയ്താൽ നല്ല വിളവു തരുന്ന വിളയാണ് ചുരക്ക. ആർക്ക ബഹാർ എന്ന ഇനം ആണ് സാധാരണ ചുരക്ക കൃഷിയ്ക്ക് ഉപയോഗിച്ച് വരുന്നത്. ശരാശരി ഒരു ചുരക്കയ്ക്ക് ഒരു കിലോഗ്രാം തൂക്കം ഉണ്ടാവും. ഒരു ഹെക്ടറിൽ നിന്ന് 2530 ടൺ ശരാശരി ലഭിക്കും. രണ്ട് സീസൺ ആയി ഇത് കൃഷിചെയ്യാം. നടീൽ സമയം സെപ്റ്റംബർ മുതൽ ഒക്ടോബർ വരെയും ജനുവരി ഫെബ്രുവരി മാസത്തിലും ആണ്.

ഉപയോഗങ്ങൾ

ചുരക്കത്തണ്ട് ആയുർവേദ മരുന്നുനിർമാണത്തിന് ഉപയോഗിക്കുന്നു. ചുരക്ക കോൽപുളി ചേർത്ത് പാകം ചെയ്ത് കഴിച്ചാൽ പിത്തകോപത്താലുണ്ടാകുന്ന എല്ലാ രോഗങ്ങൾക്കും നല്ലതാണ്. പ്രത്യേകിച്ചും മഞ്ഞപ്പിത്തം, മഹോദരം എന്നീ രോഗങ്ങൾക്ക് നല്ല ഫലം ചെയ്യും. ചുരക്ക പിഴിഞ്ഞെടുക്കുന്ന നീര് തലവേദനയ്ക്ക് അത്യുത്തമമാണ്. ചുരക്ക ചെറുക്ക ചേർത്ത് പാകപ്പെടുത്തി ഉപയോഗിച്ചാൽ പനി വേഗം മാറുന്നതാണ്. സ്ത്രീകൾക്കുണ്ടാകുന്ന അസ്ഥിസ്രാവം, ആർത്തവസംബന്ധമായ അസുഖങ്ങൾ എന്നിവക്ക് വളരെ ഗുണംചെയ്യുന്നതാണ് ചുരക്ക.

ചുരക്ക ബാർലി കൂട്ടിയരച്ച് ഗോതമ്പുമാവ് ചേർത്ത് പാകപ്പെടുത്തി പഞ്ചസാര കൂട്ടിക്കഴിച്ചാൽ തലപുകച്ചിൽ, ചെങ്കണ്ണ് മുതലായ രോഗങ്ങൾക്ക് അത്യുത്തമമാണ്. ഇത് ശോധനയുണ്ടാക്കുന്നതും ആമാശയത്തിലും അതിനോടനുബന്ധിച്ചുള്ള അവയവങ്ങളിലുമുണ്ടാകുന്ന തടസങ്ങളെ നീക്കുന്നതുമാണ്. ചുരക്കയുടെ ഉള്ളിലെ കാമ്പ് വേവിച്ച് കഴിച്ചാൽ വൃക്കരോഗത്തിന് ഏറ്റവും ഫലപ്രദമാണ്. ചുരക്കനീര് ഒലീവ് എണ്ണ ചേർത്ത് കാച്ചി അരിച്ചെടുത്ത എണ്ണ തേച്ചാൽ രാത്രിയിൽ നല്ല ഉറക്കം കിട്ടും. ചുരക്കയിലെ മൂന്നാമത്തെ ഇനമായ കൈപ്പച്ചുരക്ക നല്ല ഔഷധഫലം നൽകുന്നതാണ്. കൈപ്പച്ചുരക്ക കഷായമാക്കി പിഴിഞ്ഞരിച്ച് പഞ്ചസാര ചേർത്ത് പാകമാക്കി ഉപയോഗിച്ചാൽ മഞ്ഞപ്പിത്തവും എല്ലാ വിധത്തിലുള്ള നീരുവീഴ്ചയും പനിയും ഭേദമാകുന്നതാണ്. ചുരക്കാത്തോട് ഉണക്കിയെടുത്ത് അതിൽ വെള്ളം വച്ച് 24 മണിക്കൂറിനു ശേഷം കഴിച്ചാൽ പ്രമേഹത്തിനു ശമനം കിട്ടും.

Tags:    

Similar News