ചക്കയുടെ സീസൺ കഴിഞ്ഞിട്ടില്ല. ചക്ക കഴിക്കാൻ മാത്രമല്ല, സൗന്ദര്യവർധനയ്ക്കും ഉപയോഗിക്കാം. ചക്ക നല്ല ചർമസൗന്ദര്യവർധക വസ്തുവാണ്. പലരും വീട്ടിൽ പരീക്ഷിക്കുന്നതാണ് ചക്ക കൊണ്ടുള്ള ചർമസംരക്ഷണ പൊടിക്കൈകൾ.
ചക്ക ഉപയോഗിച്ച് ചർമ സംരക്ഷണ ഫെയ്‌സ്പാക്ക് എങ്ങനെ ചെയ്യാമെന്നു നോക്കാം.
ആവശ്യമുള്ള വസ്തുക്കൾ
ഉണങ്ങിയ ചക്കക്കുരു - 10 എണ്ണം
പാൽ - കാൽ കപ്പ്
തേൻ - ഒരു ടീസ്പൂൺ.
ഇവ മൂന്നും ചേർത്ത് അരച്ചെടുത്താൽ ഫെയ്‌സ്പാക്ക് തയാർ. ഇനി സ്പാറ്റുല അല്ലെങ്കിൽ വിരലുപയോഗിച്ച് മുഖത്തും കഴുത്തിലും പുരട്ടുക. 20 മിനിറ്റിനു ശേഷം ഇളം ചൂടുള്ള വെള്ളത്തിൽ കഴുകിക്കളയുക. ആഴ്ചയിൽ ഒരു പ്രാവശ്യം വച്ച് ഒരു മാസം ഇതു ചെയ്യുന്‌പോഴേക്കും മുഖത്തിനു നല്ല തിളക്കമുണ്ടാകും.
മുഖക്കുരു
ചക്കയുടെ പൾപ്പ് എടുത്ത് മുഖത്ത് പുരട്ടി 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകുക. ആഴ്ചയിൽ രണ്ടോ-മൂന്നോ തവണ ചെയ്യുന്നത് മുഖക്കുരു ഒഴിവാക്കാൻ സഹായകമാണ്.
ഓയിലി സ്‌കിൻ
അഞ്ച് ചക്കച്ചുള (പഴുത്തത്) എടുത്ത് ഒരു ടീസ്പൂൺ ഒലിവ് ഓയിലും ചേർത്ത് അരച്ചെടുക്കുക. ആ മിശ്രിതം 30 മിനിറ്റ് മുഖത്തും കഴുത്തിലും പുരട്ടുക. ശേഷം ഇളം ചൂടു വെള്ളത്തിൽ കഴുകാം.
(ഏതു സൗന്ദര്യവർധക വസ്തുവും ഉപയോഗിക്കുന്നതിനു മുന്‌പേ അലർജി ഇല്ലെന്നുള്ള ഉറപ്പു വരുത്തേണ്ടതാണ്. അൽപ്പമെടുത്ത് ചെവിക്കു പിന്നിൽ പുരട്ടി അലർജി ഇല്ലെന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രം ഉപയോഗിക്കുക.)