ഇടുക്കി എന്നും സഞ്ചാരികളുടെ പറുദീസയാണ്. വിദേശസഞ്ചാരികൾ ധാരളമെത്തുന്ന ജില്ലകൂടിയാണ് ഇടുക്കി. മാത്രമല്ല, സാഹസിക സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടം കൂടിയാണ് ഇടുക്കി എന്ന സുന്ദരി. തമിഴ്നാട് അതിർത്തിയോടു ചേർന്നുള്ള ആമപ്പാറയിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ഇക്കോ ടൂറിസം പദ്ധതി നിർമാണം പൂർത്തീകരിച്ച് ഉദ്ഘാടനത്തിനൊരുങ്ങിയിരിക്കുകയാണ്.
നെടുങ്കണ്ടം-തൂക്കുപാലം-രാമക്കൽമേട്ടിൽനിന്ന് ആറ് കിലോമീറ്റർ മാത്രം അകലെയുള്ള ആമപ്പാറയിൽ 'ജാലകം എക്കോ ടൂറിസം കേന്ദ്രം' സമർപ്പിക്കുന്നതോടെ ജില്ലയുടെ വിനോദസഞ്ചാര ഭൂപടത്തിലെ ഹോട്ട് സ്പോട്ടായി മാറും ആമപ്പാറ.
രാമക്കൽമേട്-ആമപ്പാറയിൽ സഞ്ചാരികളെത്തുന്നവർക്കു ജീപ്പിലൂടെയുള്ള സാഹസികയാത്രയും ആസ്വദിക്കാം. അത്രയ്ക്കു മനോഹരമാണ് ആ യാത്ര. ദൂരക്കാഴ്ചയിൽ ആമയുടെ രൂപത്തോട് സാദൃശ്യമുള്ള ഈ പാറയിലേക്ക് കഷ്ടിച്ച് ഒരാൾക്ക് മാത്രം പോകാൻ കഴിയുന്ന നടപ്പാതയാണുള്ളത്. കൂറ്റൻ പാറയ്ക്കു ചുവട്ടിലായി രണ്ട് വലിയ പൊത്തുകൾ കാണാം. ഒന്നിലൂടെ കയറി മറ്റേ പൊത്തിലൂടെ പുറത്തിറങ്ങാം. രാമക്കൽമേട്ടിലെ കുറുവൻ-കുറത്തി ശിൽപം, മലമുഴക്കി വേഴാമ്പൽ വാച്ച് ടവർ, കോടമഞ്ഞ് പുതച്ച മലനിരകൾ, താഴ്വരയിൽ തമിഴ് നാടിന്റെ നാട്ടുചന്തം, മനോഹരമായ കൃഷിയിടങ്ങൾ, കാറ്റാടി യന്ത്രങ്ങൾ തുടങ്ങി ആകാശക്കാഴ്ചയുടെ വിശാല ലോകമാണ് ആമപ്പാറ തുറക്കുന്നത്.
നെടുങ്കണ്ടം രാമക്കൽമേട് റോഡിൽ തൂക്കുപാലത്തുനിന്ന് നാല് കിലോമീറ്റർ സഞ്ചരിച്ചാൽ തോവാളപ്പടി ജംഗ്ഷനിലെത്തും. അവിടെനിന്ന് ജീപ്പിൽ ആമപ്പാറയിലെത്താം. സഞ്ചാരികൾക്കായി ധാരാളം സർവീസുകൾ അവിടെ ലഭിക്കും, വിവിധ പാക്കേജുകളും.