മഴക്കാലം ആരംഭിക്കുകയായി. വെള്ളച്ചാട്ടങ്ങളും സജീവമായി. മലപ്പുറം ജില്ലയിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് ഏറെ ആകർഷിക്കുന്നതാണ് ആഢ്യൻപാറ വെള്ളച്ചാട്ടം. ചാലിയാർ പഞ്ചായത്തിലാണ് ആഢ്യൻ പാറ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഇതിന് ഏകദേശം 300 അടിയോളം ഉയരമുണ്ട്.
നിത്യഹരിത വനങ്ങളിൽനിന്ന് ഉത്ഭവിക്കുന്ന, വേനൽകാലങ്ങളിൽ പോലും വറ്റാത്ത നീരുറവകളുള്ള കാഞ്ഞിരപ്പുഴയിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. കോഴിക്കോടിനും മലപ്പുറത്തിനും ഇടയ്ക്കുള്ള മലനിരകളിൽനിന്ന് ഉത്ഭവിക്കുന്ന കാഞ്ഞിരപ്പുഴ ചാലിയാറിൻറെ ഒരു കൈവഴിയാണ്. നിലമ്പൂരിലെ ചാലിയാർ പഞ്ചായത്തിലൂടെ ഒഴുകുന്ന കാഞ്ഞിരപ്പുഴ ചാലിയാർമുക്കിൽവച്ചാണ് ചാലിയാറുമായി ചേരുന്നത്.
ഹരിതാഭമാണ് വെള്ളച്ചാട്ടത്തിനു സമീപമുള്ള പ്രകൃതി. വളരെ ശുചിത്വമുള്ള പരിസരവും നീന്തിത്തുടിക്കാവുന്ന നീരൊഴുക്കും ആഢ്യൻപാറയുടെ പ്രത്യേകതയാണ്. ഇവിടുത്തെ ജലത്തിന് ഔഷധ ഗുണമുണ്ടെന്നു പൊതുവെ കരുതപ്പെടുന്നു. മലപ്പുറത്തു നിന്നും ആഢ്യൻപാറയിലേക്കു ഗതാഗത സൗകര്യമുണ്ട്. ജില്ലയിലെ മനോഹരമായ പ്രദേശങ്ങളിലൊന്നാണിത്. നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 16 കിലോമീറ്റർ ദൂരമാണ് ആഢ്യൻപാറയിലേക്കുള്ളത്.