സൂക്ഷിച്ചില്ലെങ്കിൽ മാരകമായി മാറിയേക്കാം ഡെങ്കിപ്പനി. ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. ഈഡിസ് ഇല്ലെങ്കിൽ ഡെങ്കിപ്പനിയുമില്ല. ഈഡിസ് മുട്ടയിട്ടു വളരുന്ന ഇടങ്ങളും സാഹചര്യങ്ങളും ഒഴിവാക്കുകയാണ് ചെയ്യേണ്ടത്. ഈഡിസ് കൊതുകുകൾ സാധാരണ മുട്ടയിടുന്ന സ്ഥലങ്ങളായ ചിരട്ട, ടയർ, കുപ്പി, ആട്ടുകല്ല്, ഉപയോഗ ശൂന്യമായ പാത്രങ്ങൾ, വെളളം കെട്ടിനിൽക്കാവുന്ന സാധനങ്ങൾ തുടങ്ങിയവ ശരിയായ രീതിയിൽ സംസ്‌കരിക്കുകയോ വെളളം വീഴാത്ത സ്ഥലങ്ങളിൽ സൂക്ഷിക്കുകയോ ചെയ്യുക. മഴക്കാലത്ത് ടെറസിനു മുകളിലും സൺഷേഡിലും വെളളം കെട്ടി നിൽക്കാൻ അനുവദിക്കരുത്.
റഫ്രിജറേറ്ററിനു പുറകിലുളള ട്രേ, ചെടിച്ചട്ടിക്കിടയിലെ പാത്രം, പൂക്കളും ചെടികളും നിൽക്കുന്ന പാത്രം, ടെറസ്, ടാങ്ക് എന്നിവയിലെ വെളളം ആഴ്ചയിലൊരിക്കൽ പൂർണമായും നീക്കം ചെയ്യണം. ജലം സംഭരിച്ചു വയ്ക്കുന്ന ടാങ്കുകളും പാത്രങ്ങളും സിമൻറ് തൊട്ടികളും മറ്റും കൊതുക് കടക്കാത്ത വിധം മൂടിവയ്ക്കുക. ഇവയിലെ വെളളം ആഴ്ചയിലൊരിക്കൽ ചോർത്തിക്കളഞ്ഞ് ഉൾവശം ഉരച്ചു കഴുകി ഉണങ്ങിയ ശേഷം വീണ്ടും നിറയ്ക്കുക.
എലി, അണ്ണാൻ തുടങ്ങിയവ തുരന്നിടുന്ന നാളികേരം, കായകൾ എന്നിവ ആഴ്ചയിലൊരിക്കൽ കത്തിച്ചു കളയുകയോ കുഴിച്ചുമൂടുകയോ ചെയ്യുക. മുളംകുറ്റികൾ വെളളം കെട്ടി നിൽക്കാത്ത വിധത്തിൽ വെട്ടിക്കളയുകയോ മണ്ണിട്ടു മൂടുകയോ ചെയ്യുക. ടാർപോളിൻ, പ്ലാസ്റ്റിക് ഷീറ്റ് എന്നിവയിൽ വെളളം കെട്ടിനിൽക്കാതെ ശ്രദ്ധിക്കുക. വീടിൻറെ പരിസരത്തും പുരയിടങ്ങളിലുമുള്ള
കുഴികൾ മണ്ണിട്ടുമൂടുക. അല്ലെങ്കിൽ ചാലു കീറി വെളളം വറ്റിച്ചുകളയുക.
ഈഡിസ് കൊതുകിൻറെ കടിയേൽക്കാതിരിക്കാൻ പകൽ സമയത്ത് ഉറങ്ങുന്നവർ കൊതുകുവല ഉപയോഗിക്കുക. കൊതുകിനെ അകറ്റാൻ കഴിവുളള ലേപനങ്ങൾ ദേഹത്ത് പുരട്ടുക. ശരീരം നന്നായി മൂടുന്ന വസ്ത്രം ധരിക്കുക. ജനൽ, വാതിൽ, വെന്റിലേറ്റർ മുതലായവയിൽ കൊതുക് കടക്കാതെ വല പിടിപ്പിക്കുക. രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ നടത്താതെ വിദഗ്ധനായ ഡോക്ടറുടെ സേവനം തേടുക.