മലബാറിൻറെ തനതു വിഭവങ്ങൾ എല്ലാവർക്കും ഇഷ്ടമാണ്. കേരളത്തിലെ പ്രധാന നഗരങ്ങളിലെല്ലാം മലബാർ വിഭവങ്ങൾ ലഭിക്കുന്ന മികച്ച റസ്റ്ററൻറുകൾ ഉണ്ട്. മലബാർ മട്ടൺ വിഭവങ്ങളിൽ ഏറെ പ്രശസ്തമാണ് ആട് അട്ടിപ്പത്തൽ. മലബാറിൻറെ ഈ തനതു രുചിയ്ക്ക് കേരളത്തിനകത്തും പുറത്തും ആരാധകർ ഏറെയാണ്.
ആവശ്യമായ സാധനങ്ങൾ
മട്ടൺ - എല്ലില്ലാത്ത കഷണങ്ങൾ - 300ഗ്രാം
മാവിനാവശ്യമായ പുഴുക്കലരിയും പച്ചരിയും
ഗരം മസാലപ്പൊടി - അര ടീസ്പൂൺ
ഉപ്പ് - പകത്തിന്
വെളിച്ചെണ്ണ - 2 ടീസ്പൂൺ
മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ
മുളകുപൊടി - 1 ടീസ്പൂൺ
കുരുമുളകുപൊടി - അര ടീസ്പൂൺ
സവാള - 1
ഇഞ്ചി - 2 ടീസ്പൂൺ
വെളുത്തുളളി - 2 ടീസ്പൂൺ
പച്ചമുളക് - 2
കറിവേപ്പില - രണ്ട് തണ്ട്
തയാറാക്കാം
എണ്ണ ചൂടാക്കി ഇഞ്ചി, വെളുത്തുളളി, പച്ചമുളക്, കറിവേപ്പില ഇട്ട് ഇളക്കി ചൂടാക്കിയശേഷം സവാള ഇട്ട് ഉപ്പ് വിതറി വഴറ്റുക. നന്നായി വഴന്നു വരുമ്പോൾ മസാലപ്പൊടികളെല്ലാം ചേർക്കുക. ഇതിലേക്ക് മട്ടൺ കഷണങ്ങളിട്ട് വേവിച്ചെടുക്കണം.
മാവ് തയാറാക്കാൻ പച്ചരിയും പുഴുക്കലരിയും രണ്ടുമണിക്കൂർ വെളളത്തിൽ കുതിർത്തത് കുറച്ച് വെളളമൊഴിച്ച് നന്നായി അരച്ചെടുക്കണം. ഇത് ഉരുളകളാക്കി ഉരുട്ടിയെടുത്ത് എണ്ണ പുരട്ടിയ വാഴയിലയിൽ അടപോലെ പരത്തിയെടുക്കണം. ഇത്തരത്തിൽ മൂന്നെണ്ണം പരത്തണം. ആദ്യത്തേതിൽ നേരത്തേ തയാറാക്കി വെച്ചിരുന്ന മട്ടൺമസാല നിരത്തുക. അതിനു മുകളിൽ അടുത്ത മാവ് പരത്തിയത് വെച്ച് ഇതുപോലെ ബാക്കിയുളള മട്ടണും നിരത്തി മൂന്നാമത്തെ പരത്തിയ അരിമാവു കൊണ്ട് മൂടുക. അരികുകൾ മാവ് കൊണ്ട് സീൽ ചെയ്യുക. മുകളിലും ഒരു വാഴയില കൊണ്ട് മൂടിയിട്ട ശേഷം ആവിയിൽ വേവിച്ചെടുക്കുക. വിളമ്പുന്നതിനു മുമ്പ് ഇഷ്ടമുളള ആകൃതിയിൽ ആട് അട്ടിപ്പത്തൽ മുറിച്ചെടുക്കാം.