ബ്രേക്ക്ഫാസ്റ്റ് റിച്ചാക്കാൻ വ്യത്യസ്ത 6 ഓംലറ്റ്; എളുപ്പത്തിൽ തയ്യാറാക്കാം

Update: 2023-08-07 12:05 GMT

രാവിലെ ബ്രേക്ക്ഫാസ്റ്റിന് പലരും ഉണ്ടാക്കുന്ന ഒന്നാണ് ഓംലറ്റ്. രണ്ട് ബ്രഡ് ടോസ്റ്റ് ചെയ്ത് കുറച്ച് സോസ് പുരട്ടി ഒരു ഓംലറ്റ് ഉള്ളിൽ വച്ച് സാൻഡ്വിച്ച് ആക്കിയാലും കിടിലൻ ബ്രേക്ക്ഫാസ്റ്റ് ആയി. വെറുതേ കഴിക്കാനും ഓംലറ്റ് അടിപൊളിയാണ്. പണ്ട് സ്‌കൂളിലേക്ക് അമ്മ തന്ന് വിട്ടിരുന്ന പൊതിച്ചോറിലും സ്റ്റാറായിരുന്നു ഓംലറ്റ്. അങ്ങനെ എത്ര എത്ര ഓംലറ്റ് രുചികൾ ആണല്ലേ...

സാധാരണഗതിയിൽ നമ്മൾ ഒരു മുട്ട പൊട്ടിച്ച് ഒഴിച്ച്, അതിൽ കുറച്ച് പച്ചമുളക്, സവാള, കറിവേപ്പില, ഉപ്പ് എന്നിവയെല്ലാം ചേർത്ത് നല്ലപോലെ അടിച്ച് പാനിൽ വെളിച്ചെണ്ണ ചേർത്ത് മുട്ട കൂട്ട് ഒഴിച്ചാണ് ഓംലറ്റ് ഉണ്ടാക്കാറുളളത്. തട്ടുകടയിലൊക്കെ കിട്ടുന്ന ഈ സെയിം ഐറ്റത്തിന്റെ രുചി ഒന്ന് വേറെയാണ് കേട്ടോ....

ബട്ടർ ഓംലറ്റ്



 


നമ്മുടെ നാടൻ ഓംലറ്റിനെ കുറച്ചും കൂടെ റിച്ചാക്കി എടുക്കാൻ ബട്ടർ ചേർക്കാവുന്നതാണ്. ബട്ടർ ചേർത്താൽ രുചിയിലും ഈ ഓംലറ്റ് റിച്ചായി മാറും. ഇതിനായി ആദ്യം തന്നെ മുട്ട പൊട്ടിച്ച് ഒരു പാത്രത്തിലേക്ക് ഒഴിച്ച് കുറച്ച് ഉപ്പ്, കുരുമുളക് പൊടി, ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കണം. അതിന് ശേഷം ഒരു പാനിലേയ്ക്ക് ബട്ടർ ഇട്ട് ഉരുകി വരുമ്പോൾ ഈ കൂട്ട് ചേർത്ത് ചെറുതീയിൽ മൂടി വെച്ച് വേവിച്ച് എടുക്കുക. ഇങ്ങനെ ഉണ്ടാക്കുന്ന ഓംലറ്റിന് രുചിയും കൂടും നല്ല സോഫ്ററ് സോഫ്ററ് ലുക്ക് ആയിരിക്കും.

ഹെൽത്തി ഓംലറ്റ്


ഓംലറ്റ് തന്നെ കുറച്ച് ഹെൽത്തിയായി കഴിക്കണം എന്ന് ആഗ്രഹിക്കുന്നവർക്ക് തയ്യാറാക്കാവുന്ന ഒരു വിഭവമാണ് ഇത്. ഇതിനായി രണ്ട് ടീസ്പൂൺ ഓട്സ് എടുക്കുക. ആവശ്യത്തിന് ഒലീവ് ഓയിൽ, കാപ്സിക്കം, സവാള, ക്യാരറ്റ് എന്നിവ തുല്ല്യമായ അളവിൽ ചെറുതായി അരിഞ്ഞത് എന്നിവയും വേണം. ആദ്യം തന്നെ ഒരു പാത്രത്തിലേയ്ക്ക് മൂന്ന് മുട്ട പൊട്ടിച്ച് ഒഴിക്കണം. ഇതിലേയക്ക് ഓടസ് മുതൽ എല്ലാ പച്ചക്കറികളും ചേർക്കണം. കുറച്ച് പച്ചമുളകും കറിവേപ്പിലയും ഉപ്പും ചേർത്ത് നന്നായി മിക്സ് ചെയ്ത് മൂടി വെക്കുക. അതിന് ശേഷം പാനിൽ ഒലീവ് ഓയിൽ ഒഴിച്ച് കൂട്ട് അതിൽ ചേർത്ത്, മുകളിൽ കുരുമുളകും വിതറി മൂടി വെക്കണം. തീ ഈ സമയത്ത് കുറച്ച് വെക്കാൻ മറക്കരുത്. ഇത്തരത്തിൽ മുടി വെക്കുമ്പോൾ മുട്ട കുറച്ചും കൂടെ പൊന്തി വരാനും, ഓംലറ്റിന് നല്ല സോഫ്റ്റ് ടെക്സ്ച്വർ ലഭിക്കാനും ഇത് സഹായിക്കുന്നുണ്ട്. രണ്ട് മിനിറ്റ് കഴിഞ്ഞ് ഓംലറ്റ് പ്ലേറ്റിലാക്കാം.

തേങ്ങാപ്പാൽ ഓംലറ്റ്


ഓംലറ്റ് തയ്യാറാക്കുമ്പോൾ നിങ്ങൾ തേങ്ങാപ്പാൽ ചേർത്ത് നോക്കിയിട്ടുണ്ടോ? ഒരു പ്രത്യേക സ്വാദാണ്. ഇത് തയ്യാറാക്കാൻ മുട്ട പൊട്ടിച്ച് ഒഴിച്ച്, അതിൽ സവാള, പച്ചമുളക്, കുരുമുളക്, ഉപ്പ്, എന്നിവ ചേർത്ത് മികസ് ചെയ്ത് അതിലേയ്ക്ക് നല്ല കട്ടി തേങ്ങാപ്പാൽ ചേർക്കണം. ഇവ നന്നായി മിക്സ് ചെയ്ത് വെക്കുക. പിന്നീട്, ഒരു പാൻ ചൂടാക്കി, അതിലേയ്ക്ക് ഈ കൂട്ട് ചേർത്ത് വേവിച്ച് തിരിച്ചും ഇട്ടും വേവിച്ച് കഴിക്കാവുന്നതാണ്.

സ്റ്റഫ്ഡ് ഓംലറ്റ്


സ്റ്റഫ്ഡ് ഓംലറ്റ് തയ്യാറാക്കാൻ ആദ്യം തന്നെ ഒരു സവാള നീളത്തിൽ അരിഞ്ഞ് നന്നായി ഒരു പാനിൽ എണ്ണ ഒഴിച്ച് വഴറ്റി എടുക്കണം. ഇതിലേയ്ക്ക് ഉപ്പ്, മഞ്ഞൾപ്പൊടി, ഇഞ്ചി, വെളുത്തുള്ളി, മുളക് പൊടി, ഗരം മസാല എന്നിവ ചേർത്ത് വഴറ്റി എടുത്ത് മാറ്റി വെക്കുക. പിന്നീട്, ഇതേ ചട്ടിയിലേയ്ക്ക് മുട്ട പൊട്ടിച്ച് ചേർത്ത് മുകളിൽ ഉപ്പ് വിതറാം. മുട്ട വെന്ത് വരുമ്പോൾ മാറ്റി വെച്ച മസാല മുകളിൽ പരത്തി കൊടുക്കാം. കുറച്ച് നേരം മൂടി വെച്ച് പ്ലേറ്റിലാക്കാം.

പൂപോലെയുള്ള ഓംലറ്റ്


ഇത് തയ്യാറാക്കി എടുക്കാൻ മുട്ടയുടെ വെള്ളയും മഞ്ഞയും പ്രത്യേകം വെവ്വേറെ മാറ്റി എടുക്കുക. മഞ്ഞ നന്നായി അടിച്ച് അതിൽ മസാലകൾ ചേർക്കാം. നിങ്ങൾക്ക് ഇഷ്ടമുള്ള പച്ചക്കറികളും മസാലയും ചേർക്കാം. അതിന് ശേഷം വെള്ള നല്ലപോലെ വിസ്‌ക്ക് ഉപയോഗിച്ച് ബീറ്റ് ചെയ്യണം. ബീറ്റ് ചെയ്ത് നല്ല കട്ട പരുവത്തിൽ ക്രീമി ആയി കിട്ടും. ഇതിലേയ്ക്ക് മുട്ടയുടെ മഞ്ഞയും മിക്സും ചേർത്ത് സാവധാനത്തിൽ പാനിൽ എണ്ണ തൂവി ഇത് പരത്തി ഇട്ട് മൂടി വെച്ച് വേവിക്കാം. നല്ല അപ്പം പോലെ കട്ടിയും എന്നാൽ സോഫ്റ്റും ആയ ഓംലറ്റ് നിങ്ങൾക്ക് ലഭിക്കുന്നതാണ്.

Tags:    

Similar News