ആമസോണിൽ 2,500 വർഷം പഴക്കമുള്ള നഗരമുണ്ടായിരുന്നു?; താമസിച്ചിരുന്നത് ഒരു ലക്ഷത്തോളം ആളുകൾ
അടുത്തിടെ ഗവേഷകർ ആമസോണിൽ നടത്തിയ കണ്ടെത്തലുകൾ പുരാതന നഗരങ്ങളേക്കുറിച്ചുള്ള ഗവേഷകരുടെ അന്വേഷണത്തിനു പുതിയ തെളിവുകൾ കൂട്ടിച്ചേർക്കുന്നതായി. 2,500 വർഷം പഴക്കമുള്ള പുരാനഗരങ്ങളുടെ അവശേഷിപ്പുകളാണ് ലേസർ സ്കാനിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ആമസോൺ മഴക്കാടുകളിൽ ഗവേഷകർ കണ്ടെത്തിയത്. കൃഷിയിടങ്ങളുടെയും റോഡുകളുടെയും സങ്കീർണമായ ശൃംഖലകളുള്ള, പൂർണമായ കണ്ടെത്തൽ ഈ മേഖലയിൽ ഏറ്റവും പഴക്കമേറിയതും വലിതുമാണ്.
ഇക്വഡോറിലെ ഉപാനോ നദീതടത്തിലെ ആൻഡീസ് പർവതനിരകളുടെ കിഴക്കൻ താഴ്വരയിലാണ് പുരാനഗരശേഷിപ്പുകൾ. 20 വർഷത്തിലേറെ നീണ്ട ഗവേഷണമാണ് ഇക്വഡോർ സർക്കാരിന്റെ അനുമതിയോടെ താഴ് വരയിൽ നടന്നത്. ലിഡാർ (ലേസർ ഉപയോഗിച്ച് ലാൻഡ്സ്കേപ്പ് സർവേ ചെയ്യുന്ന റിമോട്ട് സെൻസിംഗ് സാങ്കേതികവിദ്യ) ഉപയോഗിച്ചാണ് നഗരാവശിഷ്ടങ്ങൾ വെളിച്ചത്തുകൊണ്ടുവന്നത്.
ഏകദേശം 300 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് സർവേ നടന്നത്. മനുഷ്യർ കൂട്ടമായി താമസിച്ചിരുന്ന ഭൂപ്രദേശമായിരുന്നു ഇതെന്നു വ്യക്തമായതായി ഗവേഷകർ. 6,000ലേറെ ചതുരാകൃതിയിലുള്ള മൺ തറകളും കൃഷിയിടങ്ങളും ഡ്രെയിനേജ് സംവിധാനങ്ങളും കണ്ടെത്തിയവയിൽ ഉൾപ്പെടുന്നു. ആയിരം വർഷം വരെ ജനങ്ങൾ നഗരത്തിൽ താമസിച്ചെന്നാണു ഗവേഷകരുടെ അഭിപ്രായം. 15ലേറെ ജനവാസകേന്ദ്രങ്ങളെങ്കിലും ഉണ്ടായിരുന്നു. ഒരേ സമയം എത്ര ആളുകൾ അവിടെ താമസിച്ചിരുന്നുവെന്ന് കൃത്യമായി കണക്കാക്കാൻ പ്രയാസമാണ്.
അതേസമയം പതിനായിരത്തിനും ഒരു ലക്ഷത്തിനുമിടയിൽ ആളുകൾ താമസിച്ചിട്ടുണ്ടാകാമെന്നാണു കണക്കുകൂട്ടൽ. കണ്ടെത്തിയ സൈറ്റിന് അതിനുള്ള ശേഷിയുണ്ടായിരുന്നതായും ഗവേഷകർ പറയുന്നു. ജനവാസമേഖലകളെ വീതിയുള്ളതും നേരായതുമായ റോഡുകളുമായി ബന്ധിപ്പിച്ചിരുന്നു. സുഗമമായ സഞ്ചാരം സാധ്യമാക്കുന്നവിധമായിരുന്നു റോഡുകളുടെ നിർമാണം. ബിസി 500 മുതൽ ആളുകൾ ഇവിടെ താമസിച്ചിരുന്നതായാണു നിഗമനം. വിവധതരം ധാന്യങ്ങളും മധുരക്കിഴങ്ങുകളും പുരാനിവാസികൾ കൃഷി ചെയ്തിരുന്നതായും ഗവേഷകർ കണ്ടെത്തിയിരിക്കുന്നു.
ആമസോണിൽ ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും പഴക്കമേറിയ സൈറ്റ് ആണിത്. കുടിലുകളിൽ നഗ്നരായി താമസിക്കുന്നവരാണ് ആമസോൺ നിവാസികളെന്നു കേൾക്കുന്പോഴേക്കും ഓർമയിലെത്തുക. എന്നാൽ, ഇപ്പോൾ ഗവേഷണം നടക്കുന്ന സൈറ്റിൽ ലഭ്യമായ വിവരങ്ങൾ അടിസ്ഥാനമാക്കി മനുഷ്യർ സമൂഹമായി ജീവിച്ചതിന്റെയും സൗകര്യമുള്ള ജീവിതനിലവാരത്തെയുമാണു സൂചിപ്പിക്കുന്നത്. ആമസോൺ നിവാസികളെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾതന്നെ മാറുന്നതാണു പുതിയ കണ്ടെത്തലുകളെന്നും ഗവേഷകർ.