കഞ്ഞി പഴയ കഞ്ഞിയല്ലാട്ടാ !!!! കഞ്ഞി കുടിച്ചാല്‍ ഈ ഗുണങ്ങളെല്ലാമിനി കൂടെ പോരും.

Update: 2022-11-01 10:32 GMT

നല്ല ആവി പറക്കുന്ന കഞ്ഞിയും ചമ്മന്തിയും പിന്നെ എന്തെങ്കിലും തോരനുമുണ്ടെങ്കിൽ അത്താഴം സുഭിഷമായി എന്നു കരുതിയിരുന്ന കാലഘട്ടം ഉണ്ടായിരുന്നു. രാത്രി മാത്രമല്ല, രാവിലെയും, പാടത്തെ പണിയ്ക്കു ശേഷവുമെല്ലാം കഞ്ഞി കഴിച്ചിരുന്ന കാലവും ഉണ്ടായിരുന്നു. എന്നാലിന്ന് പ്രഭാത ഭക്ഷണത്തിന് പൊറോട്ടയും ദോശയും പുട്ടും ഇഡ്ഡലിയുമൊക്കെ നിര്‍ബന്ധമുള്ളവരാണ് നമ്മൾ മലയാളികള്‍.

എന്നാൽ തലേന്ന് ഉണ്ടാക്കുന്ന ചോറില്‍ വെള്ളമൊഴിച്ച് ഒരു രാത്രി സൂക്ഷിച്ചതിന് ശേഷം കിട്ടുന്ന പഴംകഞ്ഞി രാവിലെ കഴിക്കാൻ കിട്ടിയാൽ നമ്മളിൽ പലരും ആസ്വദിക്കും എന്ന് പറഞ്ഞാലോ ഒട്ടും അതിശയോക്തി ആവുകയുമില്ല. കാരണം ഇന്നത്തെ ന്യൂ ജൻ കാലത്ത് വിവിധ വെറൈറ്റികളിൽ ഫൈവ് സ്റ്റാർ ഹോട്ടലുകളുടെ വരെ താരമായി മാറിക്കൊണ്ടിരിക്കുകയാണ് നമ്മുടെ കഞ്ഞിയും പഴങ്കഞ്ഞിയും എല്ലാം.

ഒരു ദിവസം ആരംഭിക്കുന്നത് പഴംകഞ്ഞി കുടിച്ചാണെങ്കില്‍ അന്നത്തെ ദിവസം പിന്നെ മറ്റൊന്നും കഴിച്ചില്ലെങ്കില്‍ പോലും എനെർജിയോടെ ഇരിക്കാൻ പറ്റുമെന്നതാണ് മറ്റൊരു പ്രത്യേകത. ഇതിനാൽ തന്നെയാണ്, പണ്ടു കാലത്ത് പാടത്തും പറമ്പിലും എല്ലു മുറിയെ പണിയെടുത്തിരുന്ന ഒരു തലമുറയുടെ കാലത്ത് കഞ്ഞിയും പഴങ്കഞ്ഞിയുമെല്ലാം ആസ്വാദ്യകരമായ ഭക്ഷണമായതും.

വിളർച്ച, ബ്ലഡ് പ്രഷര്‍, ഹൈപ്പര്‍ ടെന്‍ഷന്‍, മലബന്ധം എന്നീ ഭയാനകമായ അവസ്ഥകളില്‍ നിന്നും സംരക്ഷണം ഉറപ്പ് നല്‍കുന്നതോടൊപ്പം ദഹനശേഷി വര്‍ദ്ധിപ്പിക്കാനും അള്‍സര്‍ പോലുള്ള മാരകമായ രോഗങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കാനും ഹൃദ്രോഗത്തെ തടയാനും പഴങ്കഞ്ഞി വളരെ നല്ലതാണ്. പൊട്ടാസ്യം, കാല്‍സ്യം, മഗ്നീഷ്യം, സെലീനിയം തുടങ്ങിയവയുടെ കലവറ കൂടിയാണ് പഴങ്കഞ്ഞി.

ഒരുപക്ഷെ നമ്മുടെ പൂര്‍വികര്‍ മാരകമായ പല രോഗങ്ങളിൽ നിന്ന് രക്ഷ നേടിയതും പഴങ്കഞ്ഞി സ്ഥിരമായി കുടിച്ചതിലൂടെ ആയിരിക്കും.

കഞ്ഞിയുടെ വെള്ളത്തിനുമുണ്ട് ഏറെ പ്രത്യേകതകൾ. കഞ്ഞിവെള്ളം പതിവായി കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നതിൽ യാതൊരു സംശയവുമില്ല. ആരോഗ്യ ഗുണങ്ങളോടൊപ്പം തന്നെ പല സൗന്ദര്യപ്രശ്നങ്ങൾക്കുമുള്ള പരിഹാരം കൂടിയാണ് കഞ്ഞിവെള്ളം.

ഊര്‍ജസ്വലത ഇല്ലാതിരിക്കുന്നവര്‍ക്ക് ശരീര ക്ഷീണം മാറ്റി ഊര്‍ജം തിരികെ ലഭിക്കാന്‍ ഈ ഭക്ഷണം ഏറെ സഹായിക്കുന്നുണ്ട്. ഇതിലുള്ള വിറ്റാമിന്‍ ബി-യും സൂക്ഷ്മജീവികളും ശരീരത്തിലെ അമ്ലത കുറയ്ക്കും. ഇത് കുടല്‍വ്രണം ശമിക്കാന്‍ സഹായിക്കുന്നു. പഴംകഞ്ഞിയിലുള്ള ലാക്ടിക് അമ്ലം പ്രസവിച്ച സ്ത്രീകളുടെ പാലുത്പാദനം കൂട്ടും.

ഇതിലുള്ള നല്ല ബാക്ടീരിയകള്‍ ദഹനപ്രക്രിയ മെച്ചപ്പെടുത്തുകവഴി മലബന്ധവും മാറ്റുന്നുണ്ട്.

'കൊളാജന്‍' എന്ന ഘടകത്തിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിലൂടെ പഴംകഞ്ഞിയുടെ ഉപയോഗം ചര്‍മ്മത്തിന്റെ അഴക് വര്‍ധിപ്പിക്കുകയും അലര്‍ജി പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുകയും ചെയ്യുന്നു. പൊട്ടാസ്യം ഉള്ളതിനാല്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും പഴംകഞ്ഞി ഉത്തമമാണ്. ഓരോ ദിവസവും വ്യത്യസ്ത ഇനം കഞ്ഞി കുടിക്കുന്നത് ആരോഗ്യത്തിന് വിവിധ ഗുണങ്ങള്‍ ലഭിക്കുന്നുണ്ട്. കഞ്ഞികളിൽ ഉള്ള മറ്റൊരു പ്രധാന ഐറ്റമാണ് കർക്കിടക കഞ്ഞി. സാധാരണ കഞ്ഞിയില്‍ നിന്നും വ്യത്യസ്തമായി നമ്മളുടെ ആരോഗ്യത്തിന് സഹായിക്കുന്ന നിരവധി ഔഷധങ്ങള്‍ ഇതില്‍ ചേര്‍ക്കുന്നുണ്ട്. ചിലര്‍ ഉലുവ മാത്രം ഇട്ട് ഈ കഞ്ഞി തയ്യാറാക്കാറുണ്ട്. ചിലര്‍ ജീരകം ചേര്‍ത്തും, അതുപോലെതന്നെ, ചിലര്‍ നാളികേരം ചേര്‍ത്തുമെല്ലാം തന്നെ ഓരോ ദിവസവും വ്യത്യസ്ത കഞ്ഞികള്‍ തയ്യാറാക്കുന്നു. ഇത്തരം കഞ്ഞി തയ്യാറാക്കുമ്പോള്‍ മട്ട അരിയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. പോഷക ഗുണങ്ങള്‍ ഏറെയുള്ള കര്‍ക്കിടക കഞ്ഞി രോഗ പ്രതിരോധ ശേഷി വർധിപ്പിക്കുന്നു.

ശരീരത്തിന് ഉണർവും ഉൻമേഷവും നൽകുന്ന ഉലുവ കഞ്ഞിയും മറ്റൊരു താരം തന്നെയാണ്.

പറഞ്ഞു വരുന്നത് പണ്ട് നമ്മൾ പറയും പോലെ കഞ്ഞിയെന്നത് മലയാളികള്‍ക്ക് ഗൃഹാതുരത ഉണര്‍ത്തുന്ന വെറുമൊരു ഭക്ഷണം മാത്രമല്ല എന്നാണ് . കാലത്തിനനുസരിച്ച് വിവിധ രുചികളിലും , രൂപത്തിലും എത്തുന്ന , എല്ലാ പ്രായക്കാർക്കും കഴിക്കാവുന്ന കഞ്ഞി അന്നും ഇന്നും എന്നും ഇനി ട്രെൻഡിങ് തന്നെ ആയിരിക്കും.

Tags:    

Similar News