ഇനി നിങ്ങളുടെ ഫ്രിഡ്‌ജും തിളങ്ങട്ടെ...

Update: 2022-12-12 08:56 GMT

ഫ്രിഡ്ജ് ഇല്ലാത്ത വീടുകൾ തീരെ കുറവായിരിക്കും. ഭക്ഷണ വസ്തുക്കൾ കേടുകൂടാതെയിരിക്കാൻ ഫ്രിഡ്ജ് വഹിക്കുന്ന പങ്ക് ചെറുതല്ല. പലരുടെയും വീടുകളിലെ ഫ്രീഡ്ജ് തുറന്നാല്‍ അസഹനീയമായ ഗന്ധം വരാറുണ്ട്. നമ്മുടെ അടുക്കളയും സ്ളാബുമെല്ലാം വൃത്തിയാക്കുന്നത് പോലെ തന്നെ പ്രധാനമാണ് ഫ്രിഡ്ജ് വൃത്തിയാക്കലും. വൃത്തിയുള്ള ഫ്രിഡ്ജ് എന്നാൽ നിങ്ങളുടെ കുടുംബത്തിന് ശുദ്ധവും പുതിയതുമായ ഭക്ഷണം ലഭിക്കും എന്നാണ് അർത്ഥമാക്കുന്നത്. ഫ്രിഡ്ജ് വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഭക്ഷ്യവിഷബാധ പോലുള്ള രോഗങ്ങൾക്ക് കാരണമാകുന്ന അണുക്കളുടെ പ്രജനനം തടയുക എന്നതാണ്. പഴകിയ സാധനങ്ങളും മറ്റും ഏറെനാൾ സൂക്ഷിക്കുന്നതിലൂടെയും അഴുക്കു നീക്കം ചെയ്യാതിരിക്കുന്നതിലൂടെയും ഫ്രിഡ്ജിനകത്ത് ബാക്ടീരിയ പെട്ടെന്നു പടരും. എന്നാൽ വിഷമിക്കേണ്ട! ഇത്തരത്തിൽ അണുക്കൾ പെരുകുന്നത് തടയാനും ഫ്രിഡ്ജ് ശരിയായ രീതിയിൽ വൃത്തിയാക്കാനും സഹായിക്കുന്ന ചില എളുപ്പ മാർഗ്ഗങ്ങളുണ്ട്.


ഫ്രിഡ്ജിൽ എല്ലാ സാധനങ്ങളും കുത്തി നിറച്ച് വയ്ക്കരുത്. ഇങ്ങനെ ചെയ്യുന്നതിനാലാണ് മത്സ്യത്തിന്‍റെയും ഇറച്ചിയുടെയുമൊക്കെ ഗന്ധം പലപ്പോഴും പുറത്തേയ്ക്ക് വരുന്നത്.  ഇവ വായു സഞ്ചാരമില്ലാത്ത പാത്രങ്ങളില്‍ വച്ചതിന് ശേഷം മാത്രം ഫ്രിഡ്ജിലോ , ഫ്രീസറിലോ വെയ്ക്കുക.

ഫ്രിഡ്ജിൽ ഉപയോഗിക്കാതെ ഏറെനാൾ വച്ചിട്ടുള്ള ഭക്ഷണ സാധനങ്ങളെല്ലാം പുറംതളളലാണ് അടുത്ത ഘട്ടം. ഒരു കവർ കയ്യിലെടുത്ത് ഉപയോഗ ശൂന്യമായവയെല്ലാം അതിലേക്കിട്ട് പിന്നീട് ഒന്നിച്ചു കളയാം.



ഇനി ഫ്രിഡ്ജിലെ മറ്റുള്ള സാധനങ്ങളെല്ലാം ഒരിടത്തു മാറ്റിവെക്കാം. ശേഷം ഫ്രിഡ്ജിലെ ഡ്രോയറുകളും ഷെൽഫുകളുമുൾപ്പെടെ പുറത്തെടുക്കാവുന്നവയെല്ലാം മാറ്റിവെക്കുക

ഫ്രിഡ്ജിന്റെ അകത്തെ ഭാഗം വൃത്തിയാക്കാൻ, ഒരു ടീസ്പൂൺ ഡിഷ്‌വാഷ് ലിക്വിഡ് ഒരു പാത്രം വെള്ളത്തിൽ കലർത്തി ലായനി ഉണ്ടാക്കുക. ഈ ലായനിയിൽ വൃത്തിയുള്ള ഒരു സ്പോഞ്ച് നനച്ച് നിങ്ങളുടെ ഫ്രിഡ്ജിന്റെ ഉപരിതലം തുടയ്ക്കുക. ഇത് ചെയ്തുകഴിഞ്ഞാൽ, ഉണങ്ങിയ കോട്ടൺ തുണി ഉപയോഗിച്ച് അവശിഷ്ടങ്ങൾ തുടയ്ക്കുക. ഈർപ്പം അവശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കുക. അതുപോലെ തന്നെ അകം ഭാഗവും നന്നായി തുടച്ച് വൃത്തിയാക്കുക. ഉരച്ച് വൃത്തിയാക്കാൻ ശ്രമിക്കരുത്. ഇത് നിങ്ങളുടെ ഫ്രിഡ്ജിൽ പോറലുകൾ വീഴ്ത്താം.

തണുത്തിരിക്കുന്ന ഗ്ലാസ് ഷെൽഫുകളോ ഡ്രോയറുകളോ ചൂടുവെള്ളത്തിലിടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം, ഗ്ലാസ് പൊട്ടിപ്പോകാതിരിക്കാനാണിത്. മുറിക്കുള്ളിലെ താപനിലയിലേക്കായതിനു ശേഷം മാത്രം വേണം ചൂടുവെള്ളം കൊണ്ടു കഴുകാൻ.

ചൂടുവെള്ളത്തില്‍ കുറച്ച് ബേക്കിങ് സോഡ മിക്സ് ചെയ്തതിന് ശേഷം ഫ്രിഡ്ജ്  വൃത്തിയാക്കുന്നതും ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ നല്ലതാണ്.  ബേക്കിങ് സോഡ എടുത്ത്  ഒരു പാത്രത്തിൽ ഫ്രിഡ്ജിനുള്ളില്‍ വയ്ക്കുന്നതും ഗന്ധം പോകാന്‍ നല്ലതാണ്.



ഫ്രിഡ്ജിനുള്ളിലെ പച്ചക്കറികൾ മറ്റും ഇടയ്ക്കിടയ്ക്ക് നന്നായി പരിശോധിക്കുക. കേടായതും ചീഞ്ഞതുമായ ഭക്ഷണങ്ങള്‍ ഉടന്‍ തന്നെ ഫ്രിഡ്ജില്‍ നിന്നും നീക്കം ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം.

ഭക്ഷണ പദാര്‍ത്ഥങ്ങളുടെ ദുര്‍ഗന്ധം കളയാന്‍ നാരങ്ങ നല്ലതാണ്. ഫ്രിഡ്ജില്‍ രണ്ട് നാരങ്ങ മുറിച്ച് വച്ചാല്‍ ഈ ഗന്ധം മാറി കിട്ടും.

Tags:    

Similar News