അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിലവിലുള്ള യൂസേഴ്സ് ഫീ ഇരട്ടിയാക്കിയ നടപടി പിൻവലിക്കാൻ കേന്ദ്രസർക്കാർ ഉടൻ ഇടപെടണമെന്ന് നവോദയ സാംസ്കാരിക വേദി ദമ്മാം സെൻട്രൽ കമ്മിറ്റി ആവശ്യപ്പെട്ടു. അവധിക്കാലമെത്തിയതോടെ വിമാന കമ്പനികൾ ഒരു ദാക്ഷിണ്യവുമില്ലാതെ അനുദിനം വിമാന യാത്രാനിരക്ക് വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പ്രവാസികളിൽ പലരും ഈ ഭീമമായ യാത്രച്ചെലവ് താങ്ങാൻ സാധിക്കാത്തതിനാൽ അവധിയുണ്ടായിട്ട് പോലും നാട്ടിൽ പോകാൻ കഴിയാതെ വലയുകയാണ്. ഇതിനിടയിലാണ് ഇരട്ട പ്രഹരമായി യൂസേഴ്സ് ഫീയിൽ ഇത്രയധികം വർധന വരുത്തിയിട്ടുള്ളത്. കേരളത്തിൽ അദാനി ഏറ്റെടുത്ത വിമാനത്താവളമാണ് തിരുവനന്തപുരം.
തെക്കൻ കേരളത്തിൽനിന്നും കന്യാകുമാരി ഉൾപ്പെടെയുള്ള തമിഴ്നാട് ജില്ലകളിൽ നിന്നും വിദേശത്ത് ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് പ്രവാസികൾക്ക് യാത്രക്കുള്ള ഏക ആശ്രയമാണ് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറുന്നതിനുള്ള നീക്കത്തെ ശക്തമായി എതിർക്കുകയും കേരളം വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കാൻ സന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു. മാത്രവുമല്ല ഈ നീക്കത്തിനെതിരെ സംസ്ഥാന സർക്കാർ കോടതിയെ സമീപിച്ചതും ഈ അവസരത്തിൽ ഓർമിക്കപ്പെടേണ്ടതുണ്ട്.
ഗൾഫ് രാജ്യങ്ങളിലെ പ്രവാസി മലയാളികൾക്ക് വേനലവധി ആരംഭിക്കുന്നതിന് തൊട്ട് മുമ്പായെടുത്ത ഈ നടപടി വലിയ പ്രയാസങ്ങളാണ് സൃഷ്ടിക്കാൻ പോവുന്നതെന്നും കേരളത്തിലെ മറ്റ് മൂന്ന് വിമാനത്താവളങ്ങളിലും യൂസേഴ്സ് ഫീ വർധിപ്പിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണെന്നും പ്രതിഷേധക്കുറിപ്പിൽ പറഞ്ഞു.
എയർപോർട്ട് ഇക്കണോമിക്ക് റെഗുലേറ്ററി അതോറിറ്റിയാണ് ഇതിന് അംഗീകാരം നൽകുന്നത് എന്നതിനാൽ കേന്ദ്രസർക്കാർ ഉടൻ ഈ വിഷയത്തിൽ ഇടപെട്ട് യൂസേഴ്സ് ഫീ തീരുമാനം പിൻവലിക്കണമെന്നും പ്രവാസികൾ ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും വാർത്തക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.