‘മൂന്നാമിടം ജീവിതവും സ്വത്വ പ്രതിസന്ധികളും’ സംവാദ സദസ്സ്
അക്ഷരക്കൂട്ടം സിൽവർ ജൂബിലിയുടെ ഭാഗമായി നടന്ന ‘മൂന്നാമിടം ജീവിതവും സ്വത്വ പ്രതിസന്ധികളും’ സംവാദ സദസ്സ് ശ്രദ്ധേയമായി. അജ്മാൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ നടന്ന പരിപാടി ആക്ടിങ് പ്രസിഡൻറ് കെ.ജെ. ഗിരീഷ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ഇസ്മയിൽ മേലടി, റോയ് നെല്ലിക്കോട് എന്നിവർ സംസാരിച്ചു. ഒ.സി. സുജിത്ത് അധ്യക്ഷത വഹിച്ചു. പ്രവാസത്തിന്റെ മൂന്നാം തലമുറയാണ് ജനിച്ച ദേശത്തും ജീവിക്കുന്ന ദേശത്തും വേരുകളില്ലാതെ സ്വത്വ പ്രതിസന്ധികൾ നേരിടുന്നതെന്ന് വിഷയം അവതരിപ്പിച്ച് എഴുത്തുകാരൻ ഇ.കെ.ദിനേശൻ അഭിപ്രായപ്പെട്ടു.
സ്ത്രീകൾക്ക് ജനിച്ച നാടിനേക്കാൾ സുരക്ഷിതത്വബോധം ഗൾഫ് രാജ്യത്ത് അനുഭവപ്പെടുന്നുണ്ടെന്നും അതിന്റെ പല രീതിയിലുള്ള ആഖ്യാനങ്ങൾ സാഹിത്യത്തിൽ പ്രകടമാണെന്നും ‘പ്രവാസത്തിലെ സ്ത്രീ സർഗാത്മക അടയാളങ്ങൾ’ എന്ന വിഷയം അവതരിപ്പിച്ച പി. ശ്രീകല പറഞ്ഞു.
പ്രവാസത്തിലെ ജീവിതാനുഭവങ്ങൾ എഴുത്തിലേക്ക് വരുമ്പോഴാണ് മികച്ച സൃഷ്ടികൾ ഉണ്ടാകുന്നതെന്ന് ‘പ്രവാസ എഴുത്തിലെ ആവിഷ്കാരങ്ങൾ’ എന്ന വിഷയം അവതരിപ്പിച്ച രാജേഷ് ചിത്തിര പറഞ്ഞു. മലയാളവും അറബിയും തമ്മിലുള്ള സാംസ്കാരിക വിനിമയങ്ങൾ വേണ്ട രീതിയിൽ പരിഗണിക്കാൻ കേരളത്തിന് കഴിഞ്ഞിട്ടില്ലെന്ന് ‘സാംസ്കാരിക പ്രവാസത്തിലെ മലയാളി’ എന്ന വിഷയം അവതരിപ്പിച്ച് മെഹർബാൻ അഭിപ്രായപ്പെട്ടു.
പ്രവാസത്തിൽ ഒറ്റതിരിഞ്ഞ വിദ്വേഷ ചിന്തകൾ പ്രകടമാണെങ്കിലും പൊതുവേ പ്രവാസത്തിന്റെ പ്രതലം മതനിരപേക്ഷമാണെന്നും അതിനെ സാംസ്കാരിക-സാമൂഹിക പ്രവർത്തനങ്ങൾ വഴി കൂടുതൽ ശക്തിപ്പെടുത്തണമെന്നും ‘പ്രവാസത്തിലെ സാമൂഹികതയും രാഷ്ട്രീയവും’ എന്ന വിഷയം അവതരിപ്പിച്ച ഷാജഹാൻ തറയിൽ അഭിപ്രായപ്പെട്ടു. പരിപാടിയിൽ അബുലൈസ് മോഡറേറ്ററായിരുന്നു. പ്രീതി രൻജിത്ത് സ്വാഗതവും ഹമീദ് ചങ്ങരക്കുളം നന്ദിയും പറഞ്ഞു.