കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവി ഉടൻ, പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തു; മുഖ്യമന്ത്രി

Update: 2024-09-28 06:19 GMT

കണ്ണൂർ വിമാനത്താവളത്തിന് വിദേശകമ്പനികളുടെ സർവീസിനുള്ള പോയിന്റ് ഓഫ് കോൾ പദവി വൈകാതെ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കിയാലിന്റെ 15-ാമത് വാർഷിക പൊതുയോഗത്തിൽ ഓൺലൈനായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയുമായി ഈ വിഷയം ചർച്ചചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ നിർദേശപ്രകാരം കേന്ദ്ര സിവിൽ ഏവിയേഷൻ വകുപ്പ് മന്ത്രിയുമായും ഉടൻ കൂടിക്കാഴ്ച നടത്തും. കണ്ണൂരിൽ സർവീസുകൾ വർധിപ്പിക്കുന്നതിന് വിമാനക്കമ്പനികളുമായി ചർച്ച നടത്തിവരികയാണ്.

എയർപോർട്ട് സർവീസ് ഇന്റർനാഷണൽ നടത്തിയ എയർപോർട്ട് സർവീസ് ക്വാളിറ്റി സർവേയിൽ കണ്ണൂർ വിമാനത്താവളം ഇന്ത്യയിലെ മികച്ച മൂന്ന്‌ വിമാനത്താവളങ്ങളുടെ പട്ടികയിലും ആഗോളതലത്തിൽ ആദ്യ പത്തിലും ഇടംനേടിയിട്ടുണ്ട്. കിയാലിന്റെ നിലവിലുള്ള കടം പുനഃക്രമീകരിക്കാൻ ആർ.ഇ.സി. ലിമിറ്റഡുമായി ചേർന്ന് പദ്ധതി തയ്യാറാക്കുന്നുണ്ട്. അന്താരാഷ്ട്ര കാർഗോ കോംപ്ലക്സ് ഉടൻ പ്രവർത്തനം തുടങ്ങുമെന്നും ഹജ്ജ് ഹൗസ് സ്ഥാപിക്കാൻ ചർച്ചകൾ നടന്നുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 2023-24 വർഷത്തെ വരവ്‌-ചെലവ്‌ കണക്കുകൾ യോഗം അംഗീകരിച്ചു. കിയാൽ എം.ഡി.യുടെ ശമ്പളം വർധിപ്പിച്ചതിന് അംഗീകാരം, ഡയറക്ടർമാരായ എം.എ.യൂസഫലി, എം.പി.ഹസ്സൻകുഞ്ഞി എന്നിവരുടെ പുനർനിയമനം എന്നീ അജൻഡകളും യോഗം പരിഗണിച്ചു. കിയാൽ എം.ഡി. സി.ദിനേശ്കുമാർ, കമ്പനി സെക്രട്ടറി എബി ഈപ്പൻ, ഡയറക്ടർമാർ എന്നിവരും ഓൺലൈൻ യോഗത്തിൽ പങ്കെടുത്തു.

അതേസമയം കണ്ണൂർ വിമാനത്താവളം വിവരാവകാശ പരിധിയിൽ വരില്ലെന്ന് ഓഹരി ഉടമകളുടെ ചോദ്യത്തിന് മറുപടിയായി കിയാൽ അധികൃതർ വ്യക്തമാക്കി. സി.എ.ജി.യുടെ ഓഡിറ്റും നടത്താനാകില്ല. നിലവിൽ ഓഡിറ്റിന് ഏജൻസിയെ ഏൽപ്പിച്ചിട്ടുണ്ടെന്നും ഓഹരി ഉടമകൾ സഹകരിക്കണമെന്നും ‘കിയാൽ’ അറിയിച്ചു. അതേസമയം കൂടുതൽ ചോദ്യങ്ങൾ ഉന്നയിക്കാൻ അവസരം ലഭിച്ചില്ലെന്നും വഴിപാട് പോലെയാണ് വാർഷിക യോഗങ്ങൾ നടത്തുന്നതെന്നും ഓഹരി ഉടമകളുടെ സംഘടനയായ കിയാൽ ഷെയർ ഹോൾഡേഴ്‌സ് അസോസിയേഷൻ ആരോപിച്ചു.

Tags:    

Similar News