ഷാർജ അന്താരാഷ്ട്ര പുസ്തകമേള: കവി റഫീഖ് അഹമ്മദ് പ്രത്യേക ക്ഷണിതാവ്
വായനയുടെ പുതു ലോകം തുറന്നിടുന്ന ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ മലയാളത്തിൽ നിന്ന് കവി റഫീഖ് അഹമ്മദ് ഔദ്യോഗിക ക്ഷണിതാവാകും. ഇന്ത്യൻ എഴുത്തുകാരി ഹുമ ഖുറൈശിയും മേളയിലെ അതിഥിയായിരിക്കും. നവംബർ ആറ് മുതൽ 17 വരെ ഷാർജ എക്സ്പോ സെന്ററിലാണ് പുസ്തകമേള. ‘തുടക്കം ഒരു പുസ്തകം’ എന്നതാണ് ഈവർഷത്തെ ഷാർജ അന്താരാഷ്ട്ര പുസ്തക മേളയുടെ സന്ദേശം. മേളയുടെ എല്ലാദിവസവും രാവിലെ നടക്കുന്ന കവിയരങ്ങ് ഈവർഷത്തെ പ്രത്യേകതയായിരിക്കും. ആറ് ഭാഷകളിൽ നടക്കുന്ന കവിയരങ്ങിലാണ് മലയാളത്തിൽ നിന്ന് റഫീഖ് അഹമ്മദ് പ്രത്യേക ക്ഷണിതാവായി പങ്കെടുക്കുക.
പുസ്തകമേളയിൽ എത്തുന്ന പ്രത്യേക അതിഥികളിലാണ് ഇന്ത്യൻ എഴുത്തുകാരി ഹുമ ഖുറൈശിയേയും ഉൾപ്പെടുത്തിയിരിക്കുന്നത്. 112 രാജ്യങ്ങളിലെ 2520 പ്രസാധകർ ഇത്തവണ പുസ്തമേളയിലുണ്ടാകും. 400 കൃതികൾ മേളയിൽ പ്രകാശനം ചെയ്യും. 1357 സാംസ്കാരിക പരിപാടികൾ മേളയിൽ നടക്കും. 63 രാജ്യങ്ങളിലെ 250 പേർ അതിഥികളാവും. മേളയുടെ മുന്നോടിയായി നടക്കുന്ന പ്രസാധക സമ്മേളനത്തിൽ ഇന്ത്യയിൽ നിന്ന് 52 പ്രസാധകരുണ്ടാകും. കുട്ടികൾക്കായി പ്രത്യേക പരിപാടികൾ മേളയിലൊരുക്കും. ഭക്ഷണ പ്രേമികൾക്കായി ഷെഫ് കോർണറും, ശിൽപശാലകളും മേളയുടെ ആകർഷമായിരിക്കും.
പുസ്തകമേളയുടെ ഔദ്യോഗിക പ്രഖ്യാപന ചടങ്ങിൽ ഷാർജ ബുക്ക് അതോറിറ്റി സി.ഇ.ഒ അഹമ്മദ് റക്കഅദ് ആൽ ആംരി, മൊറോക്കോ അംബാസഡർ അഹമ്മദ് അൽ താസി, പുസ്തകമേള കോഓഡിനേറ്റർമാരായ ഖൗല അൽ മുജൈനി, മൻസൂർ അൽ ഹസനി തുടങ്ങിയവർ പങ്കെടുത്തു. എല്ലാ അറബ് രാജ്യങ്ങളെയും ചേർത്തുപിടിക്കുന്ന സമീപനമാണ് ഷാർജ ബുക് അതോറിറ്റി സ്വീകരിക്കാറെന്നും എല്ലാ രാജ്യങ്ങളുടെയും പങ്കാളിത്തമാണ് ആഗ്രഹിക്കുന്നതെന്നും സി.ഇ.ഒ അഹമ്മദ് റക്കഹദ് പറഞ്ഞു.