ഐസിസി വനിതാ ടി20 ലോക കപ്പ് ട്രോഫിയുമായുള്ള ടൂർ ടീമിന് ഷാർജ ഇന്ത്യൻ സ്‌കൂളിൽ ഉജ്വല സ്വീകരണം

Update: 2024-09-24 15:29 GMT

ഒക്ടോബര്‍ 3 ന് യുഎഇയിൽ നടക്കുന്ന ഐസിസി വനിതാ ടി20 ലോക കപ്പ് 2024 ന്റെ ട്രോഫിയുമായുള്ള ടൂർ ടീമിന് ഷാർജ ഇന്ത്യൻ സ്‌കൂളിൽ ഉജ്വല സ്വീകരണം നൽകി. സ്‌കൂളിലെത്തിയ ടൂർ ടീമിനെ സ്‌കൂൾ അധികൃതരും ഷാർജ ഇന്ത്യൻ അസോസിയേഷൻ മാനേജിങ് കമ്മിറ്റിയംഗങ്ങളും ചേർന്ന് സ്വീകരിച്ചു. ഗൈഡ്‌സിന്റെ ബാന്റ് വാദ്യത്തോടെ ഘോഷയാത്രയായി അതിഥികളെ സ്‌റ്റേജിലേക്കാനയിച്ചു. ലോകകപ്പ് സ്റ്റേജിനു മുമ്പിൽ പ്രദർശിപ്പിച്ചു.

സിബിഎസ് സി റീജിനൽ ഡയറക്ടർ ഡോ.റാം ശങ്കർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.അസോസിയേഷൻ ട്രഷറർ ഷാജി ജോൺ അദ്ധ്യക്ഷത വഹിച്ചു. അതിഥികളായി എസ്പിഇഎ വെൽഫെയർ ആൻഡ് ആക്ടിവിറ്റീസ് തലവൻ താരിഖ് അൽ ഹമ്മാദി, ഇൻവെസ്റ്റ്‌മെന്റ് അഫയേഴ്‌സ് തലവൻ ഈസ ബിൻ കരാം, പ്രത്യേക അതിഥികളായ എമിറേറ്റ്‌സ് ക്രിക്കറ്റ് ബോർഡ് വനിതാ ഡെവലപ്‌മെന്റ് ഓഫീസർ ഛായ മുകുൾ, ജൊഹന്നസ് ബൊഡസ്റ്റീൻ, പ്രിൻസിപ്പൽ പ്രമോദ് മഹാജൻ എന്നിവർ പ്രസംഗിച്ചു.

ജോയിന്റ് ജനറൽ സെക്രട്ടറി ജിബി ബേബി, ജോയിന്റ് ട്രഷറർ പി.കെ.റെജി, മാനേജിങ് കമ്മിറ്റി അംഗങ്ങളായ അബ്ദുമനാഫ് മാട്ടൂൽ, പ്രഭാകരൻ പയ്യന്നൂർ, കെ.കെ.താലിബ്, മുരളീധരൻ ഇടവന, നസീർ കുനിയിൽ, ബോയ്‌സ് വിഭാഗം പ്രിൻസിപ്പൽ മുഹമ്മദ് അമീൻ, ഗേൾസ് വിഭാഗം വൈസ് പ്രിൻസിപ്പൽ ഷിഫ്‌ന നസറുദ്ദീൻ, ഹെഡ്മിസ്ട്രസ് ഡെയ്‌സി റോയ്, താജുന്നിസ ബഷീർ എന്നിവർ സംബന്ധിച്ചു. ടൂർ ടീമംഗങ്ങൾ വിദ്യാർഥിനികളുമായി സംവദിച്ചു. സ്‌കൂൾ വിദ്യാർഥിനികളുടെ നൃത്തവും അരങ്ങേറി. 17 ദിവസം നീണ്ടുനിൽക്കുന്ന ടൂർണമെൻ്റിലെ 23 മത്സരങ്ങളിൽ ഇന്ത്യയടക്കം 10 ടീമുകൾ പങ്കെടുക്കും. യുഎഇയിൽ ദുബായിലും ഷാർജയിലും രണ്ട് വേദികളിലാണ് മത്സരങ്ങൾ.

Tags:    

Similar News