യുഎഇയിലെ മഴക്കെടുതി ; രക്ഷാ പ്രവർത്തനത്തിന് യുഎഇ അധികൃതർക്ക് ഒപ്പം മലയാളികളും
മഴക്കെടുതിയില്‍ ദുരിതത്തിലകപ്പെട്ടവര്‍ക്ക് ആശ്വാസമൊരുക്കി യു.എ.ഇ അധികൃതര്‍ക്കൊപ്പം മലയാളികളുള്‍പ്പെടെയുള്ള താമസക്കാർ. യു.എ.ഇയില്‍ പരക്കെ ലഭിച്ച കനത്ത മഴയിലും പേമാരിയിലും തദ്ദേശീയരും ഇന്ത്യക്കാരുമുള്‍പ്പെടെ വിവിധ രാജ്യക്കാരായ ആയിരങ്ങളാണ് ദുരിതത്തിലായത്. കല്‍ബയില്‍ നൂറുകണക്കിന് വില്ലകളിലാണ് വെള്ളം കയറിയത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ എമിറേറ്റുകള്‍ കേന്ദ്രീകരിച്ചുള്ള ദുരന്ത നിവാരണ അതോറിറ്റികളുടെ സമയോചിത ഇടപെടലുകള്‍ ഈ മേഖലയിലെ ജനങ്ങള്‍ക്ക് നല്കിയ ആശ്വാസം ചെറുതല്ല. കാലാവസ്ഥ കേന്ദ്രത്തില്‍നിന്നുള്ള മുന്നറിയിപ്പിനെതുടര്‍ന്ന് ദിവസങ്ങള്‍ക്ക് മുമ്പേ നിരീക്ഷണ സുരക്ഷ നിര്‍ദേശ മുന്നറിയിപ്പുകളുമായി സജീവമായിരുന്ന ദുരന്തനിവാരണ വകുപ്പ് പേമാരി ദിവസങ്ങളില്‍ വിവിധ വകുപ്പുകളുമായി സഹകരിച്ച് രക്ഷാപ്രവര്‍ത്തനങ്ങളിലും സജീവമായി.
പല പ്രദേശങ്ങളിലും വഴിയിലകപ്പെട്ടവരെ ലക്ഷ്യസ്ഥാനത്തെത്തിക്കാനും താൽക്കാലിക താമസയിടം നൽകാനും നിരവധിപേർ രംഗത്തെത്തി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് തുടങ്ങി വിവിധ ഇന്ത്യന്‍ കൂട്ടായ്മകളും വ്യക്തികളും സ്ഥാപനങ്ങളും യു.എ.ഇ അധികൃതര്‍ക്കൊപ്പം ദുരിത മേഖലകളില്‍ സഹായ ഹസ്തവുമായെത്തി നൂറുകണക്കിന് പേര്‍ക്ക് ആശ്വാസമേകി. മഴക്കെടുതിയില്‍ ദുരിതത്തിലകപ്പെട്ട 1300ഓളം തൊഴിലാളികള്‍ക്ക് ചൊവ്വാഴ്ച ഉച്ചക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഭക്ഷണം വിതരണം ചെയ്തതായി പ്രസിഡന്റ് നിസാര്‍ തളങ്കര പറഞ്ഞു. ബുധനാഴ്ച രാത്രിയും ഭക്ഷണ വിതരണമുണ്ട്. ആവശ്യമെങ്കില്‍ തുടര്‍ദിവസങ്ങളിലും ഭക്ഷണം വിതരണം തുടരും.
അസോസിയേഷന് ഓഫിസ് പ്രയാസപ്പെടുന്നവര്‍ക്കായി മുഴുസമയവും തുറന്ന് പ്രവര്‍ത്തിച്ചു. ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ ദുരിതാശ്വാസ കേന്ദ്രമാക്കാനുള്ള സന്നദ്ധതയും അധികൃതരെ അറിയിച്ചു. ഇന്ത്യന്‍ സ്കൂളിന്റെ പത്തോളം ബസുകള്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി വിട്ടുനല്‍കി. ഷാര്‍ജ എയര്‍പോര്‍ട്ടിലും റോളയിലും കുടുങ്ങിയവരെ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കാന് യത്നിച്ചതില് ചാരിതാര്‍ഥ്യമുണ്ടെന്നും നിസാര്‍ തളങ്കര പറഞ്ഞു. അനീസ്, മുരളി, ജിബി, ത്വാലിബ് തുടങ്ങിയവര്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
‘മഴക്കെടുതി കാരണം ആരെങ്കിലും ദുബൈ - മുഹൈസന ഭാഗത്തുണ്ടെങ്കില്‍ എന്നെ വിളിക്കാം’ ഭക്ഷണവും താമസവും മൂന്ന് ദിവസത്തേക്ക് അറേഞ്ച് ചെയ്യും’ എന്നായിരുന്നു ഒരു മലയാളി സഹൃദയന്റെ വാട്സ്ആപ് സന്ദേശം. സമാന രീതിയില്‍ സഹായ വാഗ്ദാനങ്ങളില്‍ സജീവമായിരുന്നു യു.എ.ഇയിലെ പല സമൂഹമാധ്യമ അക്കൗണ്ടുകളുമെന്നത് ദുരിതസമയത്തെ സന്തോഷ വാര്‍ത്തകളാണ്. കെ.എം.സി.സി, പ്രവാസി ഇന്ത്യ, എസ്.കെ.എസ്.എസ്.എഫ്, ഫുജൈറ കൈരളി കള്‍ചറല്‍ അസോസിയേഷന്, ഖോര്ഫക്കാന് ഇന്ത്യന്‍ ക്ലബ് തുടങ്ങി വിവിധ കൂട്ടായ്മകളിലെ പ്രവര്‍ത്തകരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.