ഷാർജ ഇന്ത്യൻ അസോസിയേഷന്റെ നേതൃത്വത്തിൽ ഗംഭീര ഓണാഘോഷം സംഘടിപ്പിച്ചു. ഞായറാഴ്ച രാവിലെമുതൽ ഷാർജ എക്സ്‌പോ സെന്ററിലായിരുന്നു ആഘോഷം. ഇന്ത്യൻ അസോസിയേഷന്റെ 45-ാമത് വാർഷികാഘോഷം കൂടിയായിരുന്നു. തെയ്യം, പുലികളി, ചെണ്ടവാദ്യം തുടങ്ങി പരമ്പരാഗതകലകൾ ഉൾപ്പെടുത്തിയുള്ള ഘോഷയാത്രയോടെയായിരുന്നു ഓണാഘോഷത്തിന്റെ തുടക്കം. തുടർന്നുനടന്ന സാംസ്കാരിക സമ്മേളനത്തിൽ ഷാർജ ഗവൺമെന്റ് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ശൈഖ് മാജിദ് ബിൻ അബ്ദുല്ല അൽ ഖാസിമി, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ, മന്ത്രിമാരായ എം.ബി. രാജേഷ്, പി. പ്രസാദ്, വി.കെ. ശ്രീകണ്ഠൻ എം.പി., എം.എൽ.എ.മാരായ എ.കെ.എം. അഷറഫ്, നജീബ് കാന്തപുരം, അഹമ്മദ് ദേവർകോവിൽ എന്നിവർ മുഖ്യാതിഥികളായി. ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര അധ്യക്ഷതവഹിച്ചു.
പ്രവാസത്തിന്റെ 50 വർഷത്തോടൊപ്പം കാരുണ്യപ്രവർത്തനങ്ങളും മുൻനിർത്തി എം.എ. യൂസഫലിയെ ആദരിച്ചു. അദ്ദേഹത്തിന് ശൈഖ് മാജിദ് ബിൻ അബ്ദുല്ല അൽ ഖാസിമി ഉപഹാരം സമർപ്പിച്ചു. വിവിധ സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് കരൺ ചപ്രിയ, തൻവീർ, ജഗദീഷ് തുംഗാരിയ, ബഷീർ തുടങ്ങിയവരും സന്നിഹിതരായി. ജനറൽസെക്രട്ടറി പി. ശ്രീപ്രകാശ് സ്വാഗതവും ഖജാൻജി ഷാജി ജോൺ നന്ദിയും പറഞ്ഞു. ഓഡിറ്റർ എം. ഹരിലാൽ, സഹഭാരവാഹികൾ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, സംഘടനാ പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു.
പൂക്കളമത്സരത്തിൽ ‘മാസ്’ ഒന്നാംസ്ഥാനം നേടി. ‘ഒണ്ടേറിയോ’ രണ്ടാമതും ‘എമിറേറ്റ്‌സ് മലയാളി അസോസിയേഷൻ’ മൂന്നാം സ്ഥാനത്തുമെത്തി. 14 ടീമുകൾ പങ്കെടുത്തു. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ഉത്പന്നങ്ങളടക്കമുള്ള സ്റ്റാളുകളും ഓണാഘോഷത്തിന്റെ ഭാഗമായി പ്രവർത്തിച്ചു. ഫ്രണ്ട്‌സ് ഓഫ് ശാസ്ത്രസാഹിത്യപരിഷത്തിന്റെ പുസ്തകപ്രദർശനവുമുണ്ടായി. 20,000-ത്തിലേറെ ആളുകൾക്ക് ഓണസദ്യയും വിളമ്പി. യു.എ.ഇ.യിലെ 16 റസ്റ്ററന്റുകൾ ചേർന്നായിരുന്നു ഓണസദ്യ ഒരുക്കിയത്. ഒരേസമയം 1400-ലേറെപ്പേർക്ക് സദ്യ വിളമ്പി.