ഗൾഫ് നാടുകളിൽ നീറ്റ് സെന്ററുകൾ നിലനിർത്തണം; ആവശ്യം ഉന്നയിച്ച് സൗദി കെ.എം.സി.സി
ഇന്ത്യക്ക് പുറത്ത് അനുവദിച്ചിരുന്ന നീറ്റ് സെൻററുകൾ ഇത്തവണ ഒഴിവാക്കിയ നടപടി പിൻവലിക്കണമെന്നും കഴിഞ്ഞ വർഷം അനുവദിച്ചത് പോലെ ഇക്കൊല്ലവും സൗദി ഉൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങളിലും മറ്റും സെൻററുകൾ നിലനിർത്തണമെന്നും കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ, നാഷനൽ ടെസ്റ്റിങ് ഏജൻസി എന്നിവർക്ക് കെ.എം.സി.സി അടിയന്തര സന്ദേശമയച്ചതായി പ്രസിഡൻറ് കുഞ്ഞിമോൻ കാക്കിയ, ജനറൽ സെക്രട്ടറി അഷ്റഫ് വേങ്ങാട്ട്, ട്രഷറർ അഹമ്മദ് പാളയാട്ട് എന്നിവർ അറിയിച്ചു.
ഗൾഫ് നാടുകളിൽ കഴിയുന്ന സാധാരണക്കാരായ പ്രവാസികളുടെ മക്കൾക്ക് നീറ്റ് പരീക്ഷ എഴുതാനുള്ള അവസരമുണ്ടാക്കണം. ഇത് പ്രവാസി സമൂഹത്തോട് കാണിക്കുന്ന ചിറ്റമ്മ നയം കൂടിയാണെന്ന് കെ.എം.സി.സി കുറ്റപ്പെടുത്തി. ഇത് സംബന്ധിച്ച് പ്രധാനമന്ത്രി, കേന്ദ്ര മാനവ വിഭവശേഷി മന്ത്രി, വിദേശകാര്യ മന്ത്രി, കേരള മുഖ്യമന്ത്രി, എം.പിമാർ എന്നിവർക്ക് കെ.എം.സി.സി കത്തുകളയച്ചു.
2013ന് ശേഷം 10 വർഷം കഴിഞ്ഞാണ് 2022ൽ അധികൃതർ റിയാദിൽ സെൻറർ അനുവദിച്ചിരുന്നത്. തുടർന്ന് രണ്ട് വർഷങ്ങളിലായി നടന്ന നീറ്റ് പരീക്ഷയിൽ എണ്ണൂറോളം വിദ്യാർഥികളാണ് ഓരോ വർഷവും പങ്കെടുത്തിരുന്നത്. കെ.എം.സി.സിയുടെ ശ്രമഫലമായി മുസ്ലിം ലീഗ് എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, അബ്ദുൽ സമദ് സമദാനി, പി.വി. അബ്ദുൽ വഹാബ് എന്നിവർ വിഷയത്തിൽ ഇടപെട്ടാണ് രണ്ട് വർഷം മുമ്പ് റിയാദിൽ സെൻറർ അനുവദിച്ചത്.
സൗദിയിൽനിന്ന് ഓരോ വർഷവുമുണ്ടാകുന്ന ആയിരത്തോളം നീറ്റ് അപേക്ഷകർ ഒന്നുകിൽ യു.എ.ഇയിലോ കുവൈത്തിലോ അല്ലെങ്കിൽ ഇന്ത്യയിലോ പോയി വേണമായിരുന്നു പരീക്ഷ എഴുതാൻ.