അൽ ഐൻ മലയാളി സമാജത്തിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ 'പൂവിളി 2023 ' സെപ്റ്റംബർ 28 29 ദിവസങ്ങളിൽ മികച്ച ജനപങ്കാളിത്തത്തോടെ വിപുലമായി ആഘോഷിച്ചു. സെപ്റ്റംബർ 28 ന് വൈകുന്നേരം നിരവധി സംഘങ്ങൾ പങ്കെടുത്ത പൂക്കളമത്സരത്തിൽ അൽ ഐൻ താരാട്ട്, അൽ ഐൻ മലയാളം മിഷൻ ടീമുകൾ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.
സെപ്റ്റംബർ 29 ന് മലയാളി സമാജം കുടുംബങ്ങളുടെ പങ്കാളിത്തത്തോടെ നടന്ന വിഭവസമൃദ്ധമായ ഓണസദ്യക്കുള്ള ഒരുക്കങ്ങൾ ശ്രീ മമ്മൂട്ടി, ശ്രീ പ്രകാശ് എന്നിവരുടെ നേതൃത്വത്തിൽ നടന്നു. സമാജത്തിന്റെ ക്ഷണം സ്വീകരിച്ചെത്തിയ ആയിരത്തി ഇരുനൂറോളമാളുകൾ പങ്കെടുത്ത ഓണസദ്യ അൽ ഐൻ പ്രദേശത്തെതന്നെ ഏറ്റവും വലിയ ഓണസദ്യയായി മാറി. സെലിബ്രിറ്റി ഷെഫായ ശ്രീ ഫിറോസ് ചുട്ടിപ്പാറ ഉൾപ്പടെ അൽ ഐൻ പൊതു സാമൂഹിക സാംസ്‌കാരിക കച്ചവട മേഖലയയിലെ നിരവധി പ്രമുഖരടക്കം സമാജത്തിന്റെ സദ്യ രുചി അനുഭവിക്കാൻ എത്തിയിരുന്നു. ഓണസദ്യക്കൊപ്പം പ്രത്യേകം തയാറാക്കപ്പെട്ട വേദിയിൽ കാണികൾക്ക് കലാസദ്യയൊരുക്കി സമാജം കലാവിഭാഗം അവതരിപ്പിച്ച കലാമേളയും നവ്യാനുഭവമായി മാറി.
തദവസരത്തിൽ, കേരളപിറവിയോടനുബന്ധിച്ച് കേരളത്തിന്റെ തനത് നാടൻ കലകളെ കോർത്തിണക്കി നവംബർ 4 ന് ലുലു കുവൈത്താത് അങ്കണത്തിൽ അൽ ഐൻ മലയാളി സമാജം ലുലു ഗ്രൂപ്പുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന 'ഉത്സവം പത്താം എഡിഷൻ - കേരളീയം 2023 'ന്റെ പോസ്റ്റർ പ്രകാശനവും സംഘടിപ്പിക്കപ്പെട്ടു. ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് ശ്രീ ടി വി എൻ കുട്ടി, ലുലു റീജിയണൽ ഡയറക്ടർ ശ്രീ ഷാജി ജമാലുദ്ധീൻ,യുണൈറ്റഡ് മൂവ്‌മെന്റ് ചെയർമാൻ ശ്രീ അഷ്റഫ് പള്ളിക്കണ്ടം,ലോക കേരള സഭ അംഗം ശ്രീ ഇ കെ സലാം ,അൽ ഐൻ ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ Dr മൊയ്ദീൻ,ഇന്ത്യൻ സോഷ്യൽ സെന്റര് മുൻഅധ്യക്ഷൻ ശ്രീ മുസ്തഫ മുബാറക്,ചെയർ ലേഡി ശ്രീമതി റസിയ ഇഫ്തിക്കർ,വനിതാ വിഭാഗം സെക്രട്ടറി ശ്രീമതി ബബിത ശ്രീകുമാർ,നിരവധി വ്യവസായ പ്രമുഖർ,സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. അൽ ഐൻ മലയാളി സമാജം അധ്യക്ഷൻ ശ്രീ ഫക്രുദീൻ,ജനറൽ സെക്രട്ടറി ശ്രീ സലിം ബാബു,ട്രഷറർ ശ്രീ അഭയൻ,മീഡിയ കൺവീനർ ശ്രീ ലജീപ് കുന്നുംപുറത്ത് കലാ വിഭാഗം സെക്രട്ടറി ശ്രീ ടിങ്കു പ്രസാദ് നാരായണൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.