കെഎസ്എഫ്ഇ പ്രവാസി ചിട്ടി ; കെഎസ്എഫ്ഇ അധികൃതരുടെ ജിസിസി രാജ്യങ്ങളിലെ പര്യടനം പൂർത്തിയായി

Update: 2024-10-12 09:25 GMT

പ്രവാസി ചിട്ടിയിൽ കൂടുതൽ പേരെ ചേർക്കുന്നതിന് ഗൾഫ് രാജ്യങ്ങളിൽ ബിസിനസ് പ്രമോട്ടർമാരെ നിയമിക്കുമെന്ന് കെഎസ്എഫ്ഇ ചെയർമാൻ കെ. വരദരാജൻ. ഇതിന്‍റെ നിയമ വശങ്ങൾ പരിശോധിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജിസിസി രാജ്യങ്ങളിലെ പര്യടനത്തിന് സമാപനം കുറിച്ച് ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രമോട്ടർമാർക്ക് പത്ത് ശതമാനം കമ്മീഷൻ നൽകും.വരിക്കാർ തുക അടച്ചുകഴിഞ്ഞാൽ ഉടൻ തന്നെ കമ്മീഷൻ തുക ലഭിക്കും. പ്രവാസ ലോകത്തെ സംഘടനകളെ ഇതിനായി പരിഗണിക്കില്ലെന്നും വ്യക്തികളെയാണ് നിയോഗിക്കുകയെന്നും ചെയർമാൻ വ്യക്തമാക്കി. പ്രവാസി സൗഹൃദ മനോഭാവമാണ് കെ എസ് എഫ് ഇ ക്കുള്ളതെന്നും ചിട്ടിയിൽ ചേർന്നവർക്ക് എല്ലാ കാര്യങ്ങളും ഓൺലൈൻ ആയി ചെയ്യാൻ സാധിക്കുമെന്നും വരദരാജൻ പറഞ്ഞു.

ചിട്ടിത്തുക കാലാവധി പൂർത്തിയാകും മുൻപ് ലഭിക്കണമെങ്കിൽ ഈടായി നൽകേണ്ട രേഖകളുടെ കാര്യത്തിൽ പ്രവാസികൾക്ക് മാത്രമായി ഇളവ് നൽകാനാവില്ലെന്ന് ചോദ്യത്തിന് ഉത്തരമായി അദ്ദേഹം വിശദീകരിച്ചു. കേന്ദ്ര-സംസ്ഥാന ചിട്ടി നിയമങ്ങൾക്ക് വിധേയമായാണ് കെഎസ്എഫ്ഇ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പ്രവാസി ചിട്ടിക്ക് പ്രവാസികളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതു വരെ 121 രാജ്യങ്ങളിൽ നിന്നായി ഒരു ലക്ഷത്തിൽ അധികം പേർ ചിട്ടിയിൽ പങ്കാളികളായി. 1200 ചിട്ടികളാണ് പ്രവാസികൾക്ക് വേണ്ടി നടത്തുന്നത്. 2500 രൂപ മുതൽ വ്യത്യസ്ത തുകകൾ തവണകളായി അടയ്ക്കാവുന്ന രീതിയിലാണ് ചിട്ടികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

മടങ്ങി വരുന്ന പ്രവാസികളുടെ പുനരധിവാസത്തിന് വേണ്ടി നോർക്കയുമായി സഹകരിച്ച് കെ എസ് എഫ് ഇ പ്രവർത്തിക്കുന്നുണ്ട്.12000 പേർക്ക് സംരംഭങ്ങൾ തുടങ്ങാൻ 5 ലക്ഷം രൂപ വീതം നൽകിയതായി വരദരാജൻ അറിയിച്ചു. പ്രവാസി ചിട്ടിയിൽ ചേരുന്നതിനെ നിരുത്സാഹപ്പെടുത്തുന്ന ജീവനക്കാരെ ചെയർമാൻ വിമർശിച്ചു.

പ്രവാസികൾക്ക് നിക്ഷേപവാസരം

പ്രവാസികൾക്ക് ചുരുങ്ങിയത് അഞ്ച് മാസത്തെയെങ്കിലും ചിട്ടിത്തുക ഒരുമിച്ച് കെഎസ്എഫ്ഇ യിൽ നിക്ഷേപിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ടെന്ന് കെ. വരദരാജൻ വാർത്താസമ്മേളനത്തിൽ വിശദീകരിച്ചു.ഓരോ തവണയും ചിട്ടിത്തുക ഈ നിക്ഷേപത്തിൽ നിന്ന് കെഎസ്എഫ്ഇ എടുക്കുകയും നിക്ഷേപത്തിന് അർഹമായ പലിശ നൽകുകയും ചെയ്യും.

വയനാട് ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിന് വിവിധോദ്ദേശ്യ സ്ഥിരം ഭവന സംവിധാനം നിർമിക്കാനുള്ള താത്പര്യം സർക്കാരിനെ അറിയിച്ചിട്ടുണ്ട്.കെഎസ്എഫ്ഇ യുടെ ലാഭം കിഫ്ബിക്കാണ് നൽകുന്നത്.സർക്കാരിൽ നിന്ന് കെഎസ്എഫ്ഇക്ക് പലിശ ലഭിക്കുന്നുണ്ട് എന്നും ചെയർമാൻ പറഞ്ഞു.

പ്രവാസികളെ സംബന്ധിച്ച് ഏറ്റവും സുരക്ഷിതവും വിശ്വാസ്യതയുള്ളതുമായ നിക്ഷേപ ഇടമാണ് കെഎസ്എഫ്ഇ എന്നും ഭാവിയിലെ ആവശ്യങ്ങൾ ആശങ്കയില്ലതെ നിറവേറ്റാൻ പ്രവാസി ചിട്ടി പ്രവാസികളെ സഹായിക്കുമെന്നും ഡയറക്ടർ അഡ്വ. യു.പി. ജോസഫ് പറഞ്ഞു. കെഎസ്എഫ്ഇ മാനേജിങ്ങ് ഡയറക്ടർ ഡോ. എസ്.കെ. സനിൽ, ഡയറക്ടർമാരായ അഡ്വ. എം.സി. രാഘവൻ, ആർ. മുഹമ്മദ് ഷാ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    

Similar News