കരാമ പാചകവാതക സിലിണ്ടർ അപകടം: ഒരു മലയാളി കൂടി മരിച്ചു, മരിച്ചവരുടെ എണ്ണം നാലായി

Update: 2023-12-16 07:37 GMT

കരാമയില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. കണ്ണൂർ തലശ്ശേരി പുന്നോൽ സ്വദേശി ഷാനിൽ (25) ആണ് മരിച്ചത്. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. മലപ്പുറം പറവണ്ണ സ്വദേശി യാക്കൂബ്, കണ്ണൂർ തലശേരി പുന്നോൽ സ്വദേശി നിതിൻ ദാസ്, പുന്നോൽ കുഴിച്ചാൽ പൊന്നമ്പത്ത് പൂഴിയിൽ നിസാറിൻ്റെ മകൻ നഹീൽ നിസാർ(25) എന്നിവർ നേരത്തെ മരിച്ചിരുന്നു.

നവംബർ 17ന് അർധ രാത്രി ദുബായ് കരാമയിലെ ഡേ ടു ഡേ ഷോപ്പിങ് കേന്ദ്രത്തിന് സമീപം ബിന്‍ഹൈദര്‍ ബില്‍ഡിങ്ങിലാണ് അപകടമുണ്ടായത്. അപകടത്തിൽ ഒൻപത് പേര്‍ക്ക് സാരമായി പൊള്ളലേറ്റിരുന്നു. ജോലി കഴിഞ്ഞ് വന്ന് താമസ സ്ഥലത്ത് വിശ്രമിക്കുകയായിരുന്ന മലയാളികളാണ് അപകടത്തിൽപ്പെട്ടവർ. ഒരേ ഫ്ലാറ്റിലെ മൂന്ന് മുറികളിൽ താമസിച്ചിരുന്ന ഇവരെല്ലാം മൊബൈൽ ഫോണിലും മറ്റും മുഴുകിയിരിക്കുമ്പോഴായിരുന്നു ഫ്ലാറ്റിൻ്റെ അടുക്കളയിലെ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചത്.

മിക്കവരും വർഷങ്ങളായി ഇവിടെ താമസിക്കുന്നവരാണ്. എല്ലാവരും രാത്രി ഭക്ഷണമൊക്കെ കഴിച്ച് ഉറങ്ങാനുള്ള തയാറെടുപ്പിലായിരുന്നു. അപ്പോഴാണ് ഫ്ലാറ്റിൻ്റെ അടുക്കളയിൽ നിന്ന് പൊട്ടിത്തെറി ശബ്ദം കേട്ടത്. അപകടത്തിൽ നേരിയ പരുക്കുകളോടെ രക്ഷപ്പെട്ട തലശ്ശേരി സ്വദേശി ഫവാസ്, ഷാനിൽ, റിഷാദ് എന്നിവരാണ് അപകടസമയത്ത് ഒരു മുറിയിലുണ്ടായിരുന്നത്. ഇവരെല്ലാം മുപ്പതിന് താഴെ മാത്രം പ്രായമുള്ളവരാണ്. അടുത്തുള്ള മുറികളിലൊന്നിൽ മെസ് നടത്തിയിരുന്ന നാല് പേരായിരുന്നു താമസിച്ചിരുന്നത്. രണ്ടു പേർ രണ്ട് ശുചിമുറികളിലായിരുന്നു . ഇവർക്കാണു ഗുരുതര പരുക്കേറ്റത്. മൂന്നു മുറികളിലായി 17 പേരാണ് ഫ്ളാറ്റിൽ താമസിച്ചിരുന്നത്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ സമീപത്തെ ഫ്ലാറ്റിലെ രണ്ട് മലയാളി യുവതികൾക്കും പരുക്കേറ്റിരുന്നു. 

Tags:    

Similar News