അജ്‌മാൻകാരുടെ കന്തൂറ കുഞ്ഞോൻ നാട്ടിലേക്ക് മടങ്ങി ; അവസാനിച്ചത് 47 വർഷത്തെ പ്രവാസ ജീവിതം
47 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചാണ് മൊയ്തീൻ നാട്ടിലേക്ക് മടങ്ങുന്നത്. അറബികൾക്കിടയിൽ മൊയ്തീനായും അജ്മാൻകാരുടെ 'കന്തൂറ കുഞ്ഞോനാ'യും നാട്ടുകാര്‍ക്കിടയില്‍ കുഞ്ഞിമോനായും നാലര പതിറ്റാണ്ടിലധികം പ്രവാസം അനുഭവിച്ചു തിരൂര്‍ തൃപ്രങ്ങോട് സ്വദേശി കളത്തിപ്പറമ്ബില്‍ കുഞ്ഞിമൊയ്തീൻ.
47 വര്‍ഷം അന്നം തന്ന അറബ് നാടിന്‍റെ വിവിധ വളര്‍ച്ചഘട്ടങ്ങള്‍ കണ്ട കുഞ്ഞിമൊയ്തീൻ പ്രവാസ ലോകത്തെ നാല് തലമുറകളുമായുള്ള സുഹൃത്ബന്ധവും പടുത്തുയര്‍ത്തിയാണ് നാട്ടിലേക്ക് മടങ്ങുന്നത്. 1976 ഒക്ടോബര്‍ 24നാണ് കുഞ്ഞിമൊയ്തീൻ ദുബൈയില്‍ വന്നിറങ്ങിയത്.
അതുവരെ നാട്ടിലെ പള്ളിയിലും ദര്‍സിലും മുസ്‍ലിയാരായി ജോലി ചെയ്തുവരുകയായിരുന്നു. അമ്മാവൻ കന്മനം ബാവാഹാജിയാണ് ഗള്‍ഫിലേക്കുള്ള വിസ അയച്ചുനല്‍കുന്നത്. കുടുംബം പോറ്റാനുള്ള വലിയ ഉത്തരവാദിത്തവും പേറി തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നും വണ്ടി കയറി ബോംബെ എയര്‍പോര്‍ട്ടില്‍ എത്തി. ഒരാഴ്ചക്ക് ശേഷമാണ് ദുബൈയിലേക്കുള്ള ടിക്കറ്റ് ലഭിച്ചത്. അവിടെ നിന്ന് ബ്രിട്ടീഷ് എയര്‍വേയ്സ് ഫ്ലൈറ്റില്‍ ദുബൈയില്‍ വന്നിറങ്ങി. അന്ന് 16 വയസ്സായിരുന്നു കുഞ്ഞിമൊയ്തീന്റെ പ്രായം. മദ്രാസില്‍നിന്നും മൈനര്‍ പാസ്പോര്‍ട്ട് സംഘടിപ്പിച്ചാണ് വരവ്.
കുറച്ചുകാലം അമ്മാവന്‍റെ കൂടെ സഹായിയായി. പിന്നീട് ഒരു ഈജിപ്ഷ്യൻ പൗരന്‍റെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ സാബിയയില്‍ ജോലിക്കു കയറി. കുറച്ചു കാലം എ.ടി.എസ്. അലി ഹാജിയുടെ ജഫ്രാൻ സ്റ്റോറില്‍ ജോലിചെയ്തു. 1979ലാണ് അബൂദബി കേന്ദ്രമായുള്ള ഫെഡറല്‍ ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടര്‍ അതോറിറ്റിയില്‍ ഓഫിസ് ബോയ് ആയി ജോലി ലഭിച്ചത്. യു.എ.ഇ ഡ്രൈവിങ് ലൈസന്‍സ് കരസ്ഥമാക്കിയതോടെ 1990ല്‍ മിനിസ്റ്ററി ഓഫ് എനര്‍ജി എന്ന ഡിപ്പാര്‍ട്ട്മെന്‍റിലേക്ക് ഡ്രൈവറായി ജോലിമാറ്റം ലഭിച്ചു. അന്നുമുതല്‍ തിരിച്ചുപോകുന്നതുവരെ 33 വര്‍ഷക്കാലം ഈ ജോലിയില്‍തന്നെ തുടര്‍ന്നു.
അറബി വേഷമായ കന്തൂറ മാത്രം കാലങ്ങളായി ധരിച്ചു വരുന്നതുകൊണ്ടു തന്നെ അജ്‌മാൻ മലയാളികള്‍ക്കിടയില്‍ കന്തൂറ കുഞ്ഞോൻ എന്നാണ് അറിയപ്പെടുന്നത്. അഞ്ചു സഹോദരിമാരുടെയും മൂന്ന് പെണ്മക്കളുടെയും വിവാഹം നടത്തി. സഹോദരന്മാരെയും മകനെയും യു.എ.ഇയില്‍ ജോലിക്കു കൊണ്ടുവന്നു.
കുറച്ചു കാലം അജ്‌മാൻ കെ.എം.സി.സി.യില്‍ തവനൂര്‍ മണ്ഡലം പ്രസിഡന്‍റായി പ്രവര്‍ത്തിച്ചു. തിരൂര്‍ തൃപ്രങ്ങോട്ടെ പരേതരായ കളത്തിപ്പറമ്ബില്‍ മുഹമ്മദിന്‍റെയും ആയിഷുമ്മയുടെയും മകനാണ് കുഞ്ഞി മൊയ്തീൻ. കദീജയാണ് ഭാര്യ.