കണിക്കൊന്ന പുരസ്‌കാര വിജയാഘോഷവും അധ്യാപക സംഗമവും നടന്നു

Update: 2024-04-18 10:29 GMT

മലയാളം മിഷൻ ദുബായ് ചാപ്റ്റർ കണിക്കൊന്ന അവാർഡ് കരസ്ഥമാക്കിയതിന്റെ വിജയാഘോഷവും ഈസ്റ്റർ-ഈദ് -വിഷു ആഘോഷവും സംഘടിപ്പിച്ചു. മാധ്യമപ്രവർത്തകയും ലോക കേരളസഭാംഗവുമായ തൻസി ഹാഷിർ ഉദ്ഘാടനം ചെയ്ത ആഘോഷപരിപാടിയിൽ ദുബായ് ചാപ്റ്റർ പ്രസിഡന്റ് അംബുജം സതീഷ് അധ്യക്ഷയായി.

മലയാളം മിഷൻ ദുബായ് ചാപ്റ്റർ ചെയർമാൻ വിനോദ് നമ്പ്യാർ, കവിയും യുഎഇയിലെ പ്രമുഖ മലയാളം അധ്യാപകനുമായ മുരളി മംഗലത്ത്, ലോകകേരള സഭാംഗം അനിത ശ്രീകുമാർ,ഓർമ്മ രക്ഷാധികാരി റിയാസ് കൂത്തുപറമ്പിൽ, ഓർമ്മ പ്രസിഡണ്ട് ഷിജു ബഷീർ, ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ, മലയാളം മിഷൻ ദുബായ് മുൻ കൺവീനർ ശ്രീകല ,യുവകലാസാഹിതി സെൻട്രൽപ്രസിഡന്റ് സുഭാഷ് ദാസ്, മലയാളം മിഷൻ വൈസ് പ്രസിഡന്റും ലോക കേരള സഭ ക്ഷണിത വുമായ സർഗ റോയ്, ഓർത്തഡോക്സ് ചർച്ച് പ്രതിനിധി റോബിൻ, അക്കാഡമിക് കോഡിനേറ്റർ സ്വപ്ന സജി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . ദുബായ് ചാപ്റ്റർ സെക്രട്ടറി ദിലീപ് സി എൻ എൻ സ്വാഗതവും കൺവീനർ ഫിറോസിയ കൃതജ്ഞതയും രേഖപ്പെടുത്തി.

ആഗോളതലത്തിൽ ഏറ്റവും മികച്ച ചാപ്റ്ററിനുള്ള അവാർഡ് ആണ് കണിക്കൊന്ന അവാർഡ്. 80ലേറെ ചാപ്റ്ററുകളെ പിന്തള്ളിയാണ് ദുബായ് ചാപ്റ്റർ ഈ നേട്ടം കൈവരിച്ചത്. മലയാളം മിഷൻ ആഗോളതലത്തിൽ നടത്തിയ ഓണമലയാളം ഓണപ്പാട്ട് മത്സരത്തിന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ദുബായ് സൂപ്പർ സീനിയേഴ്സ് ടീമിലെ അംഗങ്ങൾ സമ്മാനാർഹമായ ഗാനം ആലപിച്ചു. സീനിയർ കുട്ടികളുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനം ലഭിച്ച വിദ്യാർഥിനി റിസാ ഫാത്തിമയും സമ്മാനാർഹമായ ഗാനം അവതരിപ്പിച്ചു. ആഗോളതലത്തിൽ നടത്തിയ അത്തപ്പൂക്കളം , ഓണപ്പാട്ട് തുടങ്ങിയ മത്സരങ്ങളിലെ വിജയിച്ചവർക്കുള്ള സർട്ടിഫിക്കറ്റുകളും ട്രോഫികളും ചടങ്ങിൽ വച്ച് കൈമാറി.

അക്ബർഷാ, സന്ധ്യ, സുനേഷ് എന്നീ അധ്യാപകർ ഈദ്,വിഷു,ഈസ്റ്റർ എന്നിവ പ്രമേയമാക്കിയുള്ള ഗാനങ്ങളും അവതരിപ്പിച്ചു. കരാമ എസ് എൻ ജി ഹാളിൽ വച്ച് നടന്ന പരിപാടിയിൽ ചാപ്റ്റർ ഭാരവാഹികളും മേഖല കോർഡിനേറ്റർമാരും , ജോയിന്റ് കോർഡിനേറ്റർമാരും,അധ്യാപകരും അഭ്യുദയകാംക്ഷികളുമുൾപ്പെടെയുള്ളവർ പങ്കെടുത്തു.

Tags:    

Similar News