പ്രവാസികളോടുള്ള വിമാനടിക്കറ്റ് കൊള്ള അവസാനിപ്പിക്കണം: എം.വിന്‍സന്റ് എംഎല്‍എ

Update: 2024-10-05 11:07 GMT

അബുദാബി: സീസണ്‍ കാലത്ത് അമിതമായ വിമാന ടിക്കറ്റ് നിരക്ക് ഈടാക്കി പ്രവാസികളെ കൊള്ളയടിക്കുന്ന സമീപനം അവസാനിപ്പിക്കണമെന്ന് കോവളം എംഎല്‍എ; എം.വിന്‍സന്റ് ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് പരിഹാരം കണ്ടെത്തണം. മിതമായ നിരക്കില്‍ വിമാനസര്‍വീസ് സാധ്യമല്ലെന്ന വിമാനക്കമ്പനികളുടെ വാദം തെറ്റാണ്. കോവിഡ് കാലത്തും മറ്റും എല്ലാവര്‍ക്കും താങ്ങാന്‍ പറ്റുന്ന നിരക്കില്‍ വിമാനസര്‍വീസുകള്‍ നടത്തിയത് നമ്മളെല്ലാം കണ്ടതാണ്. എന്നാല്‍ സ്‌കൂള്‍ അവധിക്കാലത്തും മറ്റും പ്രവാസികള്‍ക്ക് നാട്ടില്‍ പോവാന്‍ കഴിയാത്ത വിധം ടിക്കറ്റ് നിരക്ക് ഈടാക്കുകയാണ്.

ഈ അനീതി കേന്ദ്രസര്‍ക്കാര്‍ വിചാരിച്ചാല്‍ ഇല്ലാതാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. അബുദാബിയില്‍ സംഘടിപ്പിച്ച ഡയസ്‌പോറ സമ്മിറ്റ് ഇന്‍ ഡല്‍ഹിയുടെ പ്രഖ്യാപന പ്രചാരണ കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. യുഎഇയിലെ പ്രവാസി സംഘടനകളുടെ ഈ പ്രഖ്യാപനം ചരിത്ര സംഭവമാകുമെന്നതില്‍ സംശയമില്ല. കാലങ്ങളായി തുടരുന്ന അനീതിക്കെതിരെയുള്ള ഒറ്റക്കെട്ടായ ഈ ജനാധിപത്യ പോരാട്ടം വിജയം കാണുക തന്നെ ചെയ്യും.

അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് പ്രവാസി വോട്ടവകാശം. രാജ്യത്തെ ഭരണസംവിധാനത്തെ തെരഞ്ഞെടുക്കുന്ന വോട്ടെടുപ്പ് സംവിധാനത്തില്‍ ഓരോ പൗരനുമുള്ള അവകാശം പ്രവാസികള്‍ക്കുമുണ്ട്. അത് നിഷേധിക്കുന്ന സമീപനം ശരിയല്ല. എല്ലാ വിഭാഗീയതകളും മാറ്റിവെച്ചുള്ള ഈ പ്രവാസി മുന്നേറ്റം ലക്ഷ്യം കാണുമെന്നും ഡല്‍ഹി സമ്മിറ്റില്‍ പങ്കെടുക്കാന്‍ ശ്രമിക്കുമെന്നും എം.വിന്‍സെന്റ് എംഎല്‍എ പറഞ്ഞു.

Similar News