‘ഡയസ്‌പോറ സമ്മിറ്റ് ഇന്‍ ഡല്‍ഹി’ഡിസംബര്‍ 5ന്

Update: 2024-10-05 11:11 GMT

അബുദാബി : രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ഉലയാതെ പിടിച്ചുനിര്‍ത്തുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന പ്രവാസി സമൂഹം വിമാനടിക്കറ്റ് നിരക്കിന്റെ പേരില്‍ വേട്ടയാടപ്പെടുന്നത് നീതീകരിക്കാനാവുന്നതല്ലെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പ്രവാസികള്‍ ഓരോ രാജ്യത്തിന്റെയും നട്ടെല്ലാണ്. ജീവിതം തേടി രാജ്യം വിടുന്ന ഓരോ പ്രവാസിയുടെയും അകത്തളങ്ങളില്‍ ജനിച്ച നാടും ബന്ധുമിത്രാദികളും നിറഞ്ഞുനില്‍ക്കുന്നുണ്ടാവും. വര്‍ഷത്തിലൊരിക്കല്‍ നാടണയാനുള്ള അവരുടെ ആഗ്രഹത്തെ വിമാനക്കമ്പനികള്‍ ചൂഷണം ചെയ്യുന്നത് അന്യായമായ കാഴ്ചയാണെന്നും തങ്ങള്‍ പറഞ്ഞു. ഡയസ്‌പോറ സമ്മിറ്റ് ഇന്‍ ഡല്‍ഹിയുടെ പ്രഖ്യാപന പ്രചാരണ കണ്‍വെന്‍ഷന്‍ അബുദാബിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

രണ്ടാഴ്ചക്കാലം അമേരിക്ക സന്ദര്‍ശിക്കാനുള്ള സാഹചര്യമുണ്ടായപ്പോള്‍ അവിടെയുള്ള മലയാളി സമൂഹവുമായി ഇടപഴകാന്‍ അവസരം ലഭിച്ചിരുന്നു. യുഎസില്‍ കുടിയേറിപ്പാര്‍ത്ത ഭൂരിപക്ഷം മലയാളികളും അവിടുത്തെ പൗരത്വം സ്വീകരിച്ചവരാണ്. എന്നിരുന്നാലും ജന്മനാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൈവിടാതെയാണ് അവരൊക്കെ അവിടെ കഴിയുന്നത്. വര്‍ഷത്തിലൊരിക്കലെങ്കിലും നാട്ടിലേക്ക് വരാന്‍ അവരൊക്കെ ആഗ്രഹിക്കുന്നു. എന്നാല്‍ ഗള്‍ഫ് പ്രവാസികള്‍ നിരന്തരം നാട്ടിലേക്ക് യാത്ര ചെയ്യുന്നവരാണ്. സ്‌കൂള്‍ അവധിക്കാലത്താണ് ഗള്‍ഫിലെ മലയാളികള്‍ കുടുംബസമേതം നാട്ടിലേക്കും തിരിച്ചും യാത്ര ചെയ്യുന്നത്.

ഈ അവസരം മുതലെടുത്ത് വിമാനക്കമ്പനികള്‍ പ്രവാസികളെ പിഴിയുകയാണ്. സാധാരണക്കാരായ പ്രവാസികള്‍ക്ക് ഒരു വര്‍ഷത്തെ സമ്പാദ്യം മുഴുവനും വിമാനടിക്കറ്റിനായി ചെലവഴിക്കേണ്ട അവസ്ഥ വരെയുണ്ട്. ഈ സ്ഥിതി മാറേണ്ടത് അനിവാര്യമായിരിക്കുന്നു. വളരെ നിര്‍ണായകമായ അവശ്യമുന്നയിച്ച് അബുദാബിയിലെ പ്രവാസി സംഘടനകള്‍ ഒരുക്കുന്ന ഈ മുന്നേറ്റം മാതൃകാപരമാണ്, അനിവാര്യമാണ്. അതുപോലെ തന്നെയാണ് പ്രവാസി വോട്ടവകാശവും. പ്രവാസികളുടെ ദീര്‍ഘകാലത്തെ ആവശ്യമാണത്. ജനാധിപത്യപരവും ഭരണഘടനാപരവുമായ അവകാശമാണ് ഒരു പൗരന്റെ വോട്ടവകാശം. പ്രവാസി ആയതുകൊണ്ടുമാത്രം അത് നിഷേധിക്കപ്പെടുന്നത് ശരിയല്ലെന്നും ഈ പോരാട്ടത്തില്‍ പ്രവാസികള്‍ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും മുനവ്വറലി തങ്ങള്‍ പറഞ്ഞു. ഇന്ത്യന്‍ ഇസ്്‌ലാമിക് സെന്ററില്‍ നടന്ന പരിപാടിയില്‍ അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂര്‍ അലി കല്ലുങ്ങല്‍ അധ്യക്ഷനായി. ഡിസംബര്‍ 5ന് ഡല്‍ഹിയില്‍ നടക്കുന്ന ഡയസ്‌പോറ സമ്മിറ്റിന്റെ പ്രചാരണ പോസ്റ്റര്‍ പ്രകാശനം മുനവ്വറലി തങ്ങളും കോവളം എംഎല്‍എ; എം.വിന്‍സന്റും ചേര്‍ന്ന് നിര്‍വഹിച്ചു.

പ്രവാസി വിമാനയാത്ര നിരക്ക്, പ്രവാസി വോട്ടവകാശം തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തി ഡിസംബര്‍ 5ന് വൈകുന്നേരം 6 മണിക്ക് ഡല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബ് ഹാളില്‍ സംഘടിപ്പിക്കുന്ന ഡയസ്‌പോറ സമ്മിറ്റില്‍ എംപിമാരും മന്ത്രിമാരും പങ്കെടുക്കും. അബുദാബിഡല്‍ഹി കെഎംസിസികളുടെ നേതൃത്വത്തില്‍ യുഎഇയിലെ മുപ്പതിലധികം പ്രവാസി സംഘടനകളുടെ ആഭിമുഖ്യത്തിലാണ് സമ്മിറ്റ് നടക്കുന്നത്. നേരത്തെ നടത്താനുദ്ദേശിച്ചിരുന്ന പരിപാടി വയനാട് ദുരന്ത പശ്ചാത്തലത്തില്‍ ഡിസംബറിലേക്ക് മാറ്റിവെക്കുകയായിരുന്നു. ഇന്നലെ നടന്ന പ്രഖ്യാപന പ്രചാരണ കണ്‍വെന്‍ഷനില്‍ അബുദാബി കെഎംസിസി ജനറല്‍ സെക്രട്ടറി സി.എച്ച് യൂസുഫ് സ്വാഗതം പറഞ്ഞു. എം.വിന്‍സെന്റ് എംഎല്‍എ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ഇന്ത്യന്‍ ഇസ്്‌ലാമിക് സെന്റര്‍ വൈസ് പ്രസിഡന്റ് വി.പി.കെ അബ്ദുല്ല, ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് ബി.യേശുശീലന്‍, സലീം ചിറക്കല്‍ പ്രസംഗിച്ചു. കെഎംസിസി സെക്രട്ടറി ടി.കെ സലാം നന്ദി പറഞ്ഞു.

Similar News