കരാമയിലെ പാചകവാതക സിലിണ്ടർ അപകടം; യാക്കൂബിന്‍റെ മൃതദേഹം നാട്ടിലെത്തിച്ചു, നിതിൻദാസിന്‍റെ ഇന്ന് രാത്രി കൊണ്ടുപോകും
ദുബായ് കരാമയില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ മരിച്ച മലപ്പുറം സ്വദേശി യാക്കൂബ് അബ്ദുല്ല(42)യുടെ മൃതദേഹം നാട്ടിലെത്തിച്ചു. ശനിയാഴ്ച രാത്രി 10ന് ഷാര്‍ജ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്. അപകടത്തിൽ യാക്കൂബിനെ കൂടാതെ മരണമടഞ്ഞ കണ്ണൂർ തലശ്ശേരി പുന്നോൽ സ്വദേശി നിതിൻ ദാസിന്റെ മൃതദേഹം ഇന്ന്(ചൊവ്വ) രാത്രി നാട്ടിലേക്ക് കൊണ്ടുപോകും.
കഴിഞ്ഞ ബുധനാഴ്ച രാത്രിയായിരുന്നു ദുബായ് കരാമയിലെ ഡേ ടു ഡേ ഷോപ്പിങ് കേന്ദ്രത്തിന് സമീപം ബിന്‍ഹൈദര്‍ ബില്‍ഡിങ്ങിൽ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. അപകടത്തിൽ 9 പേര്‍ക്ക് സാരമായി പൊള്ളലേറ്റു. ഇവർ സുഖം പ്രാപിച്ചുവരുന്നു. മലയാളികളാണ് അപകടത്തിൽപ്പെട്ടവർ. ഒരേ ഫ്ലാറ്റിലെ മൂന്ന് മുറികളിൽ താമസിച്ചിരുന്ന ഇവരെല്ലാം റൂമിൽ വിശ്രമിക്കുമ്പോഴായിരുന്നു ഫ്ലാറ്റിന്‍റെ അടുക്കളയിലെ പാചക വാതക സിലിണ്ടർ പൊട്ടിത്തെറിച്ചത്. അപകടത്തിൽ നേരിയ പരുക്കുകളോടെ രക്ഷപ്പെട്ട തലശ്ശേരി സ്വദേശി ഫവാസ്, ഷാനിൽ, റിഷാദ് എന്നിവരാണ് അപ്പോൾ ഒരു മുറിയിലുണ്ടായിരുന്നത്. ഇവരെല്ലാം മുപ്പതിന് താഴെ മാത്രം പ്രായമുള്ളവരാണ്. ഇതിൽ ഷാനിൽ പൊള്ളലേറ്റ് റാഷിദ് ആശുപത്രിയിൽ ചികിത്സയിലാണ്. അടുത്തുള്ള മുറികളിലൊന്നിൽ മെസ് നടത്തിയിരുന്ന നാല് പേരായിരുന്നു താമസിച്ചിരുന്നത്. രണ്ടു പേർ 2 ബാത്റൂമുകളിലായിരുന്നു. ഇവർക്കാണ് ഗുരുതര പരുക്കേറ്റത്.
മൂന്ന് മുറികളിലായി 17 പേരാണ് ഫ്ളാറ്റിൽ താമസിച്ചിരുന്നത്. റാഷിദ് ആശുപത്രിയില്‍ അഞ്ചുപേരും എൻഎംസി ആശുപത്രിയിൽ നാലുപേരും ചികിൽസയിൽ കഴിയുന്നു. പൊട്ടിത്തെറിയുടെ ആഘാതത്തിൽ സമീപത്തെ ഫ്ലാറ്റിലെ മലയാളി യുവതികളിൽ രണ്ട് പേര്‍ക്കും പരുക്കേറ്റിരുന്നു.