ചിരന്തനയുടെ 'അൽ റയ്യാൻ' റമദാൻ പ്രത്യേക പതിപ്പ് പ്രകാശനം ചെയ്തു

Update: 2023-04-14 11:18 GMT

ചിരന്തന പ്രസിദ്ധീകരിച്ച പ്രത്യേക റമദാൻ പതിപ്പ് ദുബായ് സംസം മന്തി റെസ്റ്റോറന്റ് ഹാളിൽ സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ പ്രകാശനം ചെയ്തു. ചിരന്തന വൈസ് പ്രസിഡന്റും യാബ് ലീഗൽ സർവീസസ് സ്ഥാപക സിഇഒയുമായ സലാം പാപ്പിനിശ്ശേരി പെർഫെക്ട് ഗ്രൂപ് മാനേജിംഗ് ഡയറക്ടർ അഡ്വ. സിറാജുദ്ദീന് ആദ്യ പ്രതി നൽകിയായിരുന്നു പ്രകാശനം.

ചിരന്തന പ്രസിഡൻറ് പുന്നക്കൻ മുഹമ്മദലി, അവന്യൂ ട്രാവൽസ് എം ഡി ഷഫീഖ്, യാബ് ലീഗൽ സർവീസസ് മാനേജർ ഫർസാന, കെഎംസിസി നേതാവ് ടി.പി അബ്ബാസ് ഹാജി, ജലീൽ പട്ടാമ്പി, എൻ.എ.എം ജാഫർ, സാദിഖ് ബാലുശ്ശേരി, ചിരന്തന ട്രഷറർ ടി.പി അഷ്‌റഫ് എന്നിവരും പ്രകാശന ചടങ്ങിൽ സംബന്ധിച്ചു. ചിരന്തനയുടെ നാൽപ്പത്തി രണ്ടാമത്തെ പുസ്തകമാണ് ഇതെന്നും അടുത്ത ഷാർജ രാജ്യാന്തര പുസ്തകോത്സവത്തോടെ 50ലധികം പുസ്തകങ്ങളാകുമെന്നും പുന്നക്കൻ മുഹമ്മദലി പറഞ്ഞു. പുസ്തകങ്ങളിലൂടെയും മറ്റു സർഗാത്മക പ്രവർത്തനങ്ങളിലൂടെയും കൂടുതൽ സജീവതയുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 22 വർഷങ്ങൾക്കകം ഗൾഫിലെ സാംസ്‌കാരിക മേഖലയിലെ ഏറ്റവും ശ്രദ്ധേയമായ പ്രസ്ഥാനമായി ചിരന്തന മാറിയെന്നും ഇത് അഭിമാനകരമാണെന്നും അത്തരം പ്രവർത്തനങ്ങൾ തുടരുമെന്നും സലാം അഭിപ്രായപ്പെട്ടു. സാംസ്‌കാരിക, സാഹിത്യ മേഖലകളിലെ നിരവധി പ്രമുഖർ പ്രകാശന ചടങ്ങിന് സാക്ഷ്യം വഹിച്ചു. അതിഥികൾക്ക് ഇഫ്താർ വിരുന്നും ഒരുക്കിയിരുന്നു.

Similar News