രക്ഷിതാക്കളില്ലാതെ യാത്ര ചെയ്യുന്ന കുട്ടികളുടെ സർവിസ് ചാർജ് ഇരട്ടിയാക്കി
രക്ഷിതാക്കളില്ലാതെ യാത്ര ചെയ്യുന്ന കുട്ടികളുടെ സർവിസ് ചാർജ് ഇരട്ടിയാക്കി എയർ ഇന്ത്യ. 5,000 രൂപയിൽനിന്ന് ഒറ്റയടിക്ക് 10,000 രൂപയാക്കിയാണ് വർധിപ്പിച്ചത്. കുട്ടികളുടെ വിമാന ടിക്കറ്റ് നിരക്കിന് പുറമെയാണ് സർവിസ് ചാർജെന്ന പേരിൽ തുക ഈടാക്കുന്നത്.
എയർ ഇന്ത്യ എക്സ്പ്രസിൻറെ വെബ്സൈറ്റിലെ വിവരങ്ങൾ പ്രകാരം യു.എ.ഇയിൽ അഞ്ചിനും 18നും ഇടയിൽ പ്രായമുള്ള കുട്ടികളെയാണ് രക്ഷിതാക്കൾ അനുഗമിക്കേണ്ട വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അതേസമയം രണ്ട് മാസം മുമ്പുതന്നെ, പ്രായപൂർത്തിയാവാത്ത കുട്ടികൾക്കുള്ള സർവിസ് ചാർജ് പരിഷ്‌കരിച്ചിരുന്നതായി എയർ ഇന്ത്യൻ എക്സ്പ്രസ് കാൾസെൻറർ ഏജൻറ് പറഞ്ഞു.
യു.എ.ഇയിലെ മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് എയർ ഇന്ത്യ എക്സ്പ്രസിൻറെ തീരുമാനം വൻ തിരിച്ചടിയാണ്. മിക്ക രക്ഷിതാക്കൾക്കും അവധി ലഭിക്കാത്തതിനാൽ കുട്ടികളെ തനിച്ചാണ് നാട്ടിലേക്ക് അയച്ചിരുന്നത്. ഇവരെ തിരികെ എത്തിക്കാനായി ഉയർന്ന ടിക്കറ്റ് നിരക്ക് കൂടാതെ സർവിസ് ചാർജിനത്തിലും വൻ തുകയാണ് ചെലവഴിക്കേണ്ടി വരുന്നത്.