അബുദാബിയിൽ മാലിന്യടാങ്ക് വൃത്തിയാക്കുന്നതിനിടെ അപകടം ; രണ്ട് മലയാളികൾ മരിച്ചു

Update: 2024-10-23 14:45 GMT

മാലിന്യ ടാങ്ക്​ വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച്​ രണ്ട്​ മലയാളികൾ അബൂദബിയിൽ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. അല്‍ റീം ഐലൻഡിലെ താമസ​ കെട്ടിടത്തിൽ ബുധനാഴ്ച ഉച്ചക്ക്​ 2.20നായിരുന്നു അപകടം.

പാലക്കാട് സ്വദേശി രാജ്കുമാര്‍ ,പത്തനംതിട്ട കോന്നി സ്വദേശി അജിത്ത് വള്ളിക്കോട് എന്നിവരാണ് മരിച്ച മലയാളികള്‍. പഞ്ചാബ്​ സ്വദേശിയാണ്​ രക്ഷപ്പെട്ടതെന്നാണ്​ വിവരം. ഇയാൾ ഐ.സി.യുവിയിൽ ചികിത്സയിലാണ്​.

ബുധനാഴ്ച ഉച്ചയോടെയാണ്​ മലയാളികളായ തൊഴിലാളികൾ മാലിന്യ ടാങ്ക്​ വൃത്തിയാക്കാൻ ആരംഭിച്ചത്​. ഇതിനിടെ ആദ്യം ടാങ്കിൽ ഇറങ്ങിയ ആളെ കാണാതാവുകയായിരുന്നു. തുടർന്ന്​ രണ്ടാമത്തെ ആളും ടാങ്കിൽ ഇറങ്ങിയെങ്കിലും ഇദ്ദേഹത്തെയും കാണാതാവുകയും തുടർന്ന്​ ഇവരെ അന്വേഷിച്ച്​ മൂന്നാമനും ഇറങ്ങുകയായിരുന്നു. എന്നാൽ മൂവരും വിഷവാതകം ശ്വസിച്ച്​ ടാങ്കിൽ കുഴഞ്ഞുവീഴുകയായിരുന്നു.

മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി. കോന്നി മണപ്പാട്ടിൽ വടക്കേത്തിൽ രാമചന്ദ്രക്കുറുപ്പിന്‍റെയും ശ്യാമളയമ്മയുടെയും മകനാണ് അജിത്ത്. അശ്വതിയാണ് ഭാര്യ. മൂന്നര വയസ്സുള്ള മകനുണ്ട്. അബൂദബി പൊലീസ്​ കേസ്​ രജിസ്റ്റർ ചെയ്ത്​ അന്വേഷണം ആരംഭിച്ചിട്ടുണ്ട്​.

Tags:    

Similar News