കത്തോലിക്കാ രാജ്യമായ കിഴക്കൻ തിമോറില്‍ മൂന്നു ദിവസത്തെ സന്ദർശനത്തിനായി ഫ്രാൻസിസ് മാർപാപ്പ എത്തി. പാപ്പുവ ന്യൂഗിനിയയിലെ സന്ദർശനം പൂർത്തിയാക്കി പ്രാദേശികസമയം ഇന്നലെ ഉച്ചകഴിഞ്ഞ് 2.20ന് (ഇന്ത്യൻ സമയം രാവിലെ 10.50) കിഴക്കൻ തിമോർ തലസ്ഥാനമായ ദിലിയില്‍ എത്തിയ മാർപാപ്പയെ പ്രസിഡന്റ് ജോസ് റാമൊസ് ഹൊർതയും പ്രധാനമന്ത്രി ക്സാനന ഗുസ്മാവും ചേർന്നു വിമാനത്താവളത്തിലെത്തി സ്വീകരിച്ചു. തുടർന്ന് കുട്ടികളുടെ സ്വീകരണമേറ്റുവാങ്ങിയ മാർപാപ്പ രാജ്യത്തെ രാഷ്ട്രീയ-ഉദ്യോഗസ്ഥ, നയതന്ത്ര പ്രതിനിധികളെ അഭിസംബോധന ചെയ്തു. തിമോർ ജനതയുടെ ദൈവവിശ്വാസം അവരുടെ സംസ്കാരമാകട്ടെയെന്നു മാർപാപ്പ പറഞ്ഞു.
രാജ്യത്ത് നിലനില്‍ക്കുന്ന സമാധാനത്തിലും സ്വാതന്ത്ര്യത്തിലും ദൈവത്തിനു നന്ദി പറയുന്നതായും മാർപാപ്പ പറഞ്ഞു. വലിയ സഹനങ്ങള്‍ക്കും വിചാരണയ്ക്കുമൊടുവില്‍ രാജ്യത്തെ വികസനത്തിന്റെ പാതയില്‍ നയിക്കുന്ന ജനത്തെ മാർപാപ്പ അഭിനന്ദിച്ചു. ഒപ്പം ഇന്തോനേഷ്യയുമായി അനുരഞ്ജനപ്പെട്ടു പോകുന്നതിനെയും മാർപാപ്പ പ്രകീർത്തിച്ചു. ദാരിദ്ര്യം, മയക്കുമരുന്ന്, അക്രമം തുടങ്ങിയ പുതിയ വെല്ലുവിളികളും പ്രശ്നങ്ങളും രാജ്യത്തെ അലട്ടുന്നുണ്ടെന്നും ഇതു തരണം ചെയ്യേണ്ടിയിരിക്കുന്നുവെന്നും മാർപാപ്പ ഓർമിപ്പിച്ചു. തുടർന്ന് നിരവധി വാഹനങ്ങളുടെ അകന്പടിയോടെ ആറു കിലോമീറ്റർ അകലെയുള്ള വത്തിക്കാൻ സ്ഥാനപതി കാര്യാലയത്തിലേക്ക് മാർപാപ്പ പോയി.
തുറന്ന വാഹനത്തില്‍ സഞ്ചരിച്ച മാർപാപ്പയെ റോഡിനിരുവശവും തിങ്ങിനിറഞ്ഞ പതിനായിരക്കണക്കിന് ജനങ്ങള്‍ ദേശീയ പതാകകളും വത്തിക്കാൻ പതാകകളും വർണക്കുടകളും വഹിച്ച് വരവേറ്റു. നഗരത്തിലെ ബീച്ചില്‍ മാർപാപ്പ ഇന്ന് വിശുദ്ധ കുർബാനയർപ്പിക്കും. കുർബാനയില്‍ പങ്കെടുക്കാനായി മൂന്നു ലക്ഷത്തോളം പേർ രജിസ്റ്റർ ചെയ്തിട്ടുള്ളതായി അധികൃതർ പറഞ്ഞു. എങ്കിലും ഏഴര ലക്ഷത്തോളം പേരെങ്കിലും വിശുദ്ധ കുർബാനയില്‍ പങ്കെടുക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. ഇന്തോനേഷ്യക്കെതിരേ നടന്ന 24 വർഷം നീണ്ടുനിന്ന രക്തരൂഷിത കലാപത്തിനൊടുവിലാണ് 2002 മേയ് 20ന് കിഴക്കൻ തിമോർ സ്വതന്ത്രമായത്. രണ്ടു ലക്ഷത്തോളം ജനങ്ങളാണു സംഘർഷങ്ങളില്‍ കൊല്ലപ്പെട്ടത്. പോർച്ചുഗീസുകാർ മടങ്ങിയതിനെത്തുടർന്ന് 1975ല്‍ പ്രദേശം ഇന്തോനേഷ്യ കീഴടക്കുന്പോള് 20 ശതമാനം പേർ മാത്രമായിരുന്നു കത്തോലിക്കാ വിശ്വാസികള്‍. എന്നാല്‍, ഇപ്പോള്‍ കിഴക്കൻ തിമോറിലെ ജനസംഖ്യയില്‍ 98 ശതമാനവും(13 ലക്ഷം) കത്തോലിക്കരാണ്.