എംപോക്സ് രോഗബാധ; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ തുടരാൻ തീരുമാനിച്ച് ലോകാരോഗ്യ സംഘടന
ലോകത്ത് എംപോക്സ് രോഗബാധ അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തിൽ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ തുടരാൻ തീരുമാനിച്ച് ലോകാരോഗ്യ സംഘടന. ആഫ്രിക്കൻ അതിർത്തികൾക്കപ്പുറത്തേക്ക് യൂറോപ്പിലേക്കും ഏഷ്യയിലേക്കും എംപോക്സ് ക്ലേഡ് വൺ ബി രോഗം പടർന്നതിനെ തുടർന്നാണ് ലോകാരോഗ്യ സംഘടനയുടെ തീരുമാനം. വ്യാപനശേഷിയും മരണനിരക്കും കൂടുതലാണ് ക്ലേഡ് വൺബിക്ക് എന്നതാണ് ആശങ്കയുണ്ടാക്കുന്നത്.
അവബോധവും ജാഗ്രതയുമാണ് പകർച്ചവ്യാധി നിയന്ത്രിക്കുന്നതിൽ പ്രധാനം. ആഫ്രിക്കൻ രാജ്യങ്ങളിൽ അതിവേഗമാണ് രോഗവ്യാപനം. ഈ വർഷം 46,000-ത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കോംഗോയിലാണ് ഏറ്റവും കൂടുതൽ രോഗബാധിതർ. 1,000-ലധികം മരണങ്ങൾ എംപോക്സ് മൂലമാണെന്നും സംശയിക്കുന്നു. യുകെ, ജർമ്മനി, സ്വീഡൻ, ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ക്ലേഡ് വൺ ബി വകഭേതം കണ്ടെത്തിയത് രോഗവ്യാപനത്തിന്റെ തീവ്രത അടയാളപ്പെടുത്തുന്നു.
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് മങ്കിപോക്‌സ് അഥവാ എംപോക്‌സ്. 1980ൽ ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്‌സ് ലക്ഷണങ്ങൾക്ക് സാദൃശ്യമുണ്ട്. 1958ൽ ഡെന്മാർക്കിലാണ് ഈ രോഗം ആദ്യമായി കുരങ്ങുകളിൽ സ്ഥിരീകരിക്കുന്നത്. മനുഷ്യരിൽ എംപോക്‌സ് ആദ്യമായി കണ്ടെത്തുന്നത് 1970 ലാണ്. കോംഗോയിൽ പിന്നീട് രോഗം വ്യാപിക്കുകയും ചെയ്തു. പ്രധാനമായും മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയിൽ കാണപ്പെട്ട എംപോക്‌സ് ഒരു ആഗോള പ്രതിസന്ധിയായി മാറുന്നത് 2022ലാണ്. രണ്ട് വകഭേദങ്ങളാണ് എംപോക്‌സ് വൈറസിനുള്ളത്. ക്ലേഡ് 1 ഉം ക്ലേഡ് 2 ഉം. അവയ്ക്ക് ഉപവകഭേദങ്ങളുമുണ്ട്. 2022ൽ ലോകത്താകമാനം പടർന്നത് ഇപ്പറഞ്ഞതിൽ ക്ലേഡ് 2B വകഭേദമാണ്.