കാൻസറിനു കാരണമാകുന്നു; കർണാടകയിൽ പാനിപൂരിക്കു നിരോധനം, കേരളത്തിലും വേണം പരിശോധന
തട്ടുകടകളിൽനിന്നും ഹോട്ടലുകളിൽനിന്നും ലഭിക്കുന്ന പാനിപൂരിയിൽ കാൻസറിനുകാരണമാകുന്ന രാസവസ്തുക്കളുൾപ്പെടെയുള്ള കൃത്രിമ നിറങ്ങൾ ചേർക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണു നടപടിയുമായി കർണാടക ആരോഗ്യവകുപ്പ്. കൃത്രിമനിറങ്ങൾ ചേർത്ത കബാബ്, ഗോബി മഞ്ചൂരിയൻ, പഞ്ഞിമിഠായി എന്നിവ നിരോധിച്ചതിനു പിന്നാലെയാണ് പാനിപൂരിക്കും കർണാടക ആരോഗ്യവകുപ്പ് നിരോധനമേർപ്പെടുത്തിയത്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു ശേഖരിച്ച 260 പാനിപൂരി സാംപിളുകൾ പരിശോധനയ്ക്കയച്ചതിൽ 43 സാംപിളുകളിൽ കാൻസറിനുകാരണമാകുന്ന രാസവസ്തുക്കളടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. പാനിപൂരി തയാറാക്കുന്നതിൽ ചേർക്കുന്ന പൊടികളിലും സോസുകളിലുമാണ് രാസവസ്തുക്കളടങ്ങിയ കൃത്രിമനിറങ്ങൾ കണ്ടെത്തിയതെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
സംസ്ഥാനത്തുടനീളമുള്ള ഭക്ഷണശാലകളിൽ കബാബുകളിൽ കൃത്രിമ നിറങ്ങൾ ഉപയോഗിക്കുന്നതായി കർണാടക ഭക്ഷ്യസുരക്ഷാ സ്റ്റാൻഡേർഡ് വകുപ്പിനു വിവിധ പരാതികൾ ലഭിച്ചിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് വൻ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്ന നിറങ്ങൾ ഭക്ഷണസാധനങ്ങളിൽ ചേർക്കുന്നതായി കണ്ടെത്തിയത്.
അതേസമയം, ആശങ്കപടർത്തിയ വാർത്തയ്ക്കു പിന്നാലെ കേരളത്തിലും പാനിപൂരി വിൽക്കുന്ന കടകളിൽ പരിശോധനവേണമെന്ന് സമൂഹമാധ്യമങ്ങളിൽ ആവശ്യങ്ങൾ ഉയർന്നിട്ടുണ്ട്. കേരളത്തിലെ തട്ടുകടകളിലും, ബജി കടകളിലും കാര്യമായ പരിശോധന ഇല്ലെന്നും ആക്ഷേപമുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കു ലഭിക്കുന്ന മാസപ്പടിയും പാരിതോഷികങ്ങളുമാണ് പരിശോധന നടക്കാത്തതിന്റെ കാരണമെന്നും ശക്തമായ ആരോപണം.