മരുന്നിനും ഭക്ഷണത്തിനും ഈനാംപേച്ചി; മാർക്കറ്റിൽ വമ്പൻ ഡിമാന്റ്, വംശനാശഭീഷണിയും, മാഫിയകളും പിന്നാലെ
ഈനാംപേച്ചിയെ അറിയാത്തവർ ആരുമുണ്ടാകില്ല അല്ലെ? നമ്മുടെ സംഭാഷണങ്ങളിലൊക്കെ ഈ പേര് കടന്ന് വരാറുണ്ട്. ഇവർക്ക് ലോകത്ത് വലിയ ഡിമാന്റാണ്. എന്നാൽ അത് നല്ലതിനല്ല കേട്ടോ. ലോകത്ത് ഏറ്റവും ചൂഷണം ചെയ്യപ്പെടുന്ന ജീവികളിലൊന്നാണ് ഈനാംപേച്ചി. കരിഞ്ചന്ത മാഫിയകൾ വരെ ഇവരുടെ പിന്നാലെയാണ്. അനധികൃത വേട്ട, കള്ളക്കടത്ത് എന്നീ ദുഷ്പ്രവൃത്തികളുടെ ഫലമായി കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ പത്തുലക്ഷത്തിലേറെ ഈനാംപേച്ചികൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്.
ഇവയെ തദ്ദേശീയ മരുന്നുകൾക്കായി വിയറ്റ്നാം, ചൈന രാജ്യങ്ങളിൽ ഉപയോഗിക്കുന്നു. ഇതിനായി പ്രവർത്തിക്കുന്ന ഒരു വലിയ കള്ളക്കടത്ത് ശൃംഖല തന്നെ ആഗോളതലത്തിലുണ്ട്. എന്നാൽ ഈ മരുന്നുകളുടെ ഫലപ്രാപ്തി ഇതുവരെ ശാസ്ത്രീയമായി തെളിയിച്ചിട്ടില്ല എന്നത് മറ്റൊരു സത്യം. എന്നാൽ മരുന്നിനായി മാത്രമല്ല ഇവയെ ഉപയോഗിക്കുന്നത്, മറിച്ച് വിയറ്റ്നാം, ചൈന തുടങ്ങിയ പല ഏഷ്യൻ രാജ്യങ്ങളിലും ഇവയെ ഭക്ഷണമാക്കാറുമുണ്ട്. പക്ഷേ രാജ്യാന്തരതലത്തിൽ വിപണനം നിരോധിച്ചിട്ടുള്ളതിനാൽ രഹസ്യമായാണു വിൽപന. ഈനാംപേച്ചി അഥവാ പാംഗൊലിനുകൾ വൻതോതിൽ വംശനാശഭീഷണി നേരിടുകയാണ്. അതുകൊണ്ടുതന്നെ കൃത്യമായ കണക്കും മറ്റും ശേഖരിക്കാൻ പോലും ഗവേഷകർ പ്രതിസന്ധി നേരിടുന്നുണ്ട്. ഇവയുടെ ശൽക്കങ്ങൾ അഥവാ സ്കെയിലുകൾക്കും ശരീരഭാഗങ്ങൾക്കും വിപണിയിലുള്ള ഉയർന്ന വിലയാണ് ഈ വേട്ടയാടലിനു പിന്നിലുള്ള പ്രധാന കാരണങ്ങളിലൊന്ന്.