'അരുമൈമകൻ' വാഴ്കെ..! അരിക്കൊമ്പൻ കേരളം വിട്ടിട്ട് ഒരു വർഷം

Update: 2024-05-01 08:07 GMT

ഇടുക്കി-ചിന്നക്കനാലിനെ കിടുകിടെ വിറപ്പിച്ച അരിക്കൊമ്പനെ നാടുകടത്തിയിട്ട് ഒരു വർഷം പിന്നിടുന്നു. സർക്കാരിനെതിരേ വൻ പ്രതിഷേധങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ഏപ്രിലിൽ അരിക്കൊമ്പനെ മയക്കുവെടിവച്ച് പിടിച്ചു പെ​രി​യാ​ർ ക​ടു​വ സാ​ങ്കേ​ത​ത്തി​ലെ​ത്തി​ച്ചത്. ശ്രമകരമായ ദൗത്യമായിരുന്നു അത്. അരിക്കൊമ്പൻ എന്ന കുപ്രസിദ്ധ ആനയെ നാടുകടത്തുന്നതു കാണാൻ വ​ഴി​നീ​ളെ ആ​ളു​ക​ൾ ത​ടി​ച്ചു​കൂ​ടി. പാതിരാത്രിയിലാണ് ആനയെ പെരിയാർ കടുവാ സങ്കേതത്തിലെത്തിച്ചത്. 

ചി​ന്ന​ക്ക​നാ​ൽ മേ​ഖ​ല​യി​ൽ പ​തി​വാ​യി റേ​ഷ​ൻ ക​ട ത​ക​ർ​ത്ത് അ​രി ഭ​ക്ഷി​ച്ച കൊ​മ്പ​ന് നാ​ട്ടു​കാ​രി​ട്ട പേ​രാ​ണ് അ​രി​ക്കൊ​മ്പ​ൻ. മേ​ഖ​ല​യി​ൽ 180 കെ​ട്ടി​ട​ങ്ങ​ൾ അ​രി​ക്കൊ​മ്പ​ൻ ത​ക​ർ​ത്തുവെന്നാണ് കണക്കുകൾ. ഒ​ട്ടേ​റെ പേ​ർ കൊ​മ്പ​ന്‍റെ  ആ​ക്ര​മ​ണ​ത്തി​നിരയായിട്ടുണ്ട്. തുടരെത്തുടരെയുള്ള ആനയുടെ ആക്രമണവും തദ്ദേശവാസികൾ മരിച്ചതും നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കി. അതോടെ ആ​ന​യെ മ​യ​ക്കു​വെ​ടിവ​ച്ച് പി​ടി​കൂ​ടാ​ൻ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കുകയായിരുന്നു.

മൂ​ന്ന് ദി​വ​സ​ത്തെ പ​രി​ശ്ര​മ​ത്തി​നു​ശേ​ഷം ക​ഴി​ഞ്ഞ 2023 ഏപ്രിൽ 29ന് ​ഉ​ച്ച​യ്ക്കു 12ന്  ​അ​രി​ക്കൊ​മ്പ​ന് ആ​ദ്യ മ​യ​ക്കു​വെ​ടി​വ​ച്ചു. അ​ഞ്ച് ത​വ​ണ മ​യ​ക്കു​വെ​ടി വ​ച്ച​തി​ന് ശേ​ഷ​മാ​ണ് റേ​ഡി​യോ കോ​ള​ർ ഘ​ടി​പ്പി​ക്കാ​നാ​യ​ത്. അ​നി​മ​ൽ ആം​ബു​ല​ൻ​സി​ലാണ് പെ​രി​യാ​ർ ക​ടു​വ സാ​ങ്കേ​ത​ത്തി​ലെ​ത്തി​ച്ചത്. ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​മി​ഴ്‌​നാ​ട് ക​മ്പം ടൗ​ണി​ൽ ഇ​റ​ങ്ങി​യ കൊ​മ്പ​ൻ വീ​ണ്ടും ഭീ​തി പ​ട​ർ​ത്തി. ഇ​തോ​ടെ ര​ണ്ട് ത​വ​ണ മ​യ​ക്കു​വെ​ടി​വ​ച്ച് ത​മി​ഴ്‌​നാ​ട് വ​നം​വ​കു​പ്പ് അ​രി​ക്കൊ​മ്പ​നെ ക​ള​ക്കാ​ട് മു​ണ്ട​ൻ​തു​റൈ ക​ടു​വ സാ​ങ്കേ​ത​ത്തി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ആ​ന കേ​ര​ള വ​ന​ത്തി​ലേ​ക്ക് ക​ട​ന്നു​വെ​ന്നും പ്ര​ച​ര​ണ​മു​ണ്ടാ​യി. എ​ന്നാ​ൽ കേ​ര​ള വ​ന​ത്തി​ലെ 35 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് കോ​ത​യാ​ർ വ​നം. കോ​ത​യാ​റി​ലെ ഡാ​മി​ലെ വെ​ള്ളം കു​ടി​ച്ചും അ​വി​ടു​ത്തെ ത​ണു​ത്ത അ​ന്ത​രീ​ക്ഷ​ത്തി​ൽ ഇ​ഴ​കി ചേ​ർ​ന്നും അ​രി​കൊ​മ്പ​ൻ വി​ല​സു​ക​യാ​ണ് ഇ​പ്പോ​ൾ.

ഇ​തി​നി​ടെ ആ​ന ച​രി​ഞ്ഞു​വെ​ന്നും അ​ഭ്യൂ​ഹം പ​ര​ന്നി​രു​ന്നു. എ​ന്നാ​ൽ അ​തൊ​ക്കെ തെ​ളി​വു​ക​ൾ നി​ര​ത്തി വ​നം വ​കു​പ്പ് ത​ള്ളി​ക്ക​ള​ഞ്ഞു. ത​മി​ഴ്‌​നാ​ട്ടി​ലെ കോ​ത​യാ​ർ വ​ന​ത്തി​ൽ വാ​സം തു​ട​രു​ന്ന അ​രി​കൊ​മ്പ​ൻ സു​ര​ക്ഷി​ത​നെ​ന്ന് വ​നം വ​കു​പ്പ് വെളിപ്പെടുത്തുന്നു. ഇവിടത്തെ വനപാലകർ അരിക്കൊന്പനെ "അ​രു​മൈ​മ​ക​ൻ' എ​ന്നാ​ണ് വി​ളി​ക്കു​ന്ന​ത്. എന്തായാലും നമുക്കും ആശ്വസിക്കാം. അരുമൈമകൻ വാഴ്കെ... അരുമൈമകൻ വാഴ്കെ..!

Tags:    

Similar News