ഓസ്ട്രിയയിൽ ബൈബിളിലെ മോശയും 10 കൽപ്പനകളുമായും ബന്ധപ്പെട്ട ശേഷിപ്പുകൾ കണ്ടെത്തി
തെക്കൻ ഓസ്ട്രിയയിലെ ഒരു ചർച്ചിനു സമീപം ഖനനം നടത്തിയ ഗവേഷകർ കണ്ടെത്തിയത് ബൈബിളിലെ മോശയും പത്തു കൽപ്പനകളുമായി ബന്ധപ്പെട്ട ചിത്രീകരണങ്ങൾ. 1,500 വർഷം പഴക്കമുള്ള ശേഷിപ്പുകളുടെ കണ്ടെത്തൽ എല്ലാവരിലും അദ്ഭുതമായി. ഇർഷെൻ മുനിസിപ്പാലിറ്റിയിലെ ബർഗ്ബിച്ചൽ കുന്നിൻമുകളിലുള്ള ചാപ്പലിനുള്ളിലെ മാർബിളിൽതീർത്ത ബലിപീഠത്തിനടിയിലാണ് ആനക്കൊന്പിൽ നിർമിച്ച, മോശ പത്തു കല്പനകൾ സ്വീകരിക്കുന്ന കൊത്തുപണികളുള്ള പെട്ടി കണ്ടെത്തിയത്.
കരിന്തിയൻ ഡ്രാവ വാലിയുടെ ഭാഗമായ ഇവിടെ 2016 മുതൽ ഇൻസ്ബ്രൂക്ക് സർവകലാശാല ഖനനവും ഗവേഷണവും നടത്തുന്നുണ്ട്. പഴയനിയമപ്രകാരം സീനായ് മലയുടെ മുകളിൽ വച്ച്, പത്തു കല്പനകൾ സ്വീകരിക്കുന്ന മോശയുടെ ചിത്രീകരണമാണിതെന്ന് പുരവസ്തുഗവേഷകനായ ജെറാൾഡ് ഗ്രാബെർ പറയുന്നു. 2022ൽ നടത്തിയ ഖനനത്തിലാണ് ചർച്ചിൽനിന്ന് ഇവ കണ്ടെടുക്കുന്നത്.
ഒരാൾ ആകാശത്തേക്കു നോക്കി, കൈകൾ ഉയർത്തി നിൽക്കുന്നതാണ് ആനക്കൊമ്പ്പെട്ടിയിലെ ഒരു ആലേഖനം. രണ്ടു കുതിരകളെ പൂട്ടിയ മനോഹരമായ രഥത്തിലുള്ള മനുഷ്യനെയാണ് അവസാനം ചിത്രീകരിച്ചിരിക്കുന്നത്. മേഘങ്ങളിൽനിന്നു കൈ പുറത്തേക്കു വരുന്നതും സ്വർഗത്തിലേക്കു വിളിക്കുന്നതും ചിത്രീകരണത്തിലുണ്ട്. ഇതു ക്രിസ്തുവിന്‍റെ സ്വർഗാരോഹണത്തിന്‍റെ ചിത്രീകരണമാണെന്ന് അനുമാനിക്കുന്നു. പുരാശേഖരങ്ങളിൽ വിശദമായ പഠനത്തിനു തയാറെടുക്കുകയാണ് ഗവേഷകർ.