അച്ഛന് സ്‌നേഹത്തിന് പിശുക്കൊന്നുമില്ല; പക്ഷെ അധികം പ്രകടിപ്പിക്കാറില്ല: വിജയ് യേശുദാസ്

Update: 2024-05-06 09:40 GMT

യേശുദാസിന്റെ മകന്‍ എന്നതിലുപരി സിനിമാ പിന്നണി ഗാനരംഗത്ത് തന്റേതായ ഐഡന്റിറ്റി ഉണ്ടാക്കിയ വ്യക്തിയാണ് വിജയ് യേശുദാസ്. ഗായകന്‍ എന്ന നിലയില്‍ മാത്രമല്ല, നടനായും വിജയ് വെള്ളിത്തിരയില്‍ തിളങ്ങിയിട്ടുണ്ട്. 

2000ത്തില്‍ മില്ലേനിയം സ്റ്റാര്‍സ് എന്ന ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചുകൊണ്ടാണ് പിന്നണി ഗാനരംഗത്തേക്ക് വിജയ് യേശുദാസ് എത്തുന്നത്. 2007ല്‍ നിവേദ്യത്തിലെ കോലക്കുഴല്‍ വിളി കേട്ടോ, 2012ല്‍ ഗ്രാന്‍ഡ് മാസ്റ്ററിലെ അകലെയോ നീ, സ്പിരിറ്റിലെ മഴകൊണ്ട് മാത്രം എന്നീ ഗാനങ്ങള്‍ക്കും, 2018ല്‍ ജോസഫിലെ പൂമുത്തോളെ എന്ന ഗാനത്തിനും വിജയ്ക്ക് മികച്ച ഗായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്

പാട്ട്പാടുന്നതിന് കൃത്യമായ പ്രതിഫലം ലഭിക്കുന്നത് തമിഴ് അടക്കമുള്ള അന്യഭാഷ സിനിമകളില്‍ നിന്നാണെന്നും വിജയ് പറഞ്ഞത് ഏറെ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരുന്നു.  ഇപ്പോഴിതാ അപ്പയും താനും തമ്മില്‍ വലിയ സ്‌നേഹ പ്രകടനമില്ലെങ്കിലും അദ്ദേഹത്തിന് സ്‌നേഹത്തിന് പിശുക്കൊന്നുമില്ലെന്ന് പറയുകയാണ് വിജയ് യേശുദാസ്. താന്‍ ഒരു റിബല്‍ ആണെന്നും അത് നന്നായി എല്ലാവര്‍ക്കും അറിയാമെന്നും വിജയ് പറഞ്ഞു.

യേശുദാസിന്റെ മകന്‍ ആയതുകൊണ്ട് അവസരങ്ങള്‍ ചോദിച്ച് പോകാന്‍ ചെറിയ ബുദ്ധിമുട്ട് ഉണ്ടാവാറുണ്ട്. അത് ഒര ദുരഭിമാനം കൊണ്ടൊന്നുമല്ല, നമ്മള്‍ അങ്ങനെ പോയി ചോദിക്കുന്നത് അവര്‍ക്ക് ഒരു ബുദ്ധിമുട്ട് ആണ്. സുഹൃത്തായിട്ടുള്ള കമ്പോസറുടെ അടുത്ത് പോലും ഈ പാട്ട് ഞാന്‍ പാടട്ടെ എന്ന രീതിയില്‍ ചോദിച്ചിട്ടില്ല.

ഈ ജനറേഷനില്‍ യുവന്‍ ശങ്കര്‍ രാജയായാലും അനിരുദ്ധ് ആയാലും തമാശയ്ക്ക് പോലും അവസരങ്ങള്‍ ചോദിച്ചിട്ടില്ല. പാടുമ്പോള്‍ ഇപ്പോഴും ആലോചിക്കാറുണ്ട്, അവര്‍ക്ക് ഈ പാട്ട് എന്റെ ശബ്ദത്തില്‍ കേള്‍ക്കാന്‍ ആയിരിക്കുമോ ആഗ്രഹം എന്ന്.

അച്ഛന് സ്‌നേഹത്തിന് പിശുക്കൊന്നുമില്ല. ഒത്തിരി സ്‌നേഹമുണ്ട്. പക്ഷെ അധികം പ്രകടിപ്പിക്കാറില്ല. വഴക്ക് ഒക്കെ പറയാറുണ്ട്. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കിലോ വിഷമം ഉണ്ടെങ്കിലോ, അതിനുള്ള പാലം അമ്മയാണെങ്കിലും ഞാന്‍ എല്ലാം പറയുന്നത് അപ്പയുടെ അടുത്ത് തന്നെയായിരിക്കുമെന്നും വിജയ് പറഞ്ഞു.

എന്ത് പ്രശ്‌നമുണ്ടായാലും ആദ്യം പോയി പറഞ്ഞിട്ടുണ്ടാവുക ഞാന്‍ തന്നെയായിരിക്കും. അതുകൊണ്ട് അതിനനുസരിച്ച് തന്നെ നന്നായി കേട്ടിട്ടുമുണ്ടാകും. കൂട്ടത്തില്‍ ഏറ്റവും റിബല്‍ ഞാന്‍ തന്നെയായിരിക്കും. അത് എല്ലാവര്‍ക്കും അറിയാം. പക്ഷെ കോളേജ് കാലം തൊട്ട് തന്നെ ഒരു കാര്യവും അവരുടെ അടുത്ത് അങ്ങനെ ഒളിച്ചു വെക്കാറൊന്നുമില്ല. അതുകൊണ്ട് തന്നെ അവര്‍ക്കെന്നെ നന്നായി അറിയാം.

ദൈവ വിശ്വാസത്തിനെ ഞാന്‍ ഒരു പോസിറ്റീവ് ചിന്ത എന്ന രീതിയിലാണ് കാണുന്നത്. ഒരു പൂജ ചെയ്തതുകൊണ്ടോ നേര്‍ച്ച നേര്‍ന്നതുകൊണ്ടോ ആണ് കാര്യങ്ങള്‍ നടന്ന് പോകുന്നതെന്ന് വിശ്വസിക്കാറില്ല.വീട്ടില്‍ എന്തെങ്കിലും കാണാതെ പോയാല്‍ ഉടനെ നേര്‍ച്ച നേരും. കുറച്ച് കഴിയുമ്പോള്‍ പ്രത്യക്ഷപ്പെടും. അത് അങ്ങനെയല്ലല്ലോ. നമ്മള്‍ നന്നായി തിരയുമ്പോള്‍ വെക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ ഓര്‍ക്കുമ്പോള്‍ കാണാതായ സാധനം കിട്ടും. അത്രയേ ഉള്ളു. അത് ചര്‍ച്ചയ്‌ക്കെടുക്കേണ്ട വിഷയമാണ്.

Tags:    

Similar News