'ഇങ്ങനെയുള്ള കഥാപാത്രങ്ങൾ എന്തിനാണ് ഉണ്ടാക്കുന്നത്?; ടോക്സിക് മാസ്ക്യുലിനിറ്റി ​​ഗ്ലോറിഫൈ ചെയ്യുകയാണ്'; ശ്യാമപ്രസാദ്

Update: 2025-01-08 11:43 GMT

മമ്മൂട്ടി സിനിമകളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതും വിവാദം സൃഷ്ടിച്ചിട്ടുള്ളതുമായ സിനിമയാണ് കസബ. നിതിൻ രൺജി പണിക്കർ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രത്തിൽ രാജൻ സക്കറിയ എന്ന പോലീസുകാരന്റെ കഥാപാത്രമായിരുന്നു മമ്മൂട്ടിക്ക്. ചിത്രത്തിലെ ചില രം​ഗങ്ങൾ വലിയ രീതിയിൽ വിവാദമായിരുന്നു. മമ്മൂട്ടിയുടെ പോലീസ് കഥാപാത്രം മറ്റൊരു സീനിയർ റാങ്കിലുള്ള പോലീസ് ഉദ്യോ​ഗസ്ഥയുടെ ബെൽ‌റ്റിൽ പിടിച്ച് വലിക്കുന്ന രം​ഗമാണ് വിവാദമായത്. ആദ്യം സിനിമയ്ക്കെതിരെ സംസാരിച്ചത് നടി പാർവതി തിരുവോത്തായിരുന്നു. അതിന്റെ പേരിൽ നടിക്കെതിരെ വ്യാപക സൈബര്‍ ആക്രമണവും നടന്നിരുന്നു. വേറെയും നിരവധി നടിമാർ കസബയിലെ രം​ഗത്തോടുള്ള എതിർപ്പ് അറിയിച്ചിരുന്നു. ഇപ്പോഴിതാ ഈ സിനിമയെ കുറിച്ച് സംവിധായകൻ ശ്യാമപ്രസാദ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്.

കസബ പോലുള്ള സിനിമകൾ ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ വിഷലിപ്തവും സമൂഹത്തിൻ്റെ മൂല്യവ്യവസ്ഥയെ തകർക്കുന്നതുമാണെന്നാണ് ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ശ്യാമപ്രസാദ് പറഞ്ഞത്. പ്രസ്തുത കോൺടെക്സ്റ്റിനെ പറ്റി മാത്രമല്ല ചോദ്യം. കാരണം അത്തരം സിനിമ പ്രതിനിധീകരിക്കുന്ന വലിയൊരു വാല്യു സിസ്റ്റമുണ്ട്. നമുക്കും അത് അറിയാം.

ക്യാരക്ടർ അങ്ങനെയാണെന്ന് പറഞ്ഞാലും എന്തിനാണ് ഇങ്ങനെയുള്ള കഥാപാത്രങ്ങൾ ഉണ്ടാക്കുന്നത്. ഒരു നിശ്ചിത വിഭാഗം പ്രേക്ഷകരെ ആകർഷിക്കുന്നതിനുള്ള പാക്കേജാണെന്ന് നമുക്ക് എല്ലാം അറിയാം. അവിടെയാണ് അതിലെ പ്രശ്നം. അങ്ങനെയുള്ള ക്യാരക്ടേഴ്സ് വരുന്നത് മുതൽ തുടങ്ങുന്നു എന്റെ പ്രശ്നം. ജീവിതത്തെ തെറ്റായി ചിത്രീകരിക്കുന്നതാണ്. സമൂഹത്തെ തെറ്റായി ചിത്രീകരിക്കുന്നതാണ്. ഇങ്ങനെയല്ല മനുഷ്യനെ കാണേണ്ടത്. ഇങ്ങനെ ക്യാരക്ടറുള്ള സൈക്കോപാത്ത് മനുഷ്യർ ചിലപ്പോഴുണ്ടാകാം. അതല്ലാതെ ഒരു മനുഷ്യനും ബോധപൂർവം ഞാൻ ചീത്ത മനുഷ്യനാകണമെന്ന് ചിന്തിച്ച് ജീവിക്കുന്നവരല്ലല്ലോ. ഇത്തരത്തിലുള്ള സിനിമകൾ മൊത്തത്തിൽ നോക്കിയാൽ ടോക്സിക് മാസ്ക്യുലിനിറ്റിയെ ​​ഗ്ലോറിഫൈ ചെയ്യുകയാണ്. അതാണ് ഇത്തരം പ്രോജക്ടുകളുടെ പദ്ധതി. അത് മറച്ചുവെച്ചിട്ടും കാര്യമില്ല. കാരണം അതാണ് സത്യം. ആ സിനിമയുടെ ഉദ്ദേശം തന്നെ ഇത്തരം ചില സ്റ്റേറ്റ്മെന്റുകൾ ക്രിയേറ്റ് ചെയ്യുക എന്നതായിരുന്നു. ഇത്തരം കോമേഴ്സ്യലി വിജയിച്ച സിനിമകൾ ചിലർ ചെയ്യുന്നതുകൊണ്ടാണ് മറ്റുള്ളവർക്ക് നല്ല ആർട്ട് മൂവി ചെയ്യാൻ പറ്റുന്നതെന്ന സ്റ്റേറ്റ്മെന്റ് ഞാൻ ഒരിക്കലും മുഖവിലയ്ക്ക് എടുക്കാറില്ല. സംവിധായകന് സാഹിത്യത്തിലും മ്യൂസിക്കിലും എന്ത് ടേസ്റ്റുണ്ട് സമൂഹിക ജീവിതത്തെ കുറിച്ചുള്ള അയാളുടെ കാഴ്ചപ്പാട് എന്താണ് എന്നതെല്ലാം വെളിവാക്കുന്നതാണ് ഒരോ സിനിമകളും.

ടോക്സിക് മാസ്ക്യുലിനിറ്റി ക്യാരക്ടേഴ്സിനെ ജനം ഇഷ്ടപ്പെടുന്ന കാലത്തോളം അല്ലെങ്കിൽ അത്തരം സിനിമകൾ കാശ് കൊടുത്ത് കാണാൻ തയ്യാറാകുന്നിടത്തോളം കാലം ഇത്തരം സിനിമകൾ വന്നുകൊണ്ടേയിരിക്കും എന്നും ശ്യാമപ്രസാദ് പറയുന്നു. 

Tags:    

Similar News