എന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ഒന്നും പറയില്ല: സ്വാതി റെഡ്ഡി

Update: 2023-09-30 04:04 GMT

മലയാളിക്കും പ്രിയപ്പെട്ട നടിയാണ് സ്വാതി റെഡ്ഡി. ആമേൻ എന്ന് ചിത്രമാണ് സ്വാതിയെ മലയാളികൾക്കിടയിൽ സുപരിചിതയാക്കിയത്. താരത്തിന്റെ വിവാഹജീവിതത്തെക്കുറിച്ചുള്ള വാർത്തകളാണ് ആരാധകർക്കിടയിൽ ചർച്ചയായി മാറുന്നത്. ഒരു വർഷത്തിലേറെയായി സ്വാതിയുടെ വിവാഹമോചനം സംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തമാണ്. വിവാഹ ചിത്രങ്ങളും ഭർത്താവിന്റെ ചിത്രങ്ങളും സ്വാതി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽനിന്ന് ഡിലീറ്റ് ചെയ്തത് മുതലാണ് ഇരുവരും വിവാഹബന്ധം വേർപെടുത്തുന്നു എന്ന ചർച്ചകൾ സജീവമായത്.

2018 ലാണ് സ്വാതിയും വികാസ് വാസുവും വിവാഹിതരാകുന്നത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്. വിവാഹശേഷം ഭർത്താവിനൊപ്പം സ്വാതി വിദേശത്തേക്ക് പോയിരുന്നു. ഏതാനും നാൾ കഴിഞ്ഞ് തിരികെ ഇന്ത്യയിലേക്ക് എത്തുകയും വീണ്ടും കരിയറിൽ സജീവമാവുകയായിരുന്നു. അതിനിടയിലാണ് ഭർത്താവിനൊപ്പമുള്ള ചിത്രങ്ങൾ നടി സോഷ്യൽ മീഡിയയിൽ പിൻവലിച്ചത്. തുടർന്നാണ് അഞ്ച് വർഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷം ഇരുവരും പിരിയാൻ തീരുമാനിച്ചു എന്ന രീതിയിൽ റിപ്പോർട്ടുകൾ പ്രചരിക്കുന്നത്. എന്നാൽ സ്വാതിയോ നടിയുമായി അടുപ്പമുള്ളവരോ ഭർത്താവോ ഇതേക്കുറിച്ച് ഇതുവരെ വ്യകതമായൊരു പ്രതികരണം നടത്തിയിട്ടില്ല. ഇപ്പോഴിതാ വിവാഹമോചനം സംബന്ധിച്ച ചോദ്യത്തിന് സ്വാതി നൽകിയ മറുപടി ശ്രദ്ധനേടുകയാണ്. പുതിയ ചിത്രമായ മന്ത് ഓഫ് മധു എന്ന സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെ സ്വാതി നടത്തിയ പ്രതികരണമാണ് ശ്രദ്ധനേടുന്നത്.

വിവാഹമോചന അഭ്യൂഹങ്ങളിൽ വ്യക്തത നൽകാമോ എന്നായിരുന്നു ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യം. ഒന്നും പറയില്ല എന്നായിരുന്നു നടിയുടെ മറുപടി. ഞാൻ ഇതിൽ പ്രതികരണം തരില്ല. ഞാൻ എന്റെ കരിയർ ആരംഭിച്ചത് പതിനാറാം വയസിലാണ്. അന്ന് സോഷ്യൽ മീഡിയ ഉണ്ടായിരുന്നെങ്കിൽ എങ്ങനെയായിരിക്കുമെന്ന് എനിക്കറിയില്ല. ചിലപ്പോൾ എന്നെ എയറിൽ കയറ്റിയേനെ. കാരണം എങ്ങനെ പെരുമാറണം എന്ന് പോലും എനിക്ക് അന്ന് അറിയില്ലായിരുന്നു. പക്ഷെ ഇപ്പോൾ അങ്ങനെയല്ല. ഒരു നടിയെന്ന നിലയിൽ എനിക്ക് ചില നിയമങ്ങൾ പാലിക്കേണ്ടതുണ്ട്. ചോദ്യം ഈ പരിപാടിയുമായി ബന്ധപ്പെട്ടതല്ലെന്ന് ഞാൻ കരുതുന്നു. അതുകൊണ്ട് തന്നെ എന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ഞാൻ ഒന്നും പറയില്ല-സ്വാതി റെഡ്ഡി പറഞ്ഞു.

Tags:    

Similar News