ഫൈന്‍ ഫിലിംസിന്റെ ബാനറില്‍ ഔസേപ്പച്ചന് വാളക്കുഴി, ടി.ബി. വിനോദ്, സന്തോഷ് പുത്തന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച് പുതുമുഖങ്ങളായ സഞ്ജു സോമനാഥ്, ആഷിക അശോകന് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാവുന്ന മിസിങ് ഗേള്‍ മേയ് 12ന് തീയേറ്റര്‍ റിലീസിന് ഒരുങ്ങി. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ വിഷയമാകുന്ന ചിത്രം നവാഗതനായ അബ്ദുള്‍ റഷീദാണ് സംവിധാനം ചെയ്യുന്നത്. അവള് ഒരു കൃത്യത്തിലാണ്- എന്ന ടാഗ്ലൈനില് പുറത്തിറങ്ങുന്ന ചിത്രത്തിന് നവാഗതരായ വിശാല്‍ വിശ്വനാഥനും അഫ്സല് കെ. അസീസും ചേര്‍ന്നാണ് തിരക്കഥ തയാറാക്കിയിരിക്കുന്നത്.
സംവിധാകന്, തിരക്കഥാകൃത്ത്, നായകന്, നായികമാര്‍, സംഗീത സംവിധായകന് ഉള്‍പ്പടെ പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്കി ഒരുക്കിയ മിസിങ് ഗേള്‍ ഔസേപ്പച്ചന് വാളക്കുഴിയുടെ 21ാമത്തെ സിനിമയാണ്. ഷിഹാബ് ഓങ്ങല്ലൂര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം സച്ചിന് സത്യയും കൈകാര്യം ചെയ്യുന്നു.