മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യതാരങ്ങളിലൊരാളാണ് സുരാജ് വെഞ്ഞാറമൂട്. ഹാസ്യനടനായാണ് വെള്ളിത്തിരയില്‍ എത്തിയതെങ്കിലും താരം പിന്നീട് ക്യാരക്ടര്‍ റോളുകളും അനായാസം കൈകാര്യം ചെയ്തു തുടങ്ങുകയായിരുന്നു. സുരാജ് കേന്ദ്രകഥാപാത്രമാകുന്ന നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. അടുത്തിടെ ഒരു മാഗസിനു നല്‍കിയ അഭിമുഖത്തില്‍ താന്‍ വളര്‍ന്നുവന്ന സ്റ്റേജ് ഷോകളെക്കുറിച്ചു ചോദിച്ചപ്പോള്‍ താരം പറഞ്ഞ മറുപടിയിതാണ്:
സ്‌റ്റേജ് ഷോ അന്നും ഇന്നും എനിക്കിഷ്ടമാണ്. കാരണം ലൈവായി പ്രേക്ഷകരോടു സംവദിക്കാം എന്നുള്ളതാണ് സ്‌റ്റേജ് ഷോയുടെ പ്രത്യേകത. ഒരു സ്‌കിറ്റിന്റെ റിസല്‍റ്റ് അപ്പോള്‍ത്തന്നെ നമുക്കറിയാം. കൂട്ടിച്ചേര്‍ക്കലുകള്‍ വേണമെങ്കില്‍ അടുത്ത സ്റ്റേജില്‍ നടത്തുകയും ചെയ്യാം. ഞങ്ങളുടെ ട്രൂപ്പ് നാലും അഞ്ചും സ്റ്റേജുകള്‍ ചെയ്തിരുന്നു ഒരു ദിവസം. രാവിലെ കോളേജ് മുതല്‍ തുടങ്ങും. വൈകിട്ട് ഉത്സവപ്പറമ്പകളിലും. ആറു മാസം കൊണ്ട് 350-ാളം സ്റ്റേജുകള്‍ കളിക്കും.
ഇന്ന് സ്റ്റേജ് പരിപാടികള്‍ കുറവാണ്. കാരണം ആദ്യം പറഞ്ഞതു തന്നെ, എല്ലാം വിരല്‍ത്തുമ്പില്‍ എത്തി. വൈകിട്ട് ടിവിയില്‍ വിവിധ തരം ഷോകളുടെ തിരക്കാണ്. അതുകൊണ്ട് ഉത്സപ്പറമ്പുകളിലെ തിരക്കുകള്‍ കുറഞ്ഞു. പ്രേക്ഷകര്‍ക്ക് ഇഷ്ടം പോലെ ഓപ്ഷന്‍സ് ഉണ്ട്. സ്റ്റാര്‍ കാസ്റ്റ് ഉള്ള സ്റ്റേജ് ഷോയ്ക്കു മാത്രമേ ഇപ്പോള്‍ ആളുകള്‍ കൂടാറുള്ളൂ. വലിയ സ്റ്റാര്‍ കാസ്റ്റ് ഉള്ള സ്‌റ്റേജ് ഷോകള്‍ വല്ലപ്പോഴും മാത്രമേ ഉണ്ടാകാറുള്ളൂവെന്നും സുരാജ്.