കേരളത്തിൽ സിനിമ ഷൂട്ടിങ്ങിന് ആനകളെ കിട്ടാനില്ല

Update: 2024-07-07 06:13 GMT

കേരളത്തിൽ സിനിമാ ഷൂട്ടിങ്ങിന് ആനകളെ കിട്ടാനില്ല. പെർഫോമിങ് ലൈസൻസുള്ള ആനകൾ കുറവായതാണ് കാരണം. ടിക്കറ്റ് വെച്ചുള്ള വിനോദപരിപാടികൾക്ക് പെർഫോമിങ് ലൈസൻസുള്ള ആനകളെ പാടുള്ളൂ. കേരളത്തിൽ 423 നാട്ടാനകൾ ഉള്ളതിൽ 25 എണ്ണത്തിനെ ഈ ലൈസൻസുള്ളൂ. നീരുകാലവും വർഷം അഞ്ചുമാസത്തോളം തുടരുന്ന ഉത്സവപരിപാടികളും കഴിഞ്ഞ് സിനിമാഷൂട്ടിങ്ങിനുകൂടി ഇവയെ കൊണ്ടുപോകാൻ പറ്റില്ല.

ആനകൾക്ക് വിശ്രമകാലം ആവശ്യമായതിനാൽ ഉടമകൾക്കും ഇപ്പോൾ ഷൂട്ടിങ്ങിന് വിടാൻ വലിയ താത്‌പര്യം ഇല്ല. രണ്ടുവർഷത്തിനിടെ മലയാളസിനിമയിൽ ആനകൾ കാര്യമായി വരുന്നില്ല.

കൂടുതൽ ആനകളെ ഷൂട്ടിങ്ങിന് വേണമെങ്കിൽ തായ്‌ലന്റ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലേക്ക് പോകേണ്ടിവരും. കുറച്ചുനാൾ മുൻപ് മലയാളത്തിലെ മുതിർന്ന സംവിധായകൻ ഒരു പ്രമുഖനടനെ നായകനാക്കി എടുക്കാനിരുന്ന ചിത്രത്തിൽ ആനകൾക്കും പ്രാധാന്യമുണ്ടായിരുന്നു. ഈ ചിത്രത്തിൽ അഞ്ച് ആനകളെ വേണമായിരുന്നു. എന്നാൽ നീണ്ട ഷൂട്ടിങ് ദിവസങ്ങളിലേക്ക് കേരളത്തിൽ ആനകളെ ലഭിക്കാൻ ബുദ്ധിമുട്ടായതോടെ ചിത്രം ഉപേക്ഷിച്ചു.

എന്നാൽ, ഉത്സവങ്ങളിൽ ആനകളെ ഉപയോഗിക്കുന്നതിന് ഈവിധമുള്ള തടസ്സമില്ല. ആനകളുടെ ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് പുതുക്കുന്നതിനും കാലതാമസം നേരിടുന്നു. 2019-ന് ശേഷം ലൈസൻസ് പുതുക്കി നല്കിയിട്ടില്ല.

Tags:    

Similar News