ഒരിക്കലും വിവാഹം കഴിക്കില്ല; കുടുംബത്തിൽ നിന്നും ഉണ്ടായ പല അനുഭവങ്ങളാണ് തീരുമാനത്തിന് പിന്നിലെന്ന് നടി ഐശ്വര്യ ലക്ഷ്മി

Update: 2024-11-20 10:07 GMT

ജീവിതത്തിൽ ഒരിക്കലും വിവാഹമുണ്ടാകില്ലെന്ന് വെളിപ്പെടുത്തി നടി ഐശ്വര്യ ലക്ഷ്മി. കുടുംബത്തിൽ നിന്നും ഉണ്ടായ പല അനുഭവങ്ങളാണ് തീരുമാനത്തിന് പിന്നിലെന്ന് താരം പറഞ്ഞു. ഗുരുവായൂർ അമ്പലത്തിൽ നടക്കുന്ന വിവാഹങ്ങൾ കണ്ടാണ് വളർന്നതെന്നും ഐശ്വര്യ പറഞ്ഞു. പുതിയ ചിത്രമായ ഹലോ മമ്മിയുടെ പ്രമോഷൻ പരിപാടിക്കിടയിലാണ് താരം ഇക്കാര്യങ്ങൾ തുറന്നുപറഞ്ഞത്.

'ജീവിതത്തിൽ ഞാനും അമ്മയും തമ്മിൽ പല കാര്യത്തിലും പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. പക്ഷെ ഞങ്ങൾ തമ്മിലുളള ബന്ധം വലുതാണ്. ആ കാരണം കൊണ്ടാണ് ഹലോ മമ്മിയിൽ ഞാൻ അഭിനയിച്ചത്. അമ്മയ്ക്ക് പല കാര്യങ്ങളും മനസിലാകാനായി മാത്രം ഞാൻ കുറേ സിനിമകൾ ചെയ്തിട്ടുണ്ട്. അർച്ചന 31 നോട്ട് ഔട്ട് എന്ന സിനിമ അതുകൊണ്ടാണ് ചെയ്തത്. വീട്ടുകാരുടെ സമ്മർദ്ദം കൊണ്ട് വിവാഹം കഴിക്കാനായി തയ്യാറാകുന്ന ഒരു യുവതിയുടെ കഥയാണ് അർച്ചന 31 നോട്ട് ഔട്ടിൽ പറയുന്നത്.

പലയാളുകളെയും ടാർഗ​റ്റ് ചെയ്താണ് സിനിമ ചെയ്യുന്നത്. രക്ഷിതാക്കളുടെ മുന്നിൽ നല്ലൊരു മകളാണെന്ന് കാണിക്കാൻ ശ്രമിച്ചിട്ടുണ്ട്. അതിനെക്കുറിച്ച് അടുത്ത കാലത്താണ് മനസിലായത്. ഞാൻ സിനിമയിലെത്തിയത് എന്റെ താൽപര്യം കൊണ്ടാണ്. പക്ഷേ അഭിനയിക്കാനായി സിനിമകൾ തിരഞ്ഞെടുക്കാൻ അച്ഛന്റെയും അമ്മയുടെയും അനുവാദം വാങ്ങും. ആൺകുട്ടികളെക്കാൾ പെൺകുട്ടികളാണ് ഈ അവസ്ഥയിലൂടെ കടന്നുപോകുന്നത്. അത് ആരും മനസിലാക്കുന്നില്ല.

ചില കാര്യങ്ങൾ അച്ഛന്റെയും അമ്മയുടെയും ഇഷ്ടമില്ലാതെയും ചെയ്യുന്നുണ്ട്. ഞാൻ സിനിമയിലെത്തിയത് അവരുടെ അനുവാദമില്ലാതെയാണ്. എന്റെ അടുത്ത സുഹൃത്തുക്കളെയും അവർക്ക് ഇഷ്ടമില്ല. നമ്മുടെ സമൂഹത്തിൽ ആരൊക്കെ എങ്ങനെയായിരിക്കണമെന്ന് പണ്ടേ പറഞ്ഞുവച്ചിട്ടുണ്ട്, 26-ാമത്തെ വയസിലാണ് ഞാൻ സിനിമയിൽ എത്തിയത്. അതിനാൽത്തന്നെ എന്ത് വേണ്ട, ഏത് വേണമെന്ന് തീരുമാനിക്കാൻ എനിക്ക് കഴിവുണ്ട്. സാധാരണ നായികമാർ അഭിനയരംഗത്തേക്ക് കടന്നുവരുന്നത് അവരുടെ ചെറിയ പ്രായത്തിലാണ്. ഞാൻ അങ്ങനെയല്ല എത്തിയത്.

കുറച്ച് സിനിമകൾ ചെയ്തപ്പോൾ തന്നെ കല്ല്യാണത്തെക്കുറിച്ച് വീട്ടിൽ സംസാരിക്കാൻ തുടങ്ങി. ഏ​റ്റവും വലിയ പ്രശ്നമാണിത്. ചിലപ്പോൾ എന്റെ ചിന്ത തെ​റ്റാണോയെന്ന് അറിയില്ല. ഞാൻ ഒരിക്കലും വിവാഹം കഴിക്കില്ല. എല്ലാ അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. വിവാഹത്തിൽ ഞാൻ വിശ്വസിക്കുന്നില്ല. എല്ലാവരും ഇത് ചെയ്യണമെന്നില്ലല്ലോ. കുറച്ച് വർഷങ്ങൾക്ക് മുൻപായിരുന്നെങ്കിൽ എന്റെയും ആഗ്രഹം ഗുരുവായൂർ അമ്പലത്തിൽ വച്ച് വിവാഹം കഴിക്കണമെന്നായിരുന്നു. അതൊക്കെ അമ്മയിൽ നിന്ന് ലഭിച്ചതാണ്. കുട്ടിക്കാലെ തൊട്ടെ സ്ഥിരം ഗുരുവായൂർ പോകുമായിരുന്നു. മിക്കവരും എന്തെങ്കിലും കാര്യം പ്രാർത്ഥിക്കാനാണ് പോകുന്നത്. ചുമ്മാതെ പോകുന്നവർ ആരുമില്ല.

എനിക്കറിയാവുന്ന ഒരു കുടുംബം മാത്രമാണ് ഇപ്പോഴും സന്തോഷത്തോടെ ജീവിക്കുന്നത്. എനിക്ക് 34 വയസായി. എപ്പോഴും സന്തോഷമായിരിക്കുന്ന ഒരു കുടുംബത്തെപ്പോലും ഞാൻ കണ്ടിട്ടില്ല. ഒരാൾ അയാളുടെ വ്യക്തിപരമായ കാര്യങ്ങൾ മാ​റ്റിവയ്ക്കുമ്പോൾ മാത്രമാണ് ദാമ്പത്യം മുന്നോട്ട് പോകുകയുളളൂ, അത് ശരിയല്ലല്ലോ? എത്രയൊക്കെ പുരോഗമനവാദം ആരൊക്കെ പറഞ്ഞാലും ഒടുവിൽ എല്ലാവരും ഈ അവസ്ഥയിലെത്തും. രണ്ട് വർഷം കൊണ്ടാണ് എനിക്ക് ഇക്കാര്യം മനസിലായത്'-ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

Tags:    

Similar News