പതിനാറ് വർഷം മുമ്പ് ഒളിച്ചോട്ടം; രണ്ടാം വിവാഹത്തെപ്പറ്റി ധർമജൻ

Update: 2024-06-24 11:01 GMT

ഇന്ന് രാവിലെയായിരുന്നു നടൻ ധർമജൻ ബോൾഗാട്ടിയുടെ വിവാഹം നടന്നത്. ഭാര്യ അനൂജയെ തന്നെയാണ് അദ്ദേഹം വീണ്ടും വിവാഹം ചെയ്‌തത്. വിവാഹ വാർത്ത രാവിലെ ഫേസ്ബുക്കിലൂടെ ധർമജൻ തന്നെയാണ് പങ്കുവച്ചത്.

'എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു, വരൻ ഞാൻ തന്നെ. മുഹൂർത്തം 9.30 നും 10.30 നും ഇടയിൽ എല്ലാവരുടേയും അനുഗ്രഹം ഉണ്ടാകണം' - എന്നായിരുന്നു ധർമ്മജൻ കുറിച്ചത്. രണ്ടാം വിവഹത്തിന്റെ കാരണം അദ്ദേഹം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തുകയും ചെയ്തു.

'വിവാഹം ഒരുപ്രാവശ്യം കഴിഞ്ഞതാണ്. പതിനാറ് വർഷം മുമ്പ് ഒളിച്ചോടിയവരാണ് ഞങ്ങൾ. നാട്ടിലെ അമ്പലത്തിൽ വച്ചായിരുന്നു വിവാഹം നടത്തിയത്. രജിസ്റ്റർ ചെയ്തിരുന്നില്ല. പിള്ളേർ ഒരാൾ പത്തിലും ഒരാൾ ഒമ്പതിലുമായി. വൈഗ, വേദ. അവരുടെ സാന്നിദ്ധ്യത്തിൽ കല്യാണം കഴിച്ചെന്ന് മാത്രമല്ല, റെക്കോർഡിക്കലി നമുക്ക് രേഖ ആവശ്യമാണ്. പല കാര്യങ്ങൾക്കും രേഖ ആവശ്യമാണ്. അതുകൊണ്ട് ഭാവിക്കുവേണ്ടി, സുരക്ഷിതത്വത്തിനുവേണ്ടി വീണ്ടും വിവാഹിതരായതാണ്.

മക്കളുടെ സ്‌കൂളിലെ പിള്ളേരൊക്കെ അവരോട് നിങ്ങൾ ഭാഗ്യം ചെയ്തവരാണെന്നാണ് പറഞ്ഞത്. ഒളിച്ചോടിയെങ്കിലും വീട്ടുകാർ ഒരു വർഷമൊക്കെയേ അകന്നുനിന്നിട്ടുള്ളൂ. കുട്ടികളൊക്കെ ആയപ്പോൾ അകൽച്ച മാറി. കല്യാണത്തിന് എന്റെ അച്ഛൻ, അമ്മ ഇവളുടെ അച്ഛൻ അങ്ങനെ വേണ്ടപ്പെട്ടവർ ഇല്ല. അതാണ് വിഷമം. ബന്ധുക്കളടക്കമുള്ളവരെയൊന്നും അറിയിക്കാതെയാണ് പ്ലാൻ ചെയ്തത്. പിന്നെ ആൾക്കാർ അറിഞ്ഞുവരുമല്ലോ. രാവിലെ ഞാൻ പോസ്റ്റിട്ടിരുന്നത്.

നീ ഇതുവരെ രജിസ്റ്റർ ചെയ്തില്ലേ എന്ന് ചോദിച്ച് പിഷാരടിയൊക്കെ വിളിച്ച് ചീത്ത പറഞ്ഞു. നീ ചത്തുപോയാൽ ഇൻഷുറൻസ് പോലും കിട്ടില്ലെന്ന് പറഞ്ഞു.' - ധർമജൻ ബോൾഗാട്ടി വ്യക്തമാക്കി.

Tags:    

Similar News