'മലയാള സിനിമയ്ക്ക് ദൃഷ്ടി ദോഷം സംഭവിച്ചതുപോലെ, ദൈവം തുണച്ചതുകൊണ്ട് നിവിന് തെളിവ് കിട്ടി'; മല്ലിക സുകുമാരൻ

Update: 2024-10-02 11:25 GMT

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിനുശേഷം മലയാളത്തിലെ നിരവധി താരങ്ങൾക്ക് എതിരെ പരാതികൾ ഉയർന്നിട്ടുണ്ട്. എന്നാൽ കുടം തുറന്ന് ഒരു ഭൂതത്തെ പുറത്ത് വിട്ടതുപോലെയായി ഹേമ കമ്മിറ്റി റിപ്പോർട്ടെന്ന് പറയുകയാണ് മല്ലിക സുകുമാരൻ. തെറ്റ് ചെയ്യാത്തവരെ കൂടി സംശയത്തിന്റെ നിഴലിൽ കൊണ്ടുവരുന്ന അവസ്ഥ മാറണമെന്നും നടി മല്ലിക സുകുമാരൻ കഴിഞ്ഞ ദിവസം വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അതിജീവിതയെന്ന് നമ്മൾ വിളിക്കുന്ന ആ കുട്ടിക്ക് നീതി കിട്ടണമെന്നതാണ് തന്റെ ആഗ്രഹമെന്നും മല്ലിക പറയുന്നു. കുടം തുറന്ന് ഒരു ഭൂതത്തെ പുറത്ത് വിട്ടതുപോലെയായി ഹേമ കമ്മിറ്റി റിപ്പോർട്ട്. അന്വേഷിക്കുന്ന ഉദ്യോഗസ്ഥരോടാണ് എനിക്ക് ഏറ്റവും സഹതാപവും ബഹുമാനവും.

ഒരു സ്ത്രീ 20 കൊല്ലം മുമ്പ് ദുരനുഭവമുണ്ടായിയെന്ന് പറഞ്ഞാൽ അവർക്ക് അന്വേഷിക്കാതിരിക്കാൻ പറ്റില്ല. പക്ഷെ അന്ന് സംഭവിച്ചതിന് തെളിവുണ്ടോ. ഇടവഴിയിൽ കൂടി പോയപ്പോൾ ഒരാൾ നോക്കിയെന്ന് പറഞ്ഞാൽ അതിന് തെളിവുണ്ടാകുമോ.. പക്ഷെ ഉദ്യോഗസ്ഥർക്ക് കേസ് എടുക്കാതിരിക്കാനാവില്ല. മാത്രമല്ല ഇതിപ്പോൾ സർവത്ര കൺഫ്യൂഷനിൽ കിടക്കുകയാണ്. ജൂഡീഷ്യറിക്ക് ഒരു പരിധി വരെ എന്തെങ്കിലും ചെയ്യാൻ പറ്റുമെന്ന് തോന്നുന്നു.

പത്തും പതിനഞ്ചും വർഷം മുമ്പുള്ള കഥകൾ പുറത്ത് വരുമ്പോൾ ഇത് ആരാണ് ഈ കുട്ടി, എത് സിനിമയിലാണ് അഭിനയിച്ചത് എന്നൊക്കെ അന്വേഷിക്കേണ്ടി വരുന്നു. എനിക്ക് ഇവിടുത്തെ ജുഡീഷ്യറിയിൽ വിശ്വാസമുണ്ട്. തെറ്റ് ചെയ്യാത്തവരെ കൂടി സംശയത്തിന്റെ നിഴലിൽ കൊണ്ടുവരുന്ന അവസ്ഥ ഉണ്ടാകാതിരിക്കാൻ ജൂഡീഷ്യറി തന്നെ മുൻകൈ എടുക്കണം.

ഒരു കാര്യവുമില്ലാതെ ആരോപണം ഉന്നയിക്കുന്ന അവസ്ഥ വരരുത്. കാരണം ഒരു കുടുംബം തകർന്ന് പോകും. അത് തെറ്റാണ്. സ്ത്രീകൾ അത് ചിന്തിക്കണം. മോശം അനുഭവമുണ്ടായപ്പോൾ തന്നെ സ്ത്രീകൾ പുറത്ത് പറയണമായിരുന്നുവെന്ന അഭിപ്രായം എനിക്കുണ്ട്. ഏറ്റവും അടുത്ത കാലത്ത് ആരോപണ വിധേയനായത് നിവിനാണ്.

ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് അവന് ഒരു തെളിവ് ലഭിച്ചു. അതുകൊണ്ട് കാര്യങ്ങൾ വ്യക്തമാക്കാൻ നിവിന് പറ്റി. ഇരുപത് കൊല്ലം മുമ്പുള്ള കേസിന് എന്ത് ചെയ്യാൻ പറ്റും. അതുകൊണ്ട് തന്നെ മൊത്തത്തിൽ ഒരു കൺഫ്യൂഷനാണ്. ഒരു സംഘടനയും ഇവിടെ വന്നിട്ട് കാര്യമില്ല. ഞാനും അതിന് എതിരാണ്. അതിലും ഒന്നുകിൽ രാഷ്ട്രീയം കാണും അല്ലെങ്കിൽ മതം കാണും.

നിഷ്പക്ഷമായിരിക്കും എന്നൊക്കെ വെറുതെ പറയുന്നതാണ്. അങ്ങനെ നിൽക്കാൻ പറ്റില്ല. ഒരു സംഘടനയും വേണ്ട. സർക്കാർ തീരുമാനമെടുത്ത് ആവശ്യമില്ലാത്ത ഒളിച്ച് കളി ഒഴിവാക്കി കൃത്യമായി കാര്യങ്ങൾ പ്രോസിക്യൂട്ടറിനേയോ മറ്റും കൊണ്ട് മുന്നോട്ട് പോയാൽ മതി.

എനിക്ക് ഒരു ആഗ്രഹമേയുള്ളു. അതിജീവിതയെന്ന് നമ്മൾ വിളിക്കുന്ന ആ കുട്ടിക്ക് നീതി കിട്ടണം. അങ്ങനൊരു സംഭവം നടന്നുവെന്നത് സത്യമാണ്. പക്ഷെ ആര് ചെയ്തുവെന്നത് എനിക്ക് അറിയില്ല. ആ സംഭവത്തിൽ നിന്നാണല്ലോ ഇതെല്ലാം വന്നത്. പക്ഷെ അതിപ്പോഴും അവിടെ കിടക്കുന്നു. ആരോപണങ്ങൾ നിരവധി വന്നപ്പോൾ ജനത്തിന് മനസിലായി പലതും വെറും കഥകളാണെന്ന്. 2024ലെ ആദ്യത്തെ മാസങ്ങൾ മലയാള സിനിമയ്ക്ക് മികച്ചതായിരുന്നു.

ഒരുപാട് ചിത്രങ്ങൾ വലിയ വിജയം നേടി. എന്നാലിപ്പോൾ മലയാള സിനിമയ്ക്ക് ദൃഷ്ടി ദോഷം സംഭവിച്ചതുപോലെയായി. എല്ലാത്തിനും ക്ലാരിറ്റി വേണം. തെറ്റുകാരല്ലാത്തവരും കൂടി ഉൾപ്പെടരുത്. പെണ്ണുങ്ങളെ കുറ്റപ്പെടുത്തകയല്ല. സത്യസന്ധമായി തുറന്ന് കാര്യങ്ങൾ പറയണം. അല്ലെങ്കിൽ സർക്കാരിനെ കാര്യങ്ങൾ ബോധിപ്പിക്കണം. അമ്മയിലെ എല്ലാവർക്കും എന്നോട് സ്‌നേഹവും ബഹുമാനവുമാണെങ്കിലും കേറിയിരുന്ന് അഭിപ്രായം പറയാൻ എന്നെ അമ്മ വിളിക്കത്തില്ലെന്ന് എനിക്ക് ഉറപ്പാണ്.

ഞാനൊക്കെ കാര്യങ്ങൾ തുറന്ന് പറയും. അതിഷ്ടപ്പെടാത്ത ഒരു വലിയ വിഭാഗം അവിടെയുണ്ട്. പണ്ട് രാജുവിന് എതിരെ മുദ്രാവാക്യം വിളിച്ചവർ. അവർക്ക് എതിരെ ഇപ്പോൾ ജനം മുദ്രാവാക്യം വിളിക്കുന്നുണ്ട്. അതാണ് ബൂമറാങ്ങെന്ന് പറയുന്നത്. വിരോധം കൊണ്ട് പറയുന്നതല്ല. അന്ന് ഞാനും ഒരുപാട് വിഷമിച്ച് കരഞ്ഞതാണെന്നും മല്ലിക സുകുമാരൻ പറഞ്ഞു.

Tags:    

Similar News