'അവന് ഉണ്ണി എന്നല്ലാതെ മറ്റൊരു പേരിടാൻ പറ്റില്ല, അത്രയ്ക്ക് പാവമാണ്'; ആസിഫ് അലി പറയുന്നു

Update: 2025-01-13 12:00 GMT

മാര്‍ക്കോ സിനിമ വിജയകരമായി പ്രദർശനം തുടരുമ്പോൾ ഉണ്ണി മുകുന്ദൻ കേരളത്തിന് അകത്തും പുറത്തുമെല്ലാം പ്രമോഷനും അഭിമുഖങ്ങളും എല്ലാമായി തിരക്കിലാണ്. ഉണ്ണി മുകുന്ദനെ പോലെ തന്നെ കഠിനാധ്വാനത്തിലൂടെ കെട്ടി പൊക്കിയ സാമ്രാജ്യമാണ് നടൻ ആസിഫ് അലിയുടേയും. അവതാരകനായി കരിയർ ആരംഭിച്ച താരം തുടക്കത്തിൽ വില്ലൻ, സഹനടൻ റോളുകളാണ് ചെയ്തിരുന്നത്. അവിടെ നിന്ന് വർഷങ്ങളുടെ അധ്വാനത്തിലൂടെയാണ് മലയാളത്തിലെ താരമൂല്യമുള്ള മുൻനിര നടനായി ആസിഫ് അലി മാറിയത്.

2024 ഉണ്ണിക്ക് എന്നതുപോലെ ആസിഫിനും നല്ലൊരു വർഷമായിരുന്നു. തലവൻ തൊട്ട് ഇതുവരെ ആസിഫ് ചെയ്ത സിനിമകളെല്ലാം വൻ വിജയമായിരുന്നു. ആസിഫ് അലിയുടെ തിരിച്ച് വരവ് കണ്ട വർഷം എന്നാണ് 2024നെ ആരാധകർ വിശേഷിപ്പിച്ചത്. രേഖാചിത്രമാണ് ആസിഫ് അലിയുടെ ഏറ്റവും പുതിയ റിലീസ്. രണ്ട് ദിവസം മുമ്പാണ് രേഖാചിത്രം തിയേറ്ററുകളിലെത്തിയത്. സിനിമയുടെ പ്രമോഷൻ ചടങ്ങുകളിൽ എല്ലാം ആസിഫ് സജീവമായിരുന്നു. അത്തരത്തിൽ രേഖചിത്രത്തിന് വേണ്ടി നൽകിയ അഭിമുഖത്തിൽ നടൻ ഉണ്ണി മുകുന്ദനെ കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

മാർക്കോ സിനിമ കണ്ടിരുന്നുവോയെന്ന് ചോദിച്ചപ്പോഴാണ് ഉണ്ണിയുമായുള്ള സൗഹൃദത്തെ കുറിച്ച് റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ ആസിഫ് മനസ് തുറന്നത്. മല്ലു സിങ് ആണ് ഉണ്ണിക്കൊപ്പം ആസിഫ് ചെയ്ത ആദ്യ സിനിമ. മാർക്കോ കണ്ടിരുന്നു അതി​ഗംഭീരം. പ്രത്യേകിച്ച് ഉണ്ണിയുടെ സ്ക്രീൻ പ്രസൻസും സ്വാ​ഗും ഉണ്ണി ആ ക്യാരക്ടർ കാരി ചെയ്തിരിക്കുന്ന വിധവും എല്ലാം അതി​ഗംഭീരം. തിയേറ്ററിൽ സ്ക്രീനിൽ കാണുന്നത് ഉണ്ണിയെ മാത്രമാണ്.

ഐ ലവ് മി എന്ന സിനിമയിൽ അഭിനയിച്ച സമയത്താണ് ഞാൻ ഉണ്ണിക്കൊപ്പം ഏറ്റവും കൂടുതൽ സമയം ചെലവഴിച്ചത്. അന്ന് മുതൽ ഞാൻ പറയും ഇവന് ഉണ്ണി എന്നല്ലാതെ വേറൊരു പേരിടാൻ പറ്റില്ലെന്ന്. അത്രയ്ക്ക് പാവമാണ് ഉണ്ണി എന്നാണ് ആസിഫ് സൗഹൃദത്തെ കുറിച്ചും മാർക്കോ സിനിമയെ കുറിച്ചും പ്രതികരിച്ച് പറഞ്ഞത്.

Tags:    

Similar News