ഇനി പുറം ലോകം കാണുമോ എന്നു പോലും പേടിയായി, കരച്ചില്‍ അടക്കാന്‍ പറ്റിയില്ല; അന്ന് രക്ഷപ്പെടുത്തിയത് അമിതാഭ് ബച്ചന്‍; അശോകന്‍

Update: 2025-01-23 12:23 GMT

മലയാളികളുടെ പ്രിയനടനാണ് അശോകന്‍. നായകനായും വില്ലനായും സഹനടനായുമെല്ലാം അശോകന്‍ തിളങ്ങിയിട്ടുണ്ട്. ഇപ്പോഴിതാ പുതുതലമുറയ്‌ക്കൊപ്പവും കട്ടയ്ക്ക് നില്‍ക്കുന്നുണ്ട് അശോകന്‍. ഈയ്യടുത്ത് പേരില്ലൂര്‍ പ്രീമിയര്‍ ലീഗിലൂടെ ഒടിടി ലോകത്തും ശക്തമായ സാന്നിധ്യമറിയിച്ചിരിക്കുകയാണ് അശോകന്‍. ഒരിക്കല്‍ ഖത്തറില്‍ ഒരു ഷോയ്ക്ക് പോയപ്പോള്‍ ജയിലിലായ കഥ പണ്ടൊരിക്കല്‍ അശോകന്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അന്ന് സംഭവിച്ചത് എന്താണെന്ന് പറയുകയാണ് അശോകന്‍.

സംഭവം നടക്കുന്നത് 1988ലാണ്. പ്രണാമം എന്ന സിനിമയില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്ന കഥാപാത്രമായാണ് അശോകന്‍ അഭിനയിച്ചത്. അതിന്റെ പേപ്പര്‍ കട്ടിങ് ഉപയോഗിച്ച് അശോകന്‍ മയക്കുമരുന്നുമായി വരുന്നുവെന്ന് ആരോ പൊലീസിനെ ധരിപ്പിക്കുകയായിരുന്നു. മുറി പരിശോധിച്ച ശേഷം പൊലീസ് കൂടുതല്‍ അന്വേഷണത്തിനായി അശോകനെ ജയിലിലേക്ക് കൊണ്ടു പോയി. ഈ ജയിലില്‍ കഴിയേണ്ടി വന്നതിന്റെ ഓര്‍മ്മ വിവരിക്കുന്നുണ്ട് അശോകന്‍. ''ഒരു കുഞ്ഞ് സെല്‍. കൊടും ചൂട്. സഹതടവുകാര്‍ രണ്ട് പാക്കിസ്ഥാന്‍കാരാണ്. ഇനി പുറം ലോകം കാണുമോ എന്നു പോലും പേടിയായി. കരച്ചില്‍ അടക്കാന്‍ പറ്റിയില്ല. കുറച്ചു കഴിഞ്ഞു വരാന്തയില്‍ ആരോ മലയാളത്തില്‍ സംസാരിക്കുന്നത് കേട്ടു. ആ ശബ്ദം അടുത്തടുത്തു വരുന്നു. സമാധാനവും നാണക്കേടും ഒരുമിച്ചു വന്നു. അശോകന്‍ ഖത്തര്‍ ജയിലില്‍ കിടന്നെന്ന വാര്‍ത്ത പുറം ലോകം അറിഞ്ഞാല്‍...'' താരം പറയുന്നു.

അയാള്‍ കാണാതിരിക്കാന്‍ അശോകന്‍ മുഖം തിരിഞ്ഞിരുന്നു. പക്ഷെ മൂന്ന് നാല് തവണ അയാള്‍ വിളിച്ചതോടെ തിരിഞ്ഞു നോക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. ആളെ കണ്ടതും അയാള്‍ക്ക് മനസിലായി. അശോകന്‍ ചേട്ടനല്ലേ, എന്താണ് സംഭവിച്ചത്? എന്ന് അദ്ദേഹം താരത്തോട് ചോദിച്ചു. ഒറ്റപ്പാലത്തുകാരനായ അസീസ് എന്നയാളായിരുന്നു അത്. ജയിലില്‍ ഭക്ഷണം വിതരണുന്നതാണ് അസീസിന്റെ ജോലി. അയാളോട് കാര്യങ്ങള്‍. പിന്നീട് പൊലീസ് വന്നപ്പോള്‍ സൗഹൃദഭാവത്തില്‍ ചിരിച്ചത് അശോകന്‍ ഓര്‍ക്കുന്നുണ്ട്.

പിറ്റേദിവസം സ്‌പോണ്‍സര്‍ വന്ന് നടന്നതൊക്കെ വിശദമായി പറഞ്ഞു കൊടുക്കുകയും ചെയ്തു. താന്‍ സിനിമ സിനിമാ നടനാണെന്ന് പറയുകയും തെളിവായി പോസ്റ്ററുകള്‍ കാണിക്കുകയും ചെയ്തു. പക്ഷെ അവര്‍ക്ക് മലയാള സിനിമയെക്കുറിച്ചോ ഇവിടുത്തെ താരങ്ങളെക്കുറിച്ചോ ഒന്നും അറിയില്ല. ആകെ അറിയുന്ന ഇന്ത്യന്‍ നടന്‍ അമിതാഭ് ബച്ചനായിരുന്നു. ബച്ചന്റെ ഫ്രണ്ട് ആണോ എന്ന് അവര്‍ ചോദിച്ചപ്പോള്‍ ബച്ചനെ കണ്ട പരിചയം പോലുമില്ലെങ്കിലും അതെ തങ്ങള്‍ വളരെ അടുത്ത സുഹൃത്തുക്കളാണെന്ന് അശോകന്‍ പറഞ്ഞു.

അങ്ങനെ സത്യം മനസിലാക്കിയ പൊലീസുകാര്‍ അശോകനെ മോചിപ്പിക്കുകയായിരുന്നു. പൊലീസുകാര്‍ ക്ഷമ ചോദിക്കുകയും രണ്ട് ദിവസം തങ്ങളുടെ അതിഥിയായി താമസിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തുവെങ്കിലും താന്‍ ജീവനും കൊണ്ട് ഓടി രക്ഷപ്പെട്ടുവെന്നാണ് അശോകന്‍ പറയുന്നത്.

Tags:    

Similar News