'ഞാന്‍ വിദേശത്താണെന്നും മറ്റ് ജോലികള്‍ ചെയ്യുന്നുവെന്നും കഥ പരന്നു, അഭിനയമല്ലാതെ മറ്റൊരു ജോലിയും ചെയ്തിട്ടില്ല': ബോബന്‍ ആലുംമൂടന്‍

Update: 2025-01-21 09:35 GMT

മലയാളികള്‍ക്ക് സുപരിചിതനാണ് ബോബന്‍ ആലുംമൂടന്‍. പ്രായം നമ്മില്‍ മോഹം നല്‍കി എന്ന പാട്ടും അത് പാടിയഭിനയിക്കുന്ന സുന്ദരനായ ചെറുപ്പക്കാരനേയും മലയാളി ഒരിക്കലും മറക്കില്ല. ഇപ്പോഴിതാ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താന്‍ നിറം എന്ന സിനിമയിലേക്ക് എത്തിയതിനെക്കുറിച്ചും മറ്റും സംസാരിക്കുകയാണ് ബോബന്‍ ആലുംമൂടന്‍.

''നിര്‍മ്മാതാവ് രാധാകൃഷ്ണന്‍ ചേട്ടന്‍ വഴിയാണ് നിറത്തില്‍ അവസരം ലഭിച്ചത്. അദ്ദേഹം പറഞ്ഞതനുസരിച്ച് ചിത്രത്തിന്റെ പൂജയുടെ അന്ന് സംവിധായകന്‍ കമല്‍സാറിനെ ചെന്നു കണ്ടു. അദ്ദേഹത്തിന് എന്നെ ഇഷ്ടമായി. കഥ പറഞ്ഞു തന്നു. ശാലിനിയുമായുള്ള കോമ്പിനേഷന്‍ ആണ് ആദ്യം എടുത്തത്. അത് ഓക്കെ ആയതോടെ എന്റെ വേഷം ഉറച്ചു. നിറം നല്ല തുടക്കമായിരുന്നു. പക്ഷെ അതിന്റെ നേട്ടം പിന്നീട് സിനിമയില്‍ ലഭിച്ചില്ല.'' എന്നും അദ്ദേഹം പറയുന്നു.

പിന്നീട് കല്യാണരാമനും തൊമ്മനും മക്കളും പോലുള്ള സിനിമകളില്‍ അഭിനയിച്ചുവെങ്കിലും സമാന സ്വഭാവമുള്ള വേഷങ്ങളായിരുന്നു. ഞാനങ്ങനെ സിനിമയ്ക്ക് വേണ്ടി കാര്യമായി അവസരങ്ങള്‍ ചോദിക്കാറില്ലെന്നതാണ് മറ്റൊരു കാരണം. മാത്രമല്ല ഷൂട്ട് തീര്‍ന്നാല്‍ എത്രയും പെട്ടെന്ന് വീട്ടിലെത്തുന്നതാണ് എന്റെ രീതി. അമ്മച്ചി, ഭാര്യ, മക്കള്‍, സഹോദരങ്ങളൊക്കെ ചേരുന്ന കൊച്ചു ലോകമാണ് എന്റേത്. അതിലാണ് സന്തോഷം കണ്ടെത്തുന്നതെന്നും താരം പറയുന്നു. അതേസമയം സീരിയലുകളില്‍ സജീവ സാന്നിധ്യമായി തുടരുകയാണ് ബോബന്‍. ഇടയ്‌ക്കെപ്പോഴോ ഞാന്‍ വിദേശത്താണെന്നും മറ്റ് ജോലികള്‍ ചെയ്യുന്നുവെന്നും കഥ പരന്നു. പക്ഷെ അഭിനയമല്ലാതെ മറ്റൊരു ജോലിയും ഞാന്‍ ചെയ്തിട്ടില്ല. ഇനി ചെയ്യാനും താല്‍പര്യമില്ലെന്നും താരം പറയുന്നുണ്ട്.

ബോബന്റേയും ഭാര്യ ഷെല്ലിയുടെ വിവാഹകഥയും അഭിമുഖത്തില്‍ പങ്കുവെക്കുന്നുണ്ട്. ഷെല്ലിയാണ് വിവാഹത്തിന് പിന്നിലെ രസകരമായ കഥ പങ്കുവെക്കുന്നത്. ഷെല്ലിയുടെ ചേച്ചിയുടെ ഭര്‍ത്താവ് വഴിയാണ് വിവാഹാലോചന വന്നത്. പപ്പയ്ക്ക് ആദ്യം താല്‍പര്യം തോന്നിയെങ്കിലും പയ്യന്‍ സിനിമ നടനാണെന്നത് ചെറിയ ആശങ്കയായി. പക്ഷെ അനിയന്‍ ഷാന്‍ നിര്‍ബന്ധിച്ചു. അവന് സിനിമയോട് വലിയ താല്‍പര്യമാണ്. പറ്റിയാല്‍ ഈ പേരില്‍ ബോബച്ചനെ കണ്ട് ഓട്ടോഗ്രാഫ് മേടിക്കുകയായിരുന്നു അവന്റെ ലക്ഷ്യമെന്ന് ഷെല്ലി പറയുന്നു. പപ്പയും അനിയും കൂടെ ബോബച്ചന്റെ വീട്ടില്‍ ചെന്നു. സംസാരിക്കുന്നതിനിടെ ബോബച്ചന്‍ പോയി കാപ്പിയുണ്ടാക്കി എല്ലാവര്‍ക്കും കൊടുത്തു. അതില്‍ പപ്പ ഇംപ്രസ്ഡ് ആയി. വീട്ടിലെത്തിയ ഉടനെ തന്നെ വിളിച്ച് നല്ല പയ്യനാണ് എന്നു പറഞ്ഞുവെന്നാണ് ഷെല്ലി പറയുന്നത്.

''പിന്നീട് ഒരു ദിവസം ബോബച്ചന്‍ എന്നെ വിളിച്ചു. സ്ത്രീധനം വേണോ? എന്നായിരുന്നു എന്റെ ആദ്യ ചോദ്യം. പെണ്ണ് ജര്‍മനിയില്‍ ജോലിക്കാരിയാണെന്ന് അറിയുമ്പോള്‍ പലരും ലക്ഷങ്ങള്‍ സ്ത്രീധനം ചോദിക്കും. അത് കേള്‍ക്കുമ്പോഴേ ഞാന്‍ നോ പറയും. പക്ഷെ ബോബച്ചന്റെ മറുപടി ഒന്നും വേണ്ട എന്നായിരുന്നു. ആദ്യമായിട്ടാണ് ഒരാള്‍ അങ്ങനെ പറയുന്നത്. അതോടെ എനിക്കും സമ്മതം'' ഷെല്ലി പറയുന്നു.

Tags:    

Similar News