തെലുഗു സിനിമാ നിര്‍മാതാക്കളുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്

Update: 2025-01-21 11:31 GMT

തെലുഗു സിനിമയിലെ നിര്‍മാതാക്കളുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്. 'പുഷ്പ 2: ദി റൂള്‍' സിനിമയുടെ നിര്‍മാതാക്കളായ നവീന്‍ യെര്‍നേനി, യാലമഞ്ചിലി രവി ശങ്കര്‍, അടുത്തിടെ റിലീസായ 'ഗെയിംചെയ്ഞ്ചര്‍' സിനിമയുടെ നിര്‍മാതാവ് ദില്‍ രാജു എന്നിവരുടെ വീടുകളിലാണ് ചൊവ്വാഴ്ച റെയ്ഡ് നടന്നതെന്നാണ് റിപ്പോര്‍ട്ട്.

നിര്‍മാതാക്കളുടെ വീടുകളിലും ഓഫീസുകളിലും ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഓഫീസിലും ഉള്‍പ്പെടെ ഹൈദരാബാദിലെ എട്ട് കേന്ദ്രങ്ങളിലായിരുന്നു ആദായനികുതി വകുപ്പിന്റെ പരിശോധന. ദില്‍ രാജുവിന്റെ മകള്‍ ഹന്‍ഷിത റെഡ്ഡി, സഹോദരന്‍ സിരിഷ് എന്നിവരുടെ വീടുകളിലും ഓഫീസുകളിലും പരിശോധന നടന്നതായാണ് വിവരം. അതേസമയം, റെയ്ഡിന്റെ മറ്റുവിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

'ശ്രീവെങ്കടേശ്വര ക്രിയേഷന്‍സ്' ഉടമയും തെലുഗു സിനിമയിലെ പ്രമുഖ നിര്‍മാതാവുമാണ് ദില്‍ രാജു. അടുത്തിടെയാണ് തെലങ്കാന സര്‍ക്കാര്‍ ഇദ്ദേഹത്തെ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി നിയമിച്ചത്. ദില്‍ രാജു നിര്‍മിച്ച രണ്ട് സിനിമകളാണ് അടുത്തിടെ പുറത്തിറങ്ങിയത്. രാംചരണ്‍, കിയാര അദാനി തുടങ്ങിയവര്‍ അഭിനയിച്ച ദില്‍ രാജു നിര്‍മിച്ച 'ഗെയിം ചെയ്ഞ്ചര്‍' ഇന്ത്യയില്‍നിന്ന് മാത്രം ഇതുവരെ 125.4 കോടി രൂപയുടെ കളക്ഷന്‍ നേടിയിരുന്നു. 179.55 കോടി രൂപയാണ് ചിത്രത്തിന്റെ ആഗോള കളക്ഷന്‍. ജനുവരി 14-ന് റിലീസ് ചെയ്ത ദില്‍രാജുവിന്റെ മറ്റൊരു ചിത്രമായ 'സംക്രാന്തികി വസ്തുനം' ഇതുവരെ ഇന്ത്യയില്‍നിന്ന് മാത്രം 122.78 കോടി രൂപയുടെ കളക്ഷന്‍ നേടിയെന്നാണ് റിപ്പോര്‍ട്ട്.

Tags:    

Similar News