പ്രതിസന്ധികളോട് പടവെട്ടിയാണ് നടന്‍ താരമായി മാറുന്നത്: പൃഥ്വിരാജ്

Update: 2023-04-28 15:15 GMT

നടന്‍ എന്ന നിലയില്‍ താന്‍ ഭാഗ്യവാനാണെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ്. തുടക്കത്തില്‍തന്നെ പേരെടുത്ത സംവിധായകരുടെ സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. പടങ്ങള്‍ പരാജയപ്പെട്ടപ്പോഴും വലിയ എഴുത്തുകാരും സംവിധായകരും വീണ്ടും തേടിവന്നു. ഇന്ന് എനിക്ക് എന്റേതായൊരു സ്ഥാനമുണ്ട്. എനിക്കിഷ്ടപ്പെട്ട സിനിമ എനിക്കിഷ്ടപ്പെട്ട രീതിയില്‍ ചെയ്യാന്‍ ഞാന്‍ വിചാരിച്ചാല്‍ മതി. ഒരു പുതുമുഖ സംവിധായകനുമായി ചേരുമ്പോള്‍ പോലും അയാള്‍ മനസില്‍ കാണുന്ന കാര്യങ്ങള്‍ ഒരുക്കികൊടുക്കാന്‍ എനിക്കു കഴിയും. ഇപ്പോള്‍ നില്‍ക്കുന്ന രീതിയില്‍ മുന്നോട്ടുപോയാല്‍ മതി.

ഒരു സിനിമ ഓടാതെ പോകുമ്പോഴും വലിയ വിജയമാകുമ്പോഴും അതിന് ഒരുപാടു കാരണങ്ങളുണ്ടാകാം. ചില നിഗമനങ്ങളില്‍ ഞാന്‍ എത്താറുണ്ട്. എന്നാല്‍, എന്റെ നിഗമനങ്ങള്‍ മാത്രമാണു ശരി എന്നു പറയാന്‍ പറ്റില്ല. ചില സിനിമകള്‍ ഇഷ്ടപ്പെട്ട രീതിയില്‍ എടുക്കാന്‍ കഴിയാതെ വരും. ചിലതു നമുക്കിഷ്ടപ്പെട്ട രീതിയില്‍ എടുത്താലും പ്രേക്ഷകര്‍ സ്വീകരിക്കണമെന്നില്ല.

സിനിമയുടെ ജയപരാജയ സാധ്യതകള്‍ ആര്‍ക്കും കൃത്യമായി പറയാനാകില്ല. വിജയത്തോടും പരാജയത്തോടും നിശ്ചിത അകലം പാലിക്കുന്നതാണു നല്ലത് അല്ലെങ്കില്‍ അടുത്ത സിനിമയെ അതു കാര്യമായി ബാധിക്കും. ഒരാള്‍ എന്നോടു കഥ പറയാന്‍ എത്തുമ്പോള്‍ ഞാന്‍ ആ കഥയുടെ ഭാഗമല്ല എന്നു കരുതിയാണു കേള്‍ക്കുക. മറ്റാരോ അഭിനയിക്കാന്‍ പോകുന്ന ഒരു സിനിമയുടെ കഥ ഞാന്‍ കേള്‍ക്കുന്നു അതായിരിക്കും എന്റെ മനസിലെ ചിന്ത. കേട്ടു കൊണ്ടിരിക്കുന്ന കഥ എന്നെ സ്വാധീനിക്കുന്നുണ്ടെങ്കില്‍ ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ എനിക്കത് ഇഷ്ടപ്പെടുമെങ്കില്‍ മാത്രമെ മുന്നോട്ടുപോകാറുള്ളൂവെന്നും താരം പറഞ്ഞു.

Similar News